കിയവിനെ തകർക്കാൻ റഷ്യയുടെ സ്ഫോടനപരമ്പര
text_fields
കിയവ്: ഞായറാഴ്ച പുലർച്ചെ റഷ്യ നടത്തിയ സ്ഫോടനപരമ്പരകളിൽ കുലുങ്ങി കിയവ്. ആഴ്ചകളുടെ ഇടവേളകൾക്കിടെയാണ് യുക്രെയ്ൻ തലസ്ഥാനനഗരിയെ റഷ്യൻ സേന ആക്രമിക്കുന്നത്. യൂറോപ്യൻ രാജ്യങ്ങൾ യുക്രെയ്ന് വിതരണം ചെയ്ത ടാങ്കുകളും കവചിത വാഹനങ്ങളും നശിപ്പിച്ചതായി റഷ്യ അവകാശപ്പെട്ടു. ആക്രമണങ്ങളിൽ ഒരാൾക്ക് പരിക്കേറ്റതായും റിപ്പോർട്ടുണ്ട്. കിഴക്കൻ യുക്രെയ്നിലെ ഡോൺബാസ് മേഖലയിലേക്കാണ് റഷ്യ അടുത്തിടെയായി ആക്രമണം കേന്ദ്രീകരിച്ചിരുന്നത്. ഡോൺബാസിലെ സെവെറൊഡൊണേട്സ്കിൽ കനത്ത ആക്രമണമാണ് നടക്കുന്നത്.
സമീപമേഖലയായ ഡൊണേട്സ്കിലും റഷ്യയുടെ ആധിപത്യമാണ്. സെവെറൊഡൊണേട്സ്കിൽ യുക്രെയ്ൻ സേന ശക്തമായ ചെറുത്തുനിൽപ് തുടരുകയാണെന്നും എന്നാൽ പാശ്ചാത്യ ആയുധങ്ങൾ എത്തിയാൽ മാത്രമേ പ്രതിരോധം തുടരാൻ സാധിക്കുകയുള്ളൂവെന്നും ശനിയാഴ്ച ലുഹാൻസ്ക് ഗവർണർ അറിയിച്ചിരുന്നു. സെവറൊഡൊണേട്സ്കിൽ തെരുവുയുദ്ധം തുടരുകയാണെന്നും വലിയ വിഷഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും യുക്രെയ്ൻ പ്രസിഡന്റ് വൊളോദിമിർ സെലൻസ്കി പറഞ്ഞു.
മുന്നറിയിപ്പുമായി പുടിൻ
അതിനിടെ യു.എസ് യുക്രെയ്ന് ദീർഘദൂര മിസൈലുകൾ നൽകിയാൽ മറ്റ് നഗരങ്ങളിലേക്ക് കൂടി ആക്രമണം വ്യാപിപ്പിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മുന്നറിയിപ്പു നൽകി. യുക്രെയ്നിൽ ഇതുവരെ ആക്രമിക്കാത്ത നഗരങ്ങൾ തകർക്കുമെന്നാണ് പുടിന്റെ ഭീഷണി. ദേശീയ ടെലിവിഷൻ ചാനലിനു നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

