പത്ത് വയസുകാരന്‍റെ ടി-ഷർട്ടിൽ പാമ്പിന്‍റെ ചിത്രം; വിമാനത്തിൽ കയറ്റില്ലെന്ന് അധികൃതർ
text_fieldsജൊഹന്നാസ്ബർഗ്: പാമ്പിന്‍റെ ചിത്രമുള്ള ടി-ഷർട്ട് ധരിച്ചത് ഇത്രവലിയ പുലിവാലാകുമെന്ന് സ്റ്റീവ് ലൂക്കാസ് എന്ന പത്ത് വയസുകാരൻ കരുതിയിട്ടുണ്ടാവില്ല. പാമ്പിന്‍റെ ചിത്രവുമായി വിമാനത്തിൽ കയറാൻ പറ്റില്ലെന്ന് സുരക്ഷാ ജീവനക്കാർ പറഞ്ഞതോടെ ടി-ഷർട്ട് പുറംതിരിച്ച് ഇടേണ്ടിവന്നു സ്റ്റീവിന്. ദക്ഷിണാഫ്രിക്കൻ നഗരമായ ജൊഹന്നാസ്ബർഗിലെ ഒ.ആർ. ടാമ്പോ വിമാനത്താവളത്തിലാണ് സംഭവം.
ന്യൂസിലാൻഡിലെ വെല്ലിങ്ടണിൽ നിന്ന് മുത്തശ്ശനെ കാണാൻ രക്ഷിതാക്കളോടൊപ്പം ദക്ഷിണാഫ്രിക്കയിൽ എത്തിയതായിരുന്നു സ്റ്റീവ്. ജോർജ് ടൗണിലേക്ക് പോകാനായാണ് വിമാനത്താവളത്തിലെത്തിയത്. എന്നാൽ, സ്റ്റീവിന്‍റെ ടി-ഷർട്ടിലെ പച്ച പാമ്പിനെ കണ്ട് സുരക്ഷാ ജീവനക്കാർ തടയുകയായിരുന്നു.
പാമ്പിന്‍റെ ചിത്രമായതിനാൽ മറ്റ് യാത്രക്കാർ ഭയപ്പെടുമെന്നും അതിനാൽ ടി-ഷർട്ട് മാറ്റി വേണം യാത്രചെയ്യാനെന്നും സെക്യൂരിറ്റി ഓഫിസർ നിർദേശിച്ചു. മറ്റ് മാർഗമില്ലാതായതോടെ ടി-ഷർട്ട് പുറംതിരിച്ച് ധരിച്ചാണ് സ്റ്റീവ് വിമാനത്തിൽ കയറിയത്.
സംഭവത്തെ സുരക്ഷാ ജീവനക്കാർ ന്യായീകരിക്കുകയും ചെയ്തു. വിമാന ജീവനക്കാർക്കും യാത്രക്കാർക്കും ഭയമുണ്ടാക്കുന്ന വസ്തുക്കൾ തടയാൻ അധികാരമുണ്ടെന്നായിരുന്നു സെക്യൂരിറ്റി ഓഫിസറുടെ മറുപടി.
പിന്നീട്, സ്റ്റീവിന്‍റെ രക്ഷിതാക്കൾ വിമാന കമ്പനിക്ക് പരാതി നൽകി. സംഭവം അന്വേഷിക്കാമെന്നും ഡ്രസ് കോഡിനെ കുറിച്ച് വ്യക്തത വരുത്തുമെന്നുമാണ് വിമാന കമ്പനി അറിയിച്ചത്.