പാകിസ്താൻ 1200 തവണ അതിർത്തി ലംഘിച്ച് ആക്രമണം നടത്തിയെന്ന് അഫ്ഗാനിസ്താൻ
text_fieldsന്യൂഡൽഹി: കഴിഞ്ഞ നാല് വർഷത്തിനിടെ പാകിസ്താൻ സൈന്യം അഫ്ഗാനിസ്താന്റെ അതിർത്തിയിൽ 1,200 തവണയും വ്യോമാതിർത്തിയിൽ 710 തവണയും അതിക്രമം നടത്തിയതായി അഫ്ഗാൻ വൃത്തങ്ങൾ ശനിയാഴ്ച അവകാശപ്പെട്ടു. ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി സംഘർഷങ്ങൾ ബന്ധത്തെ കൂടുതൽ വഷളാക്കി. കാബൂളിൽ പാകിസ്‍താൻ നടത്തിയ വ്യോമാക്രമണത്തിന് ശേഷം കഴിഞ്ഞയാഴ്ച സൈനിക ഏറ്റുമുട്ടലുകൾ ആരംഭിക്കുകയായിരുന്നു.
ഒക്ടോബർ 11 ന് ഡ്യൂറണ്ട് രേഖയിലെ പാകിസ്താൻ സൈനിക പോസ്റ്റുകൾക്കുനേരെ പ്രതികാരമെന്ന നിലയിൽ സൈനിക നടപടി ആരംഭിച്ചത്. അഫ്ഗാനിസ്താൻ അന്താരാഷ്ട്ര നിയമത്തിൽ പറഞ്ഞിട്ടുള്ള സ്വയം പ്രതിരോധത്തിനുള്ള അവകാശമാണ് പ്രയോഗിച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു. കഴിഞ്ഞ നാല് വർഷത്തിനിടെ പാകിസ്താൻ നടത്തിയ നടപടികളുടെ വിശദാംശങ്ങൾ പങ്കുവെക്കുകയായിരുന്നു അഫ്ഗാൻ വൃത്തങ്ങൾ. പാകിസ്താൻ അതിർത്തി രക്ഷാസേന 1,200 ലധികം തവണ അതിർത്തി ലംഘിക്കുകയും മോർട്ടാർ പ്രയോഗിക്കുകയും ചെയ്തുവെന്ന് വൃത്തങ്ങൾ പറഞ്ഞു.
2024 ന്റെ തുടക്കം മുതൽ, ആക്രമണങ്ങളിൽ 102 സാധാരണക്കാരും അഫ്ഗാൻ അതിർത്തി രക്ഷാസൈനികരും കൊല്ലപ്പെടുകയും 139 പേർക്ക് പരിക്കേൽക്കുകയും ചെയ്തുവെന്ന് വൃത്തങ്ങൾ പറഞ്ഞു.പാക് വ്യോമസേന 712 ലധികം തവണ അതിർത്തി കടന്ന് വ്യോമാക്രമണം നടത്തിയതായും അദ്ദേഹം പറഞ്ഞു, ഇതിൽ നൂറിസ്താൻ, കുനാർ, നൻഗർഹാർ, ഖോസ്ത്, പക്തിക പ്രവിശ്യകളിൽ 16 വ്യോമ, ഡ്രോൺ ബോംബാക്രമണ സംഭവങ്ങളും 114 പാകിസ്താൻ ഗോത്ര അഭയാർഥികളും അഫ്ഗാൻ സിവിലിയന്മാരും അഫ്ഗാൻ അതിർത്തി സൈനികരും കൊല്ലപ്പെട്ടു. നിരവധി വീടുകളും കടകളും നശിപ്പിക്കപ്പെട്ടു, സാധാരണക്കാർക്ക് കാര്യമായ സാമ്പത്തിക നഷ്ടം സംഭവിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.
പാകിസ്താന്റെ പ്രത്യേക ദൂതൻ സാദിഖ് ഖാന്റെ നേതൃത്വത്തിലുള്ള ഒരു പ്രതിനിധി സംഘം 2024 ഡിസംബറിൽ കാബൂൾ സന്ദർശിച്ചപ്പോൾ, ഇസ്‍ലാമാബാദ് സൈനിക വിമാനങ്ങൾ പക്തിയയിലും നിരവധി സമീപപ്രദേശങ്ങളിലും ബോംബാക്രമണം നടത്തുകയും സാധാരണക്കാർക്ക് ജീവഹാനി സംഭവിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ആഗസ്റ്റിൽ, പാകിസ്താൻ വ്യോമസേന മൂന്ന് അഫ്ഗാൻ പ്രവിശ്യകളായ നൂറിസ്താൻ, നൻഗർഹാർ, ഖോസ്ത് എന്നിവിടങ്ങളിൽ വ്യോമാക്രമണം നടത്തി. ഈ ആക്രമണത്തോട് അഫ്ഗാനിസ്ഥാൻ സൈനികമായി പ്രതികരിച്ചില്ലെന്നും നയതന്ത്ര മാർഗങ്ങളിലൂടെ മാത്രമാണ് പ്രതിഷേധം രേഖപ്പെടുത്തിയതെന്നും എന്നിട്ടും പാകിസ്താൻ ലംഘനങ്ങൾ തുടർന്നെന്നും അദ്ദേഹം പറഞ്ഞു. പാകിസ്താൻ യുദ്ധവിമാനങ്ങൾ അടുത്തിടെ കാബൂളിന്റെ വ്യോമാതിർത്തി ലംഘിച്ചതായും അഫ്ഗാൻ തലസ്ഥാനത്ത് വലിയ സ്ഫോടനങ്ങൾ നടന്നതായും വൃത്തങ്ങൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

