അഫ്ഗാനിസ്താനിൽ ചാവേർ ബോംബ് സ്ഫോടനം: താലിബാൻ ഗവർണർ കൊല്ലപ്പെട്ടു
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ ബാൽഖ് പ്രവിശ്യയിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ താലിബാൻ ഗവർണർ കൊല്ലപ്പെട്ടു. ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിലാണ് കൊല്ലപ്പെട്ടത്. പ്രവിശ്യാ തലസ്ഥാനത്തെ ഗവർണറുടെ ഓഫീസിനുള്ളിൽ വെച്ചാണ് സ്ഫോടനമുണ്ടായത്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു.
വ്യാഴാഴ്ച രാവിലെ ഒമ്പതോടെ ഗവർണറുടെ ഓഫീസിന്റെ രണ്ടാം നിലയിലാണ് സ്ഫോടനം നടന്നതെന്ന് പൊലീസ് പറഞ്ഞു.
സ്ഫോടനത്തിൽ ചില സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി ഐ.എസ് അവകാശപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്.
കിഴക്കൻ പ്രവിശ്യയായ നംഗർഹാറിന്റെ ഗവർണറായി മുസമ്മിൽ മുമ്പ് നിയമിതനായപ്പോൾ ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികൾക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയതായി റിപ്പോർട്ടുണ്ട്. കഴിഞ്ഞ ഒക്ടോബറിലാണ് അദ്ദേഹത്തെ ബാൽഖിലേക്ക് മാറ്റിയത്.
ഇസ്‍ലാമിന്റെ ശത്രുക്കൾ നടത്തിയ സ്ഫോടനത്തിൽ ഗവർണർ രക്തസാക്ഷിയായിയെന്ന് താലിബാൻ വാക്താവ് സബിഹുല്ല മുജാഹിദ് ട്വീറ്റ് ചെയ്തു. 2021 ൽ താലിബാൻ അധികാരത്തിലേറിയതിനു ശേഷം കൊല്ലപ്പെടുന്ന ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥനാണ് മുഹമ്മദ് ദാവൂദ് മുസമ്മിൽ.

