അധിനിവേശത്തിന് പുതിയ മുഖം
text_fieldsഇറാഖ് അതിർത്തിയോട് ചേർന്ന ഇറാൻ സൈനിക, പൊലീസ് കേന്ദ്രങ്ങളിൽ ആക്രമണം ശക്തമാക്കി യു.എസും ഇസ്രായേലും. ഇറാനെ തകർക്കാൻ ലക്ഷ്യമിട്ട് തലസ്ഥാന നഗരത്തിലും മറ്റു തന്ത്രപ്രധാന കേന്ദ്രങ്ങളിലും ആക്രമണം ശക്തമായി തുടരുന്നതിനിടെയാണ് വിശാലമായ പദ്ധതിയുടെ ഭാഗമായി ഇവിടെയും തകൃതിയായ ബോംബിങ്. വടക്കൻ ഇറാഖിലെ കുർദ് പോരാളികൾക്ക് യു.എസും ഇസ്രായേലും വൻതോതിൽ ആയുധമെത്തിക്കുന്നതായി കഴിഞ്ഞ ദിവസം വാർത്ത വന്നിരുന്നു. ഇറാനിൽ കലാപം സൃഷ്ടിക്കാനും ഭരണം അട്ടിമറിക്കാനും ഇതേ കുർദ് സംഘങ്ങളെ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യം. ഇറാന്റെ പടിഞ്ഞാറൻ മേഖലകളിൽ സുരക്ഷ സംവിധാനം നാമാവശേഷമാക്കിയാൽ അതിർത്തി വഴിയുള്ള കുർദ് സായുധ സംഘങ്ങളുടെ കടന്നുകയറ്റം എളുപ്പമാകും. ഇവരെ നേരിടുകയെന്ന ശ്രമകരമായ ചുമതല കൂടി ഏറ്റെടുക്കേണ്ടിവരുന്നത് തലസ്ഥാനത്ത് ഇസ്രായേലിനും അമേരിക്കക്കും കാര്യങ്ങൾ എളുപ്പമാക്കും.
കുർദിഷ് ഫ്രീഡം പാർട്ടി, പാർട്ടി ഓഫ് ഇറാനിയൽ കുർദിസ്താൻ, കുർദിസ്താൻ ഫ്രീ ലൈഫ് പാർട്ടി തുടങ്ങിയ സംഘടനകളെ ഇതിനകം അമേരിക്ക ഈ ആവശ്യത്തിനായി സമീപിച്ചുകഴിഞ്ഞു. ചില നേതാക്കളെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് നേരിട്ട് ബന്ധപ്പെടുകയും ചെയ്തിട്ടുണ്ട്. പൊലീസ് സംവിധാനം തകരാറിലായാൽ അതിർത്തി കടക്കലും പ്രശ്നം സൃഷ്ടിക്കലും എളുപ്പമാകും. ഇതിനായി ഇറാഖിൽ കുന്നിൻപ്രദേശങ്ങൾ നിറഞ്ഞ സുലൈമാനിയ പ്രവിശ്യയിലായി ഇറാൻ അതിർത്തിക്കരികെ കുർദ് സംഘങ്ങൾ നിലയുറപ്പിച്ചതായി കുർദിസ്താൻ ഫ്രീഡം പാർട്ടി വക്താവ് ഖലീൽ നാദിരിയെ ഉദ്ധരിച്ച് ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
സമാന്തരമായി പാക് അതിർത്തിയിൽ വിദൂര മലമ്പ്രദേശങ്ങളിലൂടെ ബലൂച് തീവ്ര സംഘങ്ങളും ഇറാൻ ലക്ഷ്യമിട്ട് നീക്കം തുടങ്ങിയിട്ടുണ്ട്. ഭരണം സുസ്ഥിരമാകുകയും പരമോന്നത ആത്മീയ നേതാവിന്റെ ആഹ്വാനം രാജ്യമൊന്നാകെ ചെവിക്കൊള്ളുകയും ചെയ്യുന്ന കാലം അസ്തമിച്ചെന്ന് വരുത്തി രാജ്യത്തിനകത്തും കലാപത്തിന് തിരികൊളുത്താനായാൽ ലക്ഷ്യം എളുപ്പമാകും.
ഗസ്സയിലെ സംഘർഷം രൂക്ഷമായതിനിടെ സിറിയയിൽ ബശ്ശാറുൽ അസദ് ഭരണകൂടത്തെ അനായാസം മറിച്ചിട്ട ഇസ്രായേൽ അവിടെ പാവ സർക്കാറിനെ ഭരണമേൽപിച്ചത് ഒട്ടും രക്തം ചിന്താതെയായിരുന്നു. ഒന്ന് ചെറുത്തുനിൽക്കാൻ പോലുമാകാതെപോയ ബശ്ശാർ രായ്ക്കുരാമാനം മോസ്കായിലേക്ക് നാടുവിടുകയായിരുന്നു. ഇനിയൊരു തിരിച്ചുവരവ് സമീപഭാവിയിലൊന്നും സാധ്യമാകാത്ത വിധം രാജ്യത്തെ വ്യോമ, നാവിക കേന്ദ്രങ്ങളെല്ലാം ഇരുചെവി അറിയാതെ അതേ ദിവസം ഇസ്രായേൽ ബോംബിട്ട് തകർക്കുകയും ചെയ്തു.
ഇറാനിലും കാര്യങ്ങൾ യഥാവിധി നീങ്ങിയാൽ ഭരണമാറ്റം എളുപ്പമാകുമെന്നും കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിയിൽ പഹ്ലവിയെ വെച്ച പോലെ ഒരിക്കലൂടെ അത്തരക്കാരെ വെക്കാനാകുമെന്നുമാണ് കണക്കുകൂട്ടൽ. അതിനായി, പഹ്ലവിയെയും നേരത്തെ തന്നെ യു.എസ് ഇളക്കിവിട്ടിരുന്നു.
അമേരിക്കൻ- ഇസ്രായേൽ കടന്നുകയറ്റം ഒരാഴ്ച പൂർത്തിയാകാനടുത്തെത്തി നിൽക്കെ ഇറാനിൽ ചിലയിടങ്ങളിൽ റവലൂഷനറി ഗാർഡ് സേനയും കുർദ് പെഷ്മർഗ പോരാളികളും തമ്മിൽ പോരാട്ടം നടക്കുന്നതായും റിപ്പോർട്ടുണ്ട്. ഇറാഖിൽനിന്നെന്ന പോലെ തുർക്കിയയിൽനിന്നും കുർദുകൾ അതിർത്തി കടക്കുന്നതായാണ് സൂചന. കഴിഞ്ഞ ദിവസം തുർക്കി ലക്ഷ്യമിട്ട് ഇറാൻ മിസൈൽ നാറ്റോ സേന നിർവീര്യമാക്കിയിരുന്നു.
രണ്ടാഴ്ച മുമ്പ് ഇറാനിലെ അഞ്ച് വിമത കുർദ് സംഘടനകൾ ചേർന്ന് ‘പാർട്ടി ഓഫ് ഇറാനിയൻ കുർദിസ്താൻ’ (കെ.ഡി.പി.ഐ) എന്ന പേരിൽ സഖ്യം രൂപവത്കരിച്ചിരുന്നു. സഖ്യം നേതാവായ മുസ്തഫ ഹിജ്രി ട്രംപ് നേരിട്ട് ബന്ധപ്പെട്ട കുർദ് പ്രമുഖരിലൊരാളാണ്. ഇതിനു പിന്നാലെ ഇറാൻ സേനാംഗങ്ങൾ തങ്ങളുടെ ചുമതലകൾ വിട്ട് കുടുംബത്തിലേക്ക് മടങ്ങണമെന്ന് ഹിജ്രി ആവശ്യപ്പെട്ടിരുന്നു.
മുമ്പും കുർദ് സേനകളെ യു.എസ് വ്യാപകമായി ഉപയോഗിച്ചുവന്നിട്ടുണ്ട്. 2003ൽ ഇറാഖ് അധിനിവേശത്തിനിടെയും 2014 മുതൽ 2019വരെ കാലയളവിൽ സിറിയയിൽ ബശ്ശാർ വിരുദ്ധ കലാപങ്ങളിലും കുർദുകൾക്ക് ആയുധവും സാമ്പത്തിക സഹായവും വേണ്ടുവോളം എത്തിച്ചുനൽകിയായിരുന്നു യു.എസ് നീക്കങ്ങൾ.
ഇറാനിൽ തീരെ ശുഷ്കവും ഭരണപരമായി ചിത്രത്തിന് പുറത്തുമുള്ള കുർദുകൾ ഈയവസരത്തിൽ പരമാവധി ശാക്തീകരിച്ച് രംഗത്തെത്തിക്കാനായാൽ കാര്യങ്ങൾ എളുപ്പമാകും.
നിലവിൽ ഇറാനിൽ അതിശക്തമാണ് മൊസാദ് സാന്നിധ്യമെന്ന് പെസഷ്കിയാൻ ഭരണകൂടത്തിനും വ്യക്തമാണ്. അടുത്തിടെ റവലൂഷനറി ഗാർഡ് യൂനിറ്റുകൾക്ക് നേരെ രാജ്യത്തിനകത്തുനിന്ന് തന്നെ ആക്രമണമുണ്ടായത് ഉള്ളിലെ ശത്രുക്കളിൽനിന്നാകാതെ തരമില്ലെന്നതും വ്യക്തം. ഇവരും കൂടെ കുർദ് സേനകളും അവരെ സഹായിച്ച് സി.ഐ.എ വിദഗ്ധരും ഒന്നിച്ചുള്ള പ്രവർത്തനങ്ങളാണ് നിലവിൽ യു.എസ് തന്ത്രം. അഫ്ഗാനിസ്താനിലും ഇറാഖിലുമടക്കം ഇത് വിജയകരമായതുമാണ്.
വർഷങ്ങളായി വടക്കൻ ഇറാഖിൽ അമേരിക്കൻ സാന്നിധ്യം ശക്തമാണ്, രഹസ്യ സ്വഭാവത്തോടെയാണെന്ന് മാത്രം. വാർത്താവിനിമയ കേന്ദ്രങ്ങൾ, നിരീക്ഷണ പോസ്റ്റുകൾ, പരിശീലന പരിപാടികൾ എന്നിവയെല്ലാം അമേരിക്കൻ സേന നേരിട്ട് നടത്തുന്നുണ്ട്. കുർദ്, ഇറാഖ് പോരാളികളാണ് ഇതിന്റെ ഗുണഭോക്താക്കൾ. പരമമായി അമേരിക്കയും.
ഇതേ പ്രവർത്തനം ഇറാനിലും ഇതിനകം ആരംഭിച്ചുകഴിഞ്ഞതായി ആക്സിയോസ്, ഫോക്സ് ന്യൂസ് റിപ്പോർട്ടുകൾ പറയുന്നു. ഇറാനിൽ അഞ്ചു മുതൽ 10 ശതമാനം വരെയാണ് കുർദുകളുള്ളത്. ഇവരിൽ മഹാഭൂരിപക്ഷവും ഭരണകൂട വിരുദ്ധരുമാണ്. ഇത്രയും നാൾ രാജ്യത്തിനകത്ത് പരസ്യമായി പ്രവർത്തിക്കാനാകാതെ വന്നത് ഇപ്പോൾ നേടിയെടുക്കാനാകുമെന്നാണ് കണക്കുകൂട്ടൽ.
ഇത് തളർത്താൻ ലക്ഷ്യമിട്ട് രണ്ടു ദിവസങ്ങളിലായി ഇറാൻ ആക്രമണം ആരംഭിച്ചിട്ടുണ്ട്. ബുധനാഴ്ച യു.എസ്- ഇസ്രായേൽ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് നടത്തിയ വ്യാപക ആക്രമണത്തിനിടെ കുർദ് മേഖലകളിലും വ്യാപക ആക്രമണമാണ് ഇറാൻ അഴിച്ചുവിട്ടത്. ‘ഇറാൻ വിരുദ്ധ വിഘടന ശക്തികൾ’ക്കു നേരെയാണ് ആക്രമണമെന്നാണ് വിശദീകരണം. വടക്കൻ ഇറാഖിലെ സുലൈമാനി പ്രവിശ്യയിൽ അറബാത്, സർകൂസ്, സുർദാഷ് പ്രദേശങ്ങളിലായിരുന്നു ആക്രമണം. കുർദിസ്താൻ ടോയിലേഴ്സ് അസോസിയേഷൻ എന്ന സംഘടനയുടെ ആസ്ഥാനത്ത് ആക്രമണം നടന്നതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.
പുതിയ നീക്കം ഇറാനെ മാത്രമല്ല സിറിയ, തുർക്കിയ തുടങ്ങിയ അയൽരാജ്യങ്ങളെയും ആശങ്കപ്പെടുത്തുന്നതാണ്. ഇറാൻ വിഷയത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ഇറാഖിലെ കുർദിസ്താൻ സ്വയം ഭരണ പ്രദേശത്തിന്റെ ഉപപ്രധാനമന്ത്രി ഖുബാദ് തലബാനി പറയുന്നു. എന്നാൽ, ഇറാന്റെ തെക്കുകിഴക്കൻ മേഖലയിൽ കഴിഞ്ഞ ഡിസംബറിൽ തുടങ്ങിയ സർക്കാർ വിരുദ്ധനീക്കം സമീപ നാളുകളിൽ കൂടുതൽ ഊർജിതമായിട്ടുണ്ട്. ബലൂച് വിഘടന സംഘടനയായ ജെയ്ഷ് അൽഅദ്ൽ സായുധ സംഘങ്ങളുടെ പുതിയ സഖ്യം രൂപവത്കരിച്ചത് അടുത്തിടെയാണ്. ഇതുവരെയും അടിച്ചമർത്തപ്പെട്ടോ അവഗണിക്കപ്പെട്ടോ കിടന്ന ചിലർക്ക് ഈ അധിനിവേശ തന്ത്രം അവസരമാകുമ്പോൾ രാജ്യത്തിന്റെ അഖണ്ഡതക്കും മേഖലയുടെ സുരക്ഷക്കും യു.എസിന്റെ കൈവിട്ട കളി എത്രകണ്ട് അപകടം ചെയ്യുമെന്നാണ് നോക്കിക്കാണേണ്ടത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

