സൊമാലിയയിലെ ഹോട്ടലില്‍ ഭീകരാക്രമണം; 15 മരണം
text_fieldsമൊഗാദിഷു: സൊമാലിയ തലസ്ഥാനമായ മൊഗാദിഷുവിലെ ഹോട്ടലിലുണ്ടായ ഭീകരാക്രമണത്തില്‍ അക്രമികളടക്കം 15 പേര്‍ കൊല്ലപ്പെട്ടു. 20 ലേറെ പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് മൊഗാദിഷുവിലെ നാസ ഹബോള്‍ഡ് ഹോട്ടലില്‍ ആക്രമണമുണ്ടായത്.
ഹോട്ടല്‍ ഗേറ്റിനു മുമ്പില്‍ സ്ഫോടക വസ്തുക്കള്‍ ഒളിപ്പിച്ച വാഹനവുമായത്തെി ചാവേറാക്രമണം നടത്തിയ ശേഷം അകത്തുകടന്ന ഭീകരര്‍ ജീവനക്കാര്‍ക്കും താമസക്കാര്‍ക്കും നേരെ വെടിവെപ്പ് നടത്തി.ഹോട്ടലിലുള്ളവരെ ഭീകരര്‍ ബന്ദികളാക്കിയിരുന്നു. സുരക്ഷാസൈന്യം ഏറ്റുമുട്ടലിലൂടെ ഭീകരരെ കൊലപ്പെടുത്തുകയും ബന്ദികളെ മോചിപ്പിക്കുകയും ചെയ്തു. ആക്രമണത്തിന്‍്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ അല്‍ ശബാബ് ഏറ്റെടുത്തിട്ടുണ്ട്.
ജൂണ്‍ ഒന്നിന് മൊഗാദിഷുവിലെ ഹോട്ടല്‍ അംബാസഡറില്‍ അല്‍ ശബാബ് നടത്തിയ ആക്രമണത്തില്‍ 15 പേര്‍ കൊല്ലപ്പെടുകയും 55 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
