അറബി ഭാഷാ പണ്ഡിതൻ ഡോ. അബ്ദുല്ല മുസ്തഫ അൽ ദന്നാൻ അന്തരിച്ചു
text_fieldsഡമസ്കസ്: അറബി ഭാഷാപഠനത്തിനും അധ്യാപനത്തിനും ആയുഷ്കാലം മുഴുവൻ ഉഴിഞ്ഞുവെച്ച പ്രതിഭാശാലിയും പണ്ഡിതവര്യനും വിദ്യാഭ്യാസ പ്രവർത്തകനുമായ ഡോ. അബ്ദുല്ല മുസ്തഫ അൽ ദന്നാൻ സിറിയയിൽ അന്തരിച്ചു. ഫലസ്തീൻ വംശജനായ അദ്ദേഹം ഏറെക്കാലമായി സിറിയയിലായിരുന്നു താമസം.
1938 ൽ ഫലസ്തീനിലെ സ്വഫദിലായിരുന്നു ജനനം. 1948 മുതൽ സിറിയയിലാണ് ജീവിച്ചത്. അറബി-ഇംഗ്ലീഷ് ഭാഷകളിൽ ഡമസ്കസ് സർവകലാശാലയിൽനിന്ന് ബിരുദം നേടിയ ശേഷം ലണ്ടൻ സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസശാസ്ത്രത്തിൽ മാസ്റ്റർ ബിരുദവും ഡോക്ടറേറ്റും നേടി. 60 വർഷത്തിലേറെക്കാലം അധ്യാപകനായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു.
ഡോ. അബ്ദുല്ല മുസ്തഫ അൽ ദന്നാൻ തന്റെ ജീവിതം ഭാഷാ മേഖലയിലെ തന്റെ സിദ്ധാന്തവും അതിന്റെ പ്രയോഗങ്ങളും പ്രചരിപ്പിക്കുന്നതിനായി സമർപ്പിച്ചു. ഇത് അറബ് - ഇന്റർനാഷണൽ സ്കൂളുകളിൽ അറബി ഭാഷ പഠിപ്പിക്കുന്നതിനുള്ള രീതികളെ തന്നെ മാറ്റിമറിച്ചു.
ആയിരക്കണക്കിന് അധ്യാപകരെ അദ്ദേഹം പരിശീലിപ്പിച്ചു. തന്റെ സ്വാഭാവിക അറബി ഭാഷാ അധ്യാപനത്തിന്റെയും പരിശീലനത്തിന്റെയും സിദ്ധാന്തം ആദ്യം അദ്ദേഹം പരീക്ഷിച്ചത് സ്വന്തം മക്കളായ ബാസിലിലും ലൂനയിലുമായിരുന്നു. ആ കുട്ടികൾ മൂന്നാംവയസ്സിൽ തന്നെ ശുദ്ധഭാഷ സംസാരിച്ചു തുടങ്ങിയതാണ് ദന്നാന്റെ സിദ്ധാന്തത്തിനു കൂടുതൽ അറബുലോകത്ത് പ്രചാരണം കിട്ടാൻ കാരണം.
1988 ൽ കുവൈറ്റിൽ അറബ് നഴ്സറി ഹൗസ്, 1992 ൽ സിറിയയിൽ അറബ് ഫ്ളവേഴ്സ് കിൻഡർഗാർട്ടൺ എന്നിവ സ്ഥാപിച്ചു. ശുദ്ധ അറബി ഭാഷയിൽ വായിക്കാനും പഠിക്കാനുമുതകുന്ന തരത്തിൽ വിദ്യാർത്ഥികളെ പരിശീലിപ്പിച്ചെടുക്കാനുള്ള, പന്ത്രണ്ടുദിന പരിശീലനക്കളരി ആവിഷ്കരിച്ച് നടപ്പാക്കി. ഇംഗ്ലീഷ് - അറബി അധ്യാപനം, കമ്പ്യൂട്ടേഷനൽ ഭാഷാശാസ്ത്രം എന്നിവയിൽ അറുപതിലധികം ഗവേഷണങ്ങളും പുസ്തകങ്ങളും ദന്നാൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതിനുപുറമെ രണ്ടു നോവലുകളും ഒരു ബാലസാഹിത്യവും ഓർമ്മക്കുറിപ്പുകളും അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

