രക്തക്കൊതി മാറാതെ ഇസ്രായേൽ; ഗസ്സയിലെ അൽ ഫാഖൂറ സ്കൂളിൽ ബോംബിട്ടു, നിരവധി പേർ കൊല്ലപ്പെട്ടു
text_fieldsFile Pic
ഗസ്സ: വടക്കൻ ഗസ്സയിലെ ജബലിയ അഭയാർഥി ക്യാമ്പിലെ അൽ ഫാഖൂറ സ്കൂളിൽ ഇസ്രായേൽ സൈന്യം ബോംബിട്ടു. 50ലേറെ ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഫലസ്തീൻ അഭയാർഥികൾക്ക് വേണ്ടി ഐക്യരാഷ്ട്രസഭ നടത്തുന്ന സ്കൂളാണിത്. നവംബർ രണ്ടിനും ഇസ്രായേൽ ഇവിടെ ബോംബിട്ടിരുന്നു.
ഇസ്രായേലിന്‍റെ കനത്ത ആക്രമണത്തിൽ നിന്ന് രക്ഷതേടി സ്കൂളിൽ അഭയം പ്രാപിച്ചവരാണ് കൊല്ലപ്പെട്ടതെന്ന് അൽജസീറ റിപ്പോർട്ട് ചെയ്യുന്നു.
വടക്കൻ ഗസ്സയിൽ നിന്ന് ജനങ്ങളെ പൂർണമായും പലായനം ചെയ്യിക്കാനുള്ള ഇസ്രായേൽ ശ്രമത്തിന്‍റെ ഭാഗമാണ് അൽ ഫാഖൂറ സ്കൂൾ ആക്രമണമെന്ന് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം പറഞ്ഞു. സിവിലിയന്മാർക്ക് നേരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് ഇസ്രായേലെന്നും മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, ഗസ്സ സിറ്റിയിലെ അൽ അഹ്‌ലി ആശുപത്രിക്കു സമീപം റോഡിൽ നിറയെ മൃതദേഹങ്ങൾ കൂട്ടിയിട്ട ദൃശ്യങ്ങൾ പുറത്തുവന്നു. പലമൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത നിലയിലാണ്. അതേസമയം ഇസ്രായേൽ സേനയുടെ ഭീഷണിയെ തുടർന്ന് അൽ ശിഫ ആശുപത്രിയിലുള്ള എല്ലാവരെയും ഒഴിപ്പിക്കുകയാണ്.
വടക്കൻ ഗസ്സയെ തരിപ്പണമാക്കുന്നതിനൊപ്പം തെക്കൻ ഗസ്സയിലും ഇസ്രായേൽ വ്യോമാക്രമണം കടുപ്പിച്ചിരിക്കുകയാണ്. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിൽ നിന്നും ജനങ്ങളോട് ഒഴിഞ്ഞുപോകാൻ ഇസ്രായേൽ ഭീഷണിപ്പെടുത്തുന്നുണ്ട്. വടക്കൻ ഗസ്സയിൽ നിന്നും പാലായനം ചെയ്‌തെത്തിയ ലക്ഷക്കണക്കിനാളുകളാണ് ഖാൻ യൂനുസിലുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

