അഫ്ഗാൻ ഭൂചലനം: മരണസംഖ്യ ഉയരുന്നു; രക്ഷാപ്രവർത്തനം മന്ദഗതിയിൽ
text_fieldsഭൂകമ്പത്തിൽ തകർന്ന
കാബൂൾ: വർഷങ്ങൾക്കിടെ അഫ്ഗാനിസ്താനെ ഉലച്ച ഏറ്റവും വലിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 1,400 കവിഞ്ഞു. ആയിരക്കണക്കിന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എത്തിപ്പെടൽ ദുഷ്കരമായ മേഖലയായതിനാൽ രക്ഷാപ്രവർത്തനം മന്ദഗതിയിലാണ്. ഭൂകമ്പം ഏറ്റവും കൂടുതൽ ദുരന്തം വിതച്ച കുനാർ പ്രവിശ്യയിൽ ചുരുങ്ങിയത് 1,411 പേർ മരിക്കുകയും 3,251 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി താലിബാൻ സർക്കാർ വക്താവ് സബീഉല്ല മുജാഹിദ് അറിയിച്ചു. നിരവധി പേർ കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്.
തിങ്കളാഴ്ച അർധരാത്രി സമയത്താണ് റിക്ടർ സ്കെയിലിൽ ആറ് രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ചില പ്രദേശങ്ങളിലേക്ക് ഇനിയും രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാനാകാത്തത് ദുരന്തവ്യാപ്തി കൂട്ടുമെന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്. പ്രദേശത്ത് ചൊവ്വാഴ്ച 5.2 രേഖപ്പെടുത്തിയ തുടർ ചലനമുണ്ടായി. ജലാലാബാദ് ആണ് പ്രഭവ കേന്ദ്രം. വടക്കുപടിഞ്ഞാറൻ പാകിസ്താനിലും ഭൂചലനം അനുഭവപ്പെട്ടു.
അതേ സമയം, കുത്തനെയുള്ള മലനിരകളും കടുത്ത കാലാവസ്ഥയും രക്ഷാപ്രവർത്തനത്തെ തടസ്സപ്പെടുത്തുകയാണ്. മണ്ണിലും ഇഷ്ടികയിലും തീർത്ത നൂറുകണക്കിന് വീടുകളാണ് ഭൂകമ്പത്തിൽ നിലംപൊത്തിയത്.
പരിക്കേറ്റ ചിലരെ കാബൂളിലെയും നാൻഗർഹാറിലെയും ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്. അടിയന്തര സഹായമായി മരുന്ന്, വസ്ത്രം, തമ്പുകൾ തുടങ്ങിയ വസ്തുക്കൾ പ്രദേശത്ത് എത്തിച്ചുവരുകയാണെന്ന് യൂനിസെഫ് അറിയിച്ചു.
താലിബാൻ സേനയും പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. വിദേശ സഹായം കുറഞ്ഞതും അയൽരാജ്യങ്ങളിൽ അഭയം തേടിയ പതിനായിരങ്ങൾ നാട്ടിൽ തിരിച്ചെത്തിയതും വെല്ലുവിളി ഉയർത്തുന്നതിനിടെയാണ് താലിബാൻ ഭരണകൂടത്തെ മുൾമുനയിലാക്കി വൻഭൂകമ്പം.
ഇന്ത്യയടക്കം വിവിധ രാജ്യങ്ങൾ അഫ്ഗാനിസ്താനിലേക്ക് അടിയന്തര സഹായം എത്തിച്ചുതുടങ്ങിയിട്ടുണ്ട്. ഇന്ത്യ 1,000 തമ്പുകളും 15 ടൺ ഭക്ഷ്യ വസ്തുക്കളും അയച്ചിട്ടുണ്ട്. ബ്രിട്ടൻ 10 ലക്ഷം പൗണ്ടും അനുവദിച്ചു. ചൈന, യു.എ.ഇ, യൂറോപ്യൻ യൂനിയൻ, പാകിസ്താൻ, ഇറാൻ തുടങ്ങിയ രാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. അഫ്ഗാനിസ്താന് യു.എസ്എയ്ഡ് വഴി സഹായം നൽകുന്നത് ട്രംപ് ഭരണകൂടം നിർത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

