രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കണം; താലിബാനുമായി അധികാരം പങ്കിടാൻ അഫ്ഗാൻ സർക്കാർ തയാറെന്ന് റിപ്പോർട്ടുകൾ
text_fieldsകാബൂൾ: അഫ്ഗാനിസ്താനിലെ ഗസ്നി പ്രവിശ്യ തലസ്ഥാനമായ ഗസ്നിയും താലിബാൻ നിയന്ത്രണത്തിലാക്കി. തലസ്ഥാനമായ കാബൂളിൽനിന്ന് 130 കി.മീ അകലെയാണിത്. ഇതോടെ 10 പ്രവിശ്യകേന്ദ്രങ്ങൾ താലിബാെൻറ കീഴിലായി. കാബൂളിനും കാന്തഹാറിനുമിടക്കുള്ള ഹൈവേയാണ് ഗസ്നി. കനത്ത പോരാട്ടത്തിനൊടുവിൽ ഇവിടത്തെ സർക്കാർ ആസ്ഥാനങ്ങൾ താലിബാൻ പിടിച്ചെടുത്തു.
താലിബാെൻറ അടുത്ത ഉന്നം കാബൂളാണ്. 90 ദിവസത്തിനകം താലിബാൻ കാബൂൾ കീഴടക്കുമെന്ന് യു.എസ് ഇൻറലിജൻസ് വൃത്തങ്ങൾ മുന്നറിയിപ്പ് നൽകിയിരുന്നു. രാജ്യം മുഴുവൻ കീഴടക്കാൻ സംഘം ആക്രമണം തുടരുന്നതിനിടെ, അധികാരം പങ്കുവെക്കാൻ തയാറാണെന്ന വാഗ്ദാനവുമായി സർക്കാർ രംഗത്തുവന്നതായി അൽജസീറ റിപ്പോർട്ട് ചെയ്തു.മാസങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിൽ അവസാനിപ്പിക്കുന്നതിെൻറ ഭാഗമായാണ് സർക്കാറിെൻറ അനുരഞ്ജനം. ഖത്തറിൽ നടക്കുന്ന സമാധാന ചർച്ചക്കിടെയാണ് സർക്കാർ പ്രതിനിധികൾ ഈ വാഗ്ദാനം മുന്നോട്ടുവെച്ചത്.
ഹെൽമന്ദ് പ്രവിശ്യയിലെ വലിയ നഗരമായ ലഷ്കർഗായിൽ സർക്കാർ സേനയും താലിബാനും തമ്മിൽ പോരാട്ടം തുടരുകയാണ്. ലഷ്കർഗായിലെ പൊലീസ് ആസ്ഥാനങ്ങൾ സായുധസേന പിടിച്ചെടുത്തു.
ഏതാനും പൊലീസ് ഉദ്യോഗസ്ഥരെയും ബന്ദിയാക്കിയിട്ടുണ്ട്. ഇവിടത്തെ ഗവർണർ ഓഫിസ് പിടിച്ചെടുക്കുകയാണ് താലിബാെൻറ അടുത്ത ലക്ഷ്യം. അതിനിടെ, അഫ്ഗാനിലെ സുരക്ഷിത സാഹചര്യം മുൻനിർത്തി, ഡെൻമാർക് എംബസിയിൽനിന്ന് മുൻ ഉദ്യോഗസ്ഥരെയും നിലവിലുള്ളവരെയും ഒഴിപ്പിക്കാമെന്ന് അധികൃതർ ഉറപ്പുനൽകി. രാജ്യത്തിനുവേണ്ടി സേവനം ചെയ്തവർക്കും അവരുടെ അടുത്ത കുടുംബാംഗങ്ങൾക്കും രണ്ടു വർഷത്തേക്ക് ഡെൻമാർക്കിൽ താമസിക്കാൻ താൽക്കാലിക വിസ നൽകാമെന്നും സർക്കാർ അറിയിച്ചു.
അതേസമയം, താലിബാൻ അധികാരത്തിലെത്തിയാൽ ഒരു വിധത്തിലുള്ള സാമ്പത്തികസഹായവും നൽകില്ലെന്ന് ജർമനി വ്യക്തമാക്കി. ഇപ്പോൾ പ്രതിവർഷം 50.5 കോടി ഡോളർ ജർമനി അഫ്ഗാന് നൽകുന്നുണ്ട്. താലിബാൻ അധികാരത്തിലെത്തിയാൽ ഈ സഹായങ്ങളെല്ലാം നിർത്തുമെന്നും ജർമൻ വിദേശകാര്യ മന്ത്രി ഹീകോ മാസ് മാധ്യമങ്ങളോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

