സമാധാന നൊബേൽ എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്
text_fieldsസ്റ്റോക്ഹോം: 2019ലെ സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം എത്യോപ്യൻ പ്രധാനമന്ത്രി അബി അഹമ്മദ് അലിക്ക്. എറിത്രിയയുമായി 20 വർഷമായി തുടർന്നുവന്ന യുദ്ധം അവസാനിപ്പിക്കാൻ മുൻകൈയെടുത്തതിനാണ് അബി അഹമ്മദ് പുരസ്കാരാർഹനായത്. എറിത്രിയയുമായുള്ള ശത്രുത അവസാനിപ്പിക്കുന്നതിലും അന്താരാഷ്ട്ര സഹകരണം ഉറപ്പാക്കുന്നതിലും സമാധാനം പുനസ്ഥാപിക്കുന്നതിലും അബി അഹമ്മദ് അലി നിർണായക പങ്ക് വഹിച്ചെന്ന് പുരസ്കാര നിർണയ സമിതി വിലയിരുത്തി.
അയൽരാജ്യമായ എറിത്രിയയുമായി വർഷങ്ങൾ നീണ്ട സംഘർഷത്തിനാണ് 43കാരനായ അബി അഹമ്മദ് അലിയുടെ ഇടപെടലുകളിലൂടെ അവസാനമായത്. 2018 ജൂലൈയിലാണ് എറിത്രിയൻ പ്രസിഡന്‍റ് ഇസയാസ് അഫ് വെർക്കിയും അബി അഹമ്മദ് അലിയും സമാധാന കരാറിൽ ഒപ്പുവെച്ചത്.
തൊണ്ണൂറുകളുടെ ആദ്യത്തിലാണ് എത്യോപ്യയിൽ നിന്ന് എറിത്രിയ സ്വാതന്ത്ര്യം നേടിയത്. എന്നാൽ, അതിർത്തി തർക്കത്തിന്‍റെ പേരിൽ ഇരു രാജ്യങ്ങൾക്കുമിടയിൽ തർക്കം ഉടലെടുക്കുകയായിരുന്നു. 1998 മുതൽ 2000 വരെ തുടർന്ന നേർക്കുനേർ യുദ്ധത്തിൽ 80,000ൽ അധികം പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
ശത്രുത അവസാനിപ്പിക്കുന്നതിന്‍റെ ഭാഗമായി ഇരുരാഷ്ട്രങ്ങളും തങ്ങളുടെ കരാതിർത്തികൾ തുറക്കുകയും ഉഭയകക്ഷി വ്യാപാരത്തിന് നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു.