പാക്-അഫ്ഗാൻ അതിർത്തിയിൽ രൂക്ഷമായ ഏറ്റുമുട്ടൽ; 58 പാക് സൈനികരെ വധിച്ചതായി താലിബാൻ
text_fieldsകാബൂള്‍: അതിർത്തിയിൽ അഫ്ഗാൻ-പാകിസ്താൻ സൈന്യങ്ങൾ തമ്മിലുണ്ടായ രൂക്ഷമായ ഏറ്റുമുട്ടലിൽ 58 പാക് സൈനികർ കൊല്ലപ്പെട്ടതായി അഫ്ഗാനിലെ താലിബാൻ വക്താവ് സബീഹുല്ല മുജാഹിദ്. കുനാര്‍, ഹെല്‍മണ്ട് പ്രവിശ്യകള്‍ ഉള്‍പ്പെടെ ഡ്യൂറണ്ട് ലൈനിലെ നിരവധി പാക് ആര്‍മി ഔട്ട്പോസ്റ്റുകള്‍ താലിബാന്‍ നേതൃത്വത്തിലുള്ള അഫ്ഗാന്‍ സൈന്യം പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
കഴിഞ്ഞ ദിവസം പാകിസ്താന്റെ ആക്രമണത്തിനുള്ള തിരിച്ചടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ശനിയാഴ്ച വൈകിയാണ് അതിര്‍ത്തിയില്‍ വെടിവെപ്പ് ആരംഭിച്ചത്. അതേസമയം, പുതിയ ആക്രമണത്തില്‍ തങ്ങള്‍ പ്രത്യാക്രമണം നടത്തിയതായി പാകിസ്താനും അറിയിച്ചു. അതിൽ താലിബാൻ സേനയിലെ 9 അംഗങ്ങൾ കൊല്ലപ്പെടുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായും റിപ്പോർട്ടുണ്ട്.
അതിര്‍ത്തിയിലെ പലയിടങ്ങളിലും വലിയ തോതിലുള്ള ഏറ്റുമുട്ടലുകളുണ്ടായെന്നാണ് പാക് സുരക്ഷാ ഉദ്യോഗസ്ഥന്‍ പറയുന്നത്. താലിബാനെ തങ്ങളുടെ പ്രദേശം ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും പാക് സൈന്യം ശക്തമായി തിരിച്ചടിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഡ്യൂറണ്ട് രേഖയിലെ പാകിസ്താൻ സൈനിക സ്ഥാനങ്ങൾക്ക് നേരെ പ്രതികാര ആക്രമണങ്ങൾ നടത്തിയതിനു പിന്നാലെ രാജ്യത്തിന്റെ അതിർത്തികൾ പ്രതിരോധിക്കാൻ അഫ്ഗാൻ സൈന്യം പൂർണ്ണമായും സജ്ജമാണെന്ന് അഫ്ഗാൻ പ്രതിരോധ മന്ത്രി മുഹമ്മദ് യാക്കൂബ് മുജാഹിദ് മുന്നറിയിപ്പ് നൽകി.
ഹെൽമണ്ട്, കാണ്ഡഹാർ, പക്തിക, ഖോസ്റ്റ്, പക്തിയ, സാബുൽ, നൻഗർഹാർ, കുനാർ പ്രവിശ്യകളിലെ സൈനിക ഔട്ട്‌പോസ്റ്റുകൾ ലക്ഷ്യമിട്ട് പാകിസ്താന്റെ ആവർത്തിച്ചുള്ള ലംഘനങ്ങൾക്ക് താലിബാൻ സർക്കാർ കടുത്ത മറുപടി നൽകിയതായും യാക്കൂബ് മുജാഹിദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

