‘അമേരിക്കക്ക് മരണം, അമേരിക്കക്കാർക്ക് മരണം’ എന്ന് ഫേസ്ബുകിൽ പോസ്റ്റ് ഇട്ട് തെൽ അവീവിൽ എംബസി ആക്രമിക്കാൻ ശ്രമിച്ച യുവാവ് പിടിയിൽ
text_fieldsന്യൂയോർക്: തെൽ അവീവിലെ യു.എസ് എംബസിയിൽ തീ ബോംബിടാൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. 28കാരനായ യു.എസ്-ജർമൻ പൗരൻ ജോസഫ് ന്യൂമെയറെ ആണ് കുറ്റം ചുമത്തി അറസ്റ്റ് ചെയ്തതെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.
തെൽ അവീവിലെ യു.എസ് എംബസിയിലെത്തിയ പ്രതി ഉള്ളിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുകയും തടയാൻ ശ്രമിച്ച ഗാർഡിനെ തള്ളിമാറ്റി ബാഗ് ഉപേക്ഷിച്ച് രക്ഷപ്പെടുകയുമായിരുന്നു. തുടർന്ന് ഇയാളുടെ ബാഗിൽനിന്ന് തീവെക്കാനുള്ള ഉപകരണങ്ങളും മറ്റും സുരക്ഷ ഉദ്യോഗസ്ഥർ കണ്ടെടുത്തിരുന്നു. ആക്രമണത്തിന് ശേഷം പ്രതിയെ ഇസ്രായേൽ കസ്റ്റഡിയിലെടുക്കുകയും അമേരിക്കയിലേക്ക് നാടുകടത്തുകയും ചെയ്തു.
യു.എസിൽ എത്തിയ ഉടനെ ഇയാളെ അറസ്റ്റ് ചെയ്തതായി നീതിന്യായ വകുപ്പിന്റെ പ്രസ്താവനയിൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ വധഭീഷണി മുഴക്കിയതിനും ഇയാൾക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്. ‘മേയ് 19ന് താൻ ഇസ്രായേൽ എംബസി കത്തിക്കു’മെന്ന് ജോസഫ് ന്യൂമെയർ ഫേസ്ബുകിൽ പോസ്റ്റ് ഇട്ടിരുന്നു.
കുറ്റം തെളിഞ്ഞാൽ ന്യൂമെയറിന് പരമാവധി 20 വർഷം തടവും 250,000 ഡോളർ പിഴയും ലഭിക്കുമെന്ന് യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു. ആക്രമണത്തിനു പോകും മുമ്പേ ‘അമേരിക്കക്ക് മരണം, അമേരിക്കക്കാർക്ക് മരണം എന്ന് പ്രതി സാമൂഹിക മാധ്യമത്തിൽ എഴുതിയതായും യു.എസ് നീതിന്യായ വകുപ്പ് അറിയിച്ചു.
ശനിയാഴ്ച ന്യൂയോർക്കിലേക്ക് നാടുകടത്തിയ ഇയാളെ ഞായറാഴ്ച ബ്രൂക്ലിനിലെ ഫെഡറൽ കോടതിയിൽ ഹാജരാക്കി. ഇസ്രായേലിലെ തങ്ങളുടെ എംബസി ലക്ഷ്യമിട്ട് ആക്രമണം ആസൂത്രണം ചെയ്തതിനും അമേരിക്കക്കാർക്ക് വധഭീഷണി മുഴക്കിയതിനും പ്രതിക്കെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്’ - യു.എസ് അറ്റോർണി ജനറൽ ബോണ്ടി പറഞ്ഞു. ഗസ്സയിലെ ഇസ്രായേൽ നരനായാട്ട് പിന്തുണക്കുന്ന യു.എസ് നിലപാടിനെതിരെയാണ് യുവാവിന്റെ ആക്രമണ ശ്രമമെന്ന് യു.എസ് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

