ദക്ഷിണ സുഡാനിൽ സൈനികർക്ക് ശമ്പളത്തിന് പകരം ബലാൽസംഗം ചെയ്യാനനുമതി
text_fieldsജനീവ: ദക്ഷിണ സുഡാനിൽ സൈന്യത്തിന് ശമ്പളത്തിന് പകരം സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ അനുമതി നൽകുന്നതായി ഐക്യരാഷ്ട്രസഭ റിപ്പോർട്ട്. 2013ലെ ആഭ്യന്തര യുദ്ധത്തിൽ സൈനികർ ഇത്തരത്തിൽ നിരവധി സ്ത്രീകളെ ബലാൽസംഗം ചെയ്തതായും റിപ്പോർട്ടിൽ പറയുന്നു. മനുഷ്യാവകാശ ലംഘനങ്ങൾ കൈകാര്യം ചെയ്യുന്ന യു.എൻ ഹൈകമീഷണർ ആണ് വെള്ളിയാഴ്ച റിപ്പോർട്ട് പുറത്തിറക്കിയത്.
2013ല്‍ വൈസ് പ്രസിഡന്‍റ് റെയ്ക്ക് മാച്ചറിനെ പുറത്താക്കിയതിനെ തുടര്‍ന്ന് ആരംഭിച്ച ആഭ്യന്തര കലാപത്തിനിടയിൽ നിരവധി മനുഷാവകാശ ലംഘനങ്ങളും കൈയ്യേറ്റങ്ങളും ക്രൂരതകളും അരങ്ങേറിയതായി റിപ്പോർട്ടിലുണ്ട്. ഇവക്കെല്ലാം സർക്കാരിന്‍റെ ഒത്താശ ഉണ്ടായിരുന്നതായും യു.എൻ കുറ്റപ്പെടുത്തുന്നു. ജീവനോടെ ചുട്ടുകരിക്കുക, ഷിപ്പിങ് കണ്ടെയ്നറുകളിൽ ശ്വാസം മുട്ടിച്ചുകൊല്ലുക, വെടിവെച്ചുകൊല്ലുക, കഷ്ണങ്ങളായി നുറുക്കുക, മരങ്ങളിൽ തൂക്കിയിടുക തുടങ്ങി അതിനീചമായ രീതിയിലാണ് കൊലപാതകങ്ങൾ അരങ്ങേറുന്നത്. വിമതരെ സഹായിച്ചുവെന്നാരോപിച്ചാണ് സൈന്യം പാവപ്പെട്ടവരെ ഇത്തരത്തിലുള്ള പീഡനങ്ങൾക്ക് വിധേയരാക്കുന്നതെന്നും റിപ്പോർട്ടിലുണ്ട്.

കുട്ടികളുടെ മുമ്പിൽ വെച്ച് ബലാൽസംഗം ചെയ്യപ്പെട്ട നിരവധി അമ്മമാരുണ്ടിവിടെ. വൃദ്ധകൾ പോലും പലപ്പോഴും കൂട്ടബലാൽസംഗത്തിന് ഇരകളാകാറുണ്ട്. പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയും, മക്കളുടെ മുൻപിൽ അമ്മമാരെയും ക്രൂരമായി ബലാൽസംഗം ചെയ്യുക, എതിർക്കുന്നവരെ കൊന്നു തള്ളുക തുടങ്ങിയവ സൈന്യത്തിന്റെ നിസാര വിനോദങ്ങളാണെന്നും യുഎൻ റിപ്പോർട്ട് വ്യക്തമാക്കുന്നു. തന്നെ മരത്തിൽ കെട്ടിയിട്ട് ശേഷം കൺമുന്നിൽ വെച്ചാണ് 15 വയസായ മകളെ 10 സൈനികർ ചേർന്ന് ക്രൂരമായി ബലാൽസംഗം ചെയ്തതെന്ന് ഒരു അമ്മ പറയുന്നു.
സൈനിക താവളങ്ങളിൽ ഇത്തരത്തിൽ നിരവധി സ്ത്രീകൾ പട്ടാളക്കാരുടെ ലൈംഗിക അടിമകളാണ്. കഴിഞ്ഞ വർഷം മാത്രം 1300 ഓളം സ്ത്രീകൾ ബലാൽസംഗം ചെയ്യപ്പെട്ടതായാണ് പുറത്തു വരുന്ന കണക്കുകൾ.
'രാജ്യത്തിനായി നിങ്ങൾക്കു കഴിയുന്നതു ചെയ്യൂ, രാജ്യത്തു നിന്ന് നിങ്ങള്‍ക്കാവശ്യമുള്ളതു സ്വീകരിക്കൂ' എന്നാണ് സൈന്യത്തിന് സർക്കാർ നൽകിയിരിക്കുന്ന നിർദേശം. ഈ ഉടമ്പടിയാണ് രാജ്യത്തെ സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ സൈന്യത്തിനു മൗനാനുവാദം നൽകുന്നത്. കാലിമോഷണവും കൊള്ളയും ബലാൽസംഗവും സ്ത്രീകളെയും പെൺകുട്ടികളെയും തട്ടിക്കൊണ്ടുപോകുന്നതും പതിവാക്കിയ യുവാക്കൾ ഇതെല്ലാം അവർക്ക് നൽകപ്പെടുന്ന വേതനമായി കാണുന്ന അവസ്ഥയാണ് ഇവിടെയുള്ളത്.

ദക്ഷിണ സുഡാനെതിരെ ശക്തമായ നടപടി വേണമെന്നും ആയുധ ഉപരോധമടക്കം ഏർപ്പെടുത്തണമെന്നും കുറ്റക്കാരായവരെ പ്രോസിക്യൂട്ട് ചെയ്യണമെന്നും യു.എൻ ആവശ്യപ്പെട്ടു. എന്നാൽ രാജ്യത്തു ഭരണമാറ്റത്തിനു ശ്രമിക്കുന്നവർ കെട്ടിച്ചമച്ച കഥയാണ് യു.എൻ റിപ്പോർട്ടിനു പിന്നിലെന്നാണ് സർക്കാരിന്‍റെ പക്ഷം. റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ ദക്ഷിണ സുഡാന്‍ സര്‍ക്കാര്‍ ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നും പ്രതികരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
