Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മാലിയില്‍ ഭീകരാക്രമണം : 27 മരണം; 20 ഇന്ത്യക്കാരുള്‍പ്പെടെ 143 ബന്ദികളെയും മോചിപ്പിച്ചു

text_fields
bookmark_border
മാലിയില്‍ ഭീകരാക്രമണം : 27 മരണം; 20 ഇന്ത്യക്കാരുള്‍പ്പെടെ 143 ബന്ദികളെയും മോചിപ്പിച്ചു
cancel

ബമാകോ: പാരിസ് ആക്രമണത്തിന്‍െറ നടുക്കം മാറുംമുമ്പ് പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ മാലിയില്‍നിന്ന് വീണ്ടും വെടിയൊച്ച മുഴങ്ങി. തലസ്ഥാന നഗരിയായ ബമാകോയിലെ പ്രമുഖ ഹോട്ടലില്‍ അതിക്രമിച്ചു കയറിയ ഭീകരര്‍ ഇന്ത്യക്കാരടക്കം 170 പേരെ ബന്ദികളാക്കി. ഇവരില്‍ 27 പേര്‍ കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ഒമ്പതുമണിക്കൂര്‍ നീണ്ട സുരക്ഷാനടപടിയില്‍ 20 ഇന്ത്യക്കാരടക്കം 143 ബന്ദികളെയും രക്ഷപ്പെടുത്തിയതായി മാലി സുരക്ഷാമന്ത്രി അറിയിച്ചു. രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടു. നാല് തോക്കുധാരികള്‍ കൂടി ഹോട്ടല്‍ മുറിയിലുണ്ടെന്നും ഇവര്‍ക്കൊപ്പം ബന്ദികള്‍ ആരുമില്ളെന്നും സുരക്ഷാഅധികൃതര്‍ പറഞ്ഞു.

ബമാകോയിലെ ആഡംബര ഹോട്ടലായ റാഡിസണ്‍ ബ്ളൂവില്‍ പ്രാദേശിക സമയം രാവിലെ ഏഴിനായിരുന്നു സംഭവം. നയതന്ത്ര പ്രതിനിധികള്‍ എന്ന ബോര്‍ഡ് വെച്ച കാറില്‍ ഹോട്ടല്‍ വളപ്പിലത്തെിയ തോക്കുധാരികളായ ആക്രമിസംഘം ഹോട്ടലിനുള്ളില്‍ കടന്ന് 140 അതിഥികളെയും 30 ജീവനക്കാരെയും ബന്ദികളാക്കുകയായിരുന്നു. 10 പേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയതെന്ന് രക്ഷപ്പെട്ടവര്‍ പറഞ്ഞു. ഇവര്‍ അതിഥികളുടെ മുറികളില്‍ കയറി വെടിയുതിര്‍ക്കുകയും ഗ്രനേഡ് പ്രയോഗിക്കുകയുമായിരുന്നു.
ദുബൈ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന വ്യവസായ ഗ്രൂപ്പിലെ ഉദ്യോഗസ്ഥരാണ് ഇന്ത്യക്കാരുടെ സംഘം. മാലിയിലുള്ള യു.എന്‍ സമാധാന സേനയും മാലി കമാന്‍ഡോകളും പടിഞ്ഞാറന്‍ ആഫ്രിക്കയിലെ ഭീകരവാദികള്‍ക്കെതിരെ ഓപറേഷന്‍ നടത്തുന്ന ഫ്രഞ്ച് സൈനികരും സംയുക്തമായാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.

ഹോട്ടലിന്‍െറ ഏഴാം നിലയിലാണ് ആക്രമണം നടന്നത്. ആക്രമികള്‍ ‘അല്ലാഹു അക്ബര്‍’ എന്ന് വിളിച്ചുപറഞ്ഞതായും ബന്ദികളില്‍ ഖുര്‍ആന്‍ പാരായണം ചെയ്യാനറിയുന്നവരെ മോചിപ്പിച്ചതായും ദൃക്സാക്ഷികളെ ഉദ്ധരിച്ച് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു.
അല്‍ ഖാഇദയുമായി ബന്ധമുള്ള അല്‍ജീരിയ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അല്‍ മുറബ്ബിത്തൂന്‍ എന്ന തീവ്രവാദി സംഘടന സംഭവത്തിന്‍െറ ഉത്തരവാദിത്തമേറ്റെടുത്തിട്ടുണ്ട്. ഏഴ് ചൈനക്കാര്‍ ബന്ദികളിലുണ്ടെന്ന് സിന്‍ഹുവ വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. തുര്‍ക്കി എയര്‍ലൈന്‍സിലെ ജീവനക്കാരും ബന്ദികളിലുണ്ട്.

വെടിയേറ്റ് നിലത്തുകിടക്കുന്ന ഒരു വെള്ളക്കാരന്‍െറ മൃതശരീരം കണ്ടതായി രക്ഷപ്പെട്ട തുര്‍ക്കി എയര്‍ലൈന്‍സിലെ  ജീവനക്കാരി പറഞ്ഞു. മൂന്ന് സുരക്ഷാ ഭടന്മാര്‍ക്കും വെടിയേറ്റു. ഇവരില്‍ ഒരാളുടെ നില ഗുരുതരമാണ്.


സഹേല്‍ മേഖലയിലെ നേതാക്കന്മാരുടെ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ഛാഡിലായിരുന്ന പ്രസിഡന്‍റ് ഇബ്രാഹിം ബൗബാക്കര്‍ കെയ്ത പരിപാടി റദ്ദാക്കി തിരിച്ചത്തെിയിട്ടുണ്ട്. മാലിയിലുള്ള പൗരന്മാരോട് ജാഗ്രതപാലിക്കാനും സുരക്ഷിതരായിരിക്കാനും അമേരിക്കയും ഫ്രാന്‍സും മുന്നറിയിപ്പ് നല്‍കി. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാങ്സ്വാ ഓലന്‍ഡ് പറഞ്ഞു.
ആഗസ്റ്റില്‍ മാലിയിലെ സെവരെ നഗരത്തിലെ ഹോട്ടലില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ അഞ്ച് യു.എന്‍ തൊഴിലാളികളടക്കം 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
രാജ്യത്തിന്‍െറ വടക്കന്‍ പ്രവിശ്യയുടെ നിയന്ത്രണം അല്‍ഖാഇദ ബന്ധമുള്ള തീവ്രവാദികളുടെ കൈകളിലാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story