You are here
ലിബിയൻ ജയിലിനടുത്ത് സംഘർഷം; 400 തടവുകാർ രക്ഷപ്പെട്ടു
ട്രിപ്പോളി: ലിബിയൻ ജയിലിനു സമീപത്തുണ്ടായ സംഘർഷത്തിനിടെ 400 തടവുകാർ രക്ഷപ്പെട്ടു. ലിബിയൻ തലസ്ഥാനമായ ട്രിപ്പോളിയുടെ തെക്കൻ പ്രാന്തപ്രദേശത്തെ ജയിലിനു സമീപമായിരുന്നു സംഘർഷമുണ്ടായത്. െഎൻ സാര ജയിലിനു സമീപത്ത് വിമതരുമായുണ്ടായ ഏറ്റുമുട്ടലിനിടെയാണ് തടവുകാർ രക്ഷപ്പെട്ടത്.
സ്വജീവനിൽ ഭയന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇവരെ തടഞ്ഞില്ലെന്നും അധികൃതർ ആരോപിച്ചു. എന്നാൽ എന്തു കുറ്റത്തിന് തടവിൽ കഴിയുന്നവരാണ് രക്ഷപ്പെട്ടതെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല. മുൻ ഏകാധിപതി ഗദ്ദാഫിയുടെ പിന്തുണക്കാരാണ് രക്ഷപ്പെട്ടവരിൽ ഏറെയും. ട്രിപ്പോളി നഗരപരിധിയിലുണ്ടായ ഏറ്റുമുട്ടലിനെ തുടർന്ന് പ്രദേശത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്.
ലിബിയൻ തലസ്ഥാനത്തുണ്ടായ മറ്റൊരു സംഭവത്തിൽ രണ്ടു പേർകൊല്ലപ്പെട്ടു. തലസ്ഥാനത്തെ അഭയാർഥി ക്യാമ്പിലുണ്ടായ റോക്കറ്റ്ആക്രമണത്തിലാണ് രണ്ടു പേർ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.