സ്വിറ്റ്സർലൻഡിലെ സ്ഫോടനം: 40 മരണം, നൂറിലധികം പേർക്ക് പരിക്ക്
text_fieldsബേൺ: പുതുവത്സരാഘോഷത്തിനിടെ സ്വിറ്റ്സർലൻഡിലെ സ്കീ ബാറിലുണ്ടായ സ്ഫോടനത്തിൽ 40 പേർ മരണപ്പെടുകയും 115 പേർക്ക് പരിക്കേറ്റതായും ഔദ്യോഗിക സ്ഥിരീകരണം. പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. മരണപ്പെട്ടവരെ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പ്രാദേശിക വൃത്തങ്ങൾ റിപ്പോർട്ട് ചെയ്തു. സ്വിറ്റ്സർലൻഡിലെ ക്രാൻസ് മൊണ്ടാനയിലെ ലെ കോൺസ്റ്റലേഷൻ എന്ന ബാറിലാണ് വ്യാഴാഴ്ച പുലർച്ചെ സ്ഫോടനം ഉണ്ടായത്.
എല്ലാവർഷവും പുതുവത്സരം ആഘോഷിക്കാൻ ആളുകൾ എത്താറുള്ള ബാറാണിത്. വ്യാഴാഴ്ച പുലർച്ചെ 1.30ഓടെയായിരുന്നു സ്ഫോടനമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും അവധിക്കാലം ആഘോഷിക്കാൻ ക്രാൻസ്-മൊണ്ടാനയിലെത്തിയ വിനോദസഞ്ചാരികളാണ്. സംഗീത പരിപാടിക്കിടെയുണ്ടായ വെടിക്കെട്ടാണ് സ്ഫോടനത്തിന് കാരണമെന്ന് സ്വിസ് വാർത്താ ഏജൻസിയായ ബ്ലിക്ക് റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന്റെ ചില ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പോലീസ്, ഫയർ സർവീസുകൾ, നിരവധി ഹെലികോപ്റ്ററുകൾ എന്നിവ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. ദുരിതബാധിതരുടെ ബന്ധുക്കൾക്കായി ഒരു ഹോട്ട്‌ലൈനും തുടങ്ങി. പ്രദേശം പൂർണമായും അടച്ചിട്ടിരിക്കുകയാണെന്നും ക്രാൻസ്-മൊണ്ടാന നിരോധിത മേഖലയായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
സ്വിസ് തലസ്ഥാനമായ ബേണിൽ നിന്ന് ഏകദേശം രണ്ട് മണിക്കൂർ അകലെ, വലൈസ് മേഖലയിലെ ആൽപ്സിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഒരു ആഡംബര സ്കീ റിസോർട്ട് നഗരമാണ് ക്രാൻസ്-മൊണ്ടാന. 87 മൈൽ നീളമുള്ള നടപ്പാതകളുള്ള ഈ പട്ടണം ബ്രിട്ടീഷ് വിനോദസഞ്ചാരികൾക്ക് വളരെ പ്രിയപ്പെട്ടതാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

