Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ജെ.ഡി ഹബീബി...’; ട്രംപിന്റെയും വാൻസിന്റെയും വിദ്വേഷപ്രചാരണത്തിന് വിജയപ്രസംഗത്തിലൂടെ മറുപടി നൽകി അൽ സഈദ്

text_fields
bookmark_border
‘ജെ.ഡി ഹബീബി...’; ട്രംപിന്റെയും വാൻസിന്റെയും വിദ്വേഷപ്രചാരണത്തിന് വിജയപ്രസംഗത്തിലൂടെ മറുപടി നൽകി അൽ സഈദ്
cancel

വാഷിങ്ടൺ: തന്റെ പേരിനെയും മുസ്‌ലിം സ്വത്വത്തെയും രാഷ്ട്രീയ ആയുധമാക്കി അധിക്ഷേപിച്ച ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ നേതാക്കൾക്കും തെരഞ്ഞെടുപ്പ് വിജയത്തിലൂടെ മറുപടി നൽകി അബ്ദുൽ അൽ സഈദ്. മിഷിഗണിൽ നിന്ന് അമേരിക്കൻ സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ നടത്തിയ വിജയപ്രസംഗത്തിൽ, തന്നെ അധിക്ഷേപിച്ച വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിനെ ‘ഹബീബി’ എന്ന് അഭിസംബോധന ചെയ്തുകൊണ്ട് അൽ സഈദ് നടത്തിയ പ്രതികരണം ശ്രദ്ധേയമായി.

ജനുവരിയിൽ സെനറ്ററായി സത്യപ്രതിജ്ഞ ചെയ്യിക്കേണ്ടത് വാൻസാണെന്ന കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. ‘ജെ.ഡി, ഹബീബി... ജനുവരിയിൽ എനിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാൻ ബാധ്യസ്ഥനാകേണ്ടി വരുന്നത് താങ്കളാണെന്നത് എത്ര മനോഹരമായ വിരോധാഭാസമാണ്’ വാൻസിനെ അഭിസംബോധന ചെയ്ത് അൽ സഈദ് പറഞ്ഞു. അറബിയിൽ സ്നേഹത്തോടെയും അടുപ്പത്തോടെയും ഒരാളെ വിളിക്കാൻ ഉപയോഗിക്കുന്ന പദമാണ് ‘ഹബീബി’. തന്നെ നേരത്തെ ‘വളരെ, വളരെ ദുഷ്ടൻ’ എന്ന് വിശേഷിപ്പിച്ച വാൻസിനുള്ള മറുപടിയിൽ ഈ പദം ഉപയോഗിച്ചത് പ്രസംഗത്തിലെ ശ്രദ്ധേയ നിമിഷമായി.

പ്രസിഡന്റ് ഡോണൾഡ് ട്രംപിനെയും അദ്ദേഹം നേരിട്ട് അഭിസംബോധന ചെയ്തു. ‘ഡോണൾഡ്, എന്റെ പേര് ഉച്ചരിക്കാൻ താങ്കൾക്ക് ബുദ്ധിമുട്ടുണ്ടെന്ന് എനിക്കറിയാം. അതിനാൽ ജനുവരിയിൽ ജെ.ഡി എന്നെ സത്യപ്രതിജ്ഞ ചെയ്യിച്ചുകഴിഞ്ഞാൽ താങ്കൾക്ക് എന്നെ സെനറ്റർ എന്ന് വിളിക്കാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. പ്രചാരണത്തിലുടനീളം തന്റെ പേര് പരിഹസിക്കുകയും മുസ്‌ലിം വിശ്വാസത്തെ ലക്ഷ്യമിട്ട് അധിക്ഷേപിക്കുകയും ചെയ്ത ട്രംപിനുള്ള മറുപടിയായിരുന്നു ഇത്. കൂടാതെ ട്രംപിന്റെ വിദ്വേഷവും പകയും നിറഞ്ഞ പ്രചാരണത്തെ മിഷിഗണിലെ ജനങ്ങൾ തള്ളിക്കളഞ്ഞെന്നും അദ്ദേഹം വ്യക്തമാക്കി.

ഫലസ്തീൻ വിഷയത്തിലും നിലപാട് വ്യക്തമാക്കിയ അദ്ദേഹം, ‘നമ്മുടെ നികുതിപ്പണം ഉപയോഗിച്ച് കൊല്ലപ്പെടാതെ, തങ്ങളുടെ പൂർവികരുടെ മണ്ണിൽ വളരാൻ ഫലസ്തീൻ കുട്ടികൾക്കും അവകാശമുണ്ടെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടെങ്കിൽ, അതിനെ വിദ്വേഷമെന്ന് വിളിക്കാനാവില്ല. അതാണ് സ്നേഹം’ എന്നും പറഞ്ഞു. ഫലസ്തീൻ ജനതയോടുള്ള ഐക്യദാർഢ്യം വിദ്വേഷമല്ലെന്നും മാനവികതയുടെയും സ്നേഹത്തിന്റെയും ഭാഗമാണെന്നും അൽ സഈദ് വ്യക്തമാക്കി.

മിഷിഗണിൽ ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്ക് റോജേഴ്‌സിനെ പരാജയപ്പെടുത്തിയാണ് അൽ സഈദ് അമേരിക്കൻ ചരിത്രത്തിലെ ആദ്യ മുസ്‌ലിം സെനറ്ററാകാനൊരുങ്ങുന്നത്. ഏകദേശം 97 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ഏഴ് ശതമാനം പോയിന്റിന്റെ ലീഡ് അദ്ദേഹത്തിനുണ്ടായിരുന്നു. എട്ട് വർഷം മുമ്പ് മിഷിഗൺ ഗവർണർ സ്ഥാനത്തേക്കുള്ള ഡെമോക്രാറ്റിക് പ്രൈമറിയിൽ അൽ സഈദ് പരാജയപ്പെട്ടിരുന്നു. എന്നാൽ ഇത്തവണ എതിരാളികളേക്കാൾ കോടിക്കണക്കിന് ഡോളർ കുറവ് പ്രചാരണച്ചെലവിലാണ് അദ്ദേഹം ഈ നേട്ടം കൈവരിച്ചത്.

പ്രചാരണകാലത്ത് ട്രംപ് അൽ സഈദിനെ ‘ജിഹാദി’, ‘കമ്യൂണിസ്റ്റ്’ തുടങ്ങിയ വിശേഷണങ്ങൾ ഉപയോഗിച്ച് അധിക്ഷേപിച്ചിരുന്നു. വാൻസും അദ്ദേഹത്തിനെതിരെ കടുത്ത പരാമർശങ്ങൾ നടത്തിയിരുന്നു. എന്നാൽ തന്റെ പേരും മതവും ചർച്ചയാക്കുന്ന പ്രചാരണത്തിന് മറുപടിയായി ജനങ്ങളുടെ യഥാർഥ പ്രശ്നങ്ങൾ ഉയർത്തിക്കാട്ടിയ അൽ സഈദിന്റെ വിജയം അമേരിക്കൻ രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ സംഭവമായി മാറുകയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - After 'Habibi' jab at JD Vance, Abdul El-Sayed says Trump’s ‘hateful’ campaign did not resonate with voters
Next Story