നൈലിലെ അണക്കെട്ടിൽ ഇത്യോപ്യ വെള്ളം നിറയ്ക്കൽ തുടങ്ങി
text_fieldsആഡിസ് അബബ: നൈൽ നദിയിൽ ഇത്യോപ്യ നിർമിച്ച ആഫ്രിക്കയിലെ ഏറ്റവും വലിയ അണക്കെട്ടായ ‘ഗ്രാൻറ് റിനൈസൻസി’ൽ വെള്ളം നിറക്കാൻ തുടങ്ങി. അണക്കെട്ടിൽ വെള്ളം നിറക്കുന്നത് സംബന്ധിച്ച് ഈജിപ്തും സുഡാനും വർഷങ്ങളായി നിലനിൽക്കുന്ന തർക്കം പരിഹരിക്കാൻ സാധിക്കാത്തതിനെ തുടർന്നാണ് ഇത്യോപ്യ സ്വന്തം നിലക്ക് അണക്കെട്ട് പ്രവർത്തനം ആരംഭിച്ചത്. ഇത് മൂന്ന് രാജ്യങ്ങൾക്കിടയിലും സംഘർഷാവസ്ഥക്ക് കാരണമായിട്ടുണ്ട്.
ആഫ്രിക്കയിലെ ഏറ്റവും വലിയ വൈദ്യുതി കയറ്റുമതി രാജ്യമാകാനും ൈനൽ നദിയിൽ നിർമിച്ച ജലവൈദ്യുത പദ്ധതിയിലൂടെ ഇത്യോപ്യക്ക് സാധിക്കും. ജൂലൈയിൽ മഴക്കാലം കണക്കിലെടുത്ത് വെള്ളം നിറക്കൽ തുടങ്ങുമെന്ന് ഇത്യോപ്യ നേരത്തേ പ്രഖ്യാപിച്ചിരുന്നു. നൈലിലെ അണക്കെട്ട് നിലനിൽപിന് തന്നെ ഭീഷണിയാണെന്നാണ് ഈജിപ്തിെൻറ വാദം. രാജ്യത്തെ ജലവിതരണത്തിെൻറ 90 ശതമാനം നൈലിനെ ആശ്രയിച്ചാണ്.
കുറഞ്ഞ നിരക്കിൽ വൈദ്യുതി വേണമെന്നാണ് സുഡാെൻറ ആവശ്യം. ഐക്യരാഷ്ട്രസഭയും ആഫ്രിക്കൻ യൂനിയനും പലതവണ ഇടപെട്ടെങ്കിലും മൂന്നു രാജ്യങ്ങൾക്കുമിടയിൽ സമവായത്തിലെത്താൻ സാധിച്ചിരുന്നില്ല. ഇതിനിടെ, ഇത്യോപ്യ വെള്ളം നിറക്കൽ ആരംഭിച്ചത് കൂടുതൽ പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് സൂചന.