ഇസ്രായേൽ ക്രൂരത തുടരണമെന്ന ദൂതുമായി ബ്ലിങ്കൻ; രോഷമറിയിച്ച് മഹ്മൂദ് അബ്ബാസും അറബ് രാജ്യങ്ങളും
text_fieldsറാമല്ല: പശ്ചിമേഷ്യൻ പര്യടനത്തിനിടെ ഒരു മണിക്കൂർ നേരം ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സംസാരിച്ച യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പ്രസ്താവനകളൊന്നും നടത്താതെ മടങ്ങി. നേരത്തേ അറബ് രാജ്യങ്ങൾ മുന്നോട്ടുവെച്ച വെടിനിർത്തൽ നിർദേശം അബ്ബാസും അവതരിപ്പിച്ചതോടെയാണ് ചർച്ചകളിൽ പുരോഗതിയോ പൊതു പ്രഖ്യാപനമോ ഇില്ലാതെ ബ്ലിങ്കൻ മടങ്ങിയത്.
അടിയന്തര വെടിനിർത്തലും മാനുഷിക സഹായം എത്തിക്കലുമാണ് ഗസ്സയിൽ വേണ്ടതെന്ന് ബ്ലിങ്കനെ അറിയിച്ചതായി മഹ്മൂദ് അബ്ബാസിന്റെ വക്താവ് അറിയിച്ചു. ഗസ്സയിൽ ഫലസ്തീൻ അതോറിറ്റി അധികാരമേൽക്കുന്നത് വെസ്റ്റ് ബാങ്ക്, കിഴക്കൻ ജറൂസലം, ഗസ്സ എന്നിവ മൊത്തമായുള്ള സമഗ്ര രാഷ്ട്രീയ പരിഹാരം ആയ ശേഷം മാത്രമാണെന്നും അബ്ബാസ് വ്യക്തമാക്കിയതായി അദ്ദേഹം കൂട്ടിച്ചേർത്തു. ഹമാസിനു പകരം ഗസ്സയിൽ മഹ്മൂദ് അബ്ബാസിന്റെ ഫലസ്തീൻ അതോറിറ്റിയെ അധികാരമേൽപിക്കാൻ അമേരിക്കയുടെ കാർമികത്വത്തിൽ നീക്കങ്ങളുണ്ടെന്ന റിപ്പോർട്ടുകൾ ഉറപ്പിക്കുന്നതാണ് ഈ പ്രതികരണം. എന്നാൽ, ഗസ്സയിൽ മാനുഷിക സഹായം എത്തിക്കുന്നതിൽ യു.എസിന്റെ പ്രതിബദ്ധത അബ്ബാസിനെ അറിയിച്ചതായി യു.എസ് വിദേശകാര്യ വക്താവ് മാത്യു മില്ലർ പറഞ്ഞു.
ഗസ്സയിൽ താൽക്കാലിക വെടിനിർത്തലും മാനുഷിക ഇടവേളയുമാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ചായിരുന്നു ബ്ലിങ്കന്റെ വരവ്. ഇസ്രായേലി തടവുകാരെ മോചിപ്പിക്കാതെ താൽക്കാലിക വെടിനിർത്തലില്ലെന്ന് തുടക്കത്തിൽ നെതന്യാഹു അറിയിച്ചതോടെ മറിച്ചൊരു നിലപാടറിയിക്കാനായി യു.എസ് സ്റ്റേറ്റ് സെക്രട്ടറിയുടെ തുടർ യാത്രകൾ. വെടിനിർത്തൽ ഹമാസിനെ വീണ്ടും കരുത്തരാക്കി ഒക്ടോബർ ഏഴ് ആവർത്തിക്കുമെന്നായിരുന്നു അറബ് നേതാക്കൾക്ക് മുന്നിൽ അദ്ദേഹത്തിന്റെ വാക്കുകൾ. ഹമാസിനെ പരാജയപ്പെടുത്തുകയെന്ന ഇസ്രായേൽ ലക്ഷ്യം സഫലമാക്കാൻ സഹായിക്കുകയാണ് ഇപ്പോൾ ലക്ഷ്യമെന്നും എന്നാൽ, സിവിലിയന്മാരെ സംരക്ഷിക്കാൻ മാനുഷിക ഇടവേളകൾ ആവശ്യമാണെന്നും ബ്ലിങ്കൻ പറഞ്ഞു. ഈ നിലപാടിനെതിരെ അറബ് നേതാക്കൾ കടുത്ത എതിർപ്പാണ് അറിയിച്ചത്.
‘മേഖല വെറുപ്പിന്റെ കടലിൽ മുങ്ങിനിൽക്കുകയാണെന്നും വരാനിരിക്കുന്ന എണ്ണമറ്റ തലമുറകളിൽ ഇത് പ്രതിഫലിക്കുമെന്നും’ കൂടിക്കാഴ്ചക്കു ശേഷം ജോർഡൻ വിദേശകാര്യ മന്ത്രി അയ്മൻ സഫാദി പറഞ്ഞത് ഈ രോഷം പങ്കുവെക്കുന്നതായി. ഇസ്രായേൽ നടത്തുന്നത് സ്വയം പ്രതിരോധത്തിന്റെ ഭാഗമായുള്ളതല്ലെന്നും അടിയന്തര വെടിനിർത്തലാണ് തങ്ങൾ ആവശ്യപ്പെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി. അടിയന്തര സഹായങ്ങൾ എത്തിക്കാൻ മാനുഷിക ഇടവേളകൾ മാത്രം അനുവദിക്കാമെന്ന് അറബ് രാജ്യങ്ങളെ അറിയിക്കാനാണ് ബ്ലിങ്കൻ ശ്രമിച്ചത്. അതിന്റെ വിശദാംശങ്ങൾ പങ്കുവെക്കുന്നതിലും അദ്ദേഹം പരാജയപ്പെട്ടതായാണ് റിപ്പോർട്ടുകൾ. ചില മേഖലകളിൽ താൽക്കാലിക വെടിനിർത്തലെന്ന നിർദേശം യു.എസ് നേരത്തേ ഇസ്രായേലിനു മുന്നിൽ വെച്ചിരുന്നുവെങ്കിലും അതും അംഗീകരിക്കില്ലെന്നാണ് അവരുടെ നിലപാട്. ഈ സാഹചര്യത്തിൽ എണ്ണമറ്റ സിവിലിയന്മാരുടെ ജീവനെടുക്കുന്ന ഇസ്രായേൽ ക്രൂരതക്കെതിരെ വിട്ടുവീഴ്ചക്കില്ലെന്ന് അറബ് നേതാക്കൾ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

