പത്തു പേരുമായി പോയ യു.എസ് യാത്രാ വിമാനം കാണാതായി
text_fieldsഅലാസ്ക (യു.എസ്.എ): അലാസ്കയിലെ ഉനലക്ലീറ്റിൽനിന്ന് 10 പേരുമായി യാത്ര പുറപ്പെട്ട ചെറു വിമാനം കാണാതായി. ചെറിയ ടർബോ പ്രോപ്പ് സെസ്ന വിഭാഗത്തിൽപെട്ട കാരവൻ വിമാനത്തിൽ ഒമ്പത് യാത്രക്കാരും ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. തിരച്ചിൽ പുരോഗമിക്കുകയാണ്.
ഉനലക്ലീറ്റിൽ നിന്ന് നോമിലേക്കുള്ള യാത്രക്കിടെ ബെറിങ് എയർ യാത്രാ വിമാനമാണ് കാണാതായതെന്ന് അലാസ്കയിലെ പൊതുസുരക്ഷാ വകുപ്പ് വ്യാഴാഴ്ച അറിയിച്ചു. വ്യാഴാഴ്ച ഉച്ചക്ക് പുറപ്പെട്ട വിമാനം 38 മിനിറ്റുകൾക്കു ശേഷമാണ് അപ്രത്യക്ഷമായത്. സാധാരണയായി യാത്രക്ക് ഒരു മണിക്കൂറിൽ താഴെ സമയമെടുക്കുന്ന റൂട്ടാണിത്.
മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് അലാസ്കയിൽ എയർ ടാക്സി, വിമാന അപകടങ്ങളുടെ എണ്ണം കൂടുന്നുവെന്ന് യു.എസ് സർക്കാരിന്റെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് വ്യക്തമാക്കി. പർവതപ്രദേശങ്ങളും വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയും നിറഞ്ഞ പ്രദേശമാണ് അലാസ്ക. പല ഗ്രാമങ്ങളും റോഡുകളിലൂടെ ബന്ധിപ്പിക്കാത്തതിനാൽ ആളുകളെയും സാധനങ്ങളെയും കൊണ്ടുപോകാൻ ചെറിയ വിമാനങ്ങൾ വ്യാപകമായി ഉപയോഗിക്കുന്നുണ്ട്.
ഫ്ലൈറ്റ് ട്രാക്കിങ് വെബ്‌സൈറ്റായ ഫ്ലൈറ്റ് റാഡാർ 24-ൽ നിന്നുള്ള ഡാറ്റ പ്രകാരം, അലാസ്ക ആസ്ഥാനമായുള്ള ഒരു പ്രാദേശിക എയർലൈനാണ് ബെറിംഗ് എയർ. ഏകദേശം 39 വിമാനങ്ങളും ഹെലികോപ്ടറുകളും ഇവർ സർവീസ് നടത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

