വെടിനിർത്തലിന് ഒരാഴ്ച; റഫ അതിർത്തി തുറക്കാതെ ഇസ്രായേൽ
text_fieldsഗസ്സ സിറ്റി: വെടിനിർത്തൽ നിലവിൽവന്ന് ഒരാഴ്ചയായിട്ടും ഗസ്സയിലേക്ക് സഹായമെത്തുന്ന റഫ അതിർത്തി തുറക്കാതെ ഇസ്രായേൽ. സഹായ ട്രക്കുകൾ കെട്ടിക്കിടക്കുന്നതിനൊപ്പം പരിക്കേറ്റ ഫലസ്തീനികൾക്ക് ചികിത്സ തേടാനും ഇത് തടസ്സമാകുകയാണ്.
ഈജിപ്തിലെ ശറമുശ്ശൈഖിൽ ഒപ്പുവെച്ച ഗസ്സ കരാർ പ്രകാരം റഫ അതിർത്തി കഴിഞ്ഞ ബുധനാഴ്ചയോടെയെങ്കിലും തുറക്കണം. എന്നാൽ, ഈജിപ്തുമായി ചേർന്ന് നടപടികൾ പൂർത്തീകരിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം ഇസ്രായേൽ പുറത്തുവിട്ട പ്രസ്താവന പറയുന്നു.
ഞായറാഴ്ച തുറക്കുമെന്ന് ഇസ്രായേൽ വിദേശകാര്യ മന്ത്രി ഗിഡിയോ സാറും സൂചന നൽകിയിട്ടുണ്ടെങ്കിലും വിശദാംശങ്ങൾ നൽകിയിട്ടില്ല. തുറന്നാലും സഹായ ട്രക്കുകൾക്ക് അനുമതിയുണ്ടാകില്ലെന്ന് ഇസ്രായേൽ സേന ഭീഷണിപ്പെടുത്തിയിട്ടുണ്ട്. കറം അബൂസാലിം അതിർത്തി വഴി മാത്രമേ സഹായ ട്രക്കുകൾ കടത്തിവിടൂ എന്നാണ് അറിയിപ്പ്.
ഫലസ്തീനികൾക്ക് പുറംലോകവുമായി ബന്ധപ്പെടാനുള്ള ഏക വഴിയാണ് റഫ. കഴിഞ്ഞ മേയിൽ അതിർത്തി കൈയേറിയ ഇസ്രായേൽ സേന പൂർണ നിയന്ത്രണം പിടിച്ചെടുത്ത് കെട്ടിടങ്ങൾ തകർത്തിരുന്നു.
20 വർഷത്തിനിടെ ആദ്യമായാണ് ഇതുൾപ്പെടുന്ന ഫിലഡെൽഫി ഇടനാഴി ഇസ്രായേൽ സേന പിടിച്ചടക്കുന്നത്. ഗസ്സ കരാർ പ്രകാരം ചില സ്ഥലങ്ങളിൽനിന്ന് ഇസ്രായേൽ സേന പിന്മാറിയിട്ടുണ്ടെങ്കിലും പകുതിയിലേറെ മേഖലകളിലും സൈനിക സാന്നിധ്യമുണ്ട്.
ഗസ്സയിലെ ഭക്ഷ്യ പ്രതിസന്ധി പരിഹരിക്കാൻ ആയിരക്കണക്കിന് സഹായ ട്രക്കുകൾ അടിയന്തരമായി കടത്തിവിടണമെന്ന് യു.എൻ ജീവകാരുണ്യ അണ്ടർ സെക്രട്ടറി ജനറൽ ടോം ഫ്ലെച്ചർ ആവശ്യപ്പെട്ടു.
എന്നാൽ, മരിച്ച ബന്ദികളുടെ മൃതദേഹങ്ങൾ ഇനിയും വിട്ടുനൽകാൻ ബാക്കിയുണ്ടെന്ന് പറഞ്ഞ് ഇസ്രായേൽ അവ മുടക്കുകയാണ്.
തങ്ങൾക്ക് കണ്ടെത്താനായ എല്ലാ മൃതദേഹങ്ങളും ഇതിനകം കൈമാറിയെന്നും അവശേഷിച്ചവ കണ്ടെത്താൻ വലിയ മെഷീനുകൾ ആവശ്യമാണെന്നും ഹമാസ് പറയുന്നു. ഇസ്രായേൽ ബോംബിങ്ങിൽ പൂർണമായി തകർന്ന തുരങ്കങ്ങളും കെട്ടിടങ്ങളും പരിശോധിച്ച് വേണം ഇവ പുറത്തെത്തിക്കാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

