Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘എന്‍റെ പൊന്നുമോളെ...

‘എന്‍റെ പൊന്നുമോളെ തിരിച്ചുതരൂ, ഞങ്ങളെക്കാണാതെ അവൾ എത്രമാത്രം കരഞ്ഞിട്ടുണ്ടാവും?’ -ധാരയായൊഴുകുന്നു ‘ധാര’യുടെ കണ്ണീർ

text_fields
bookmark_border
‘എന്‍റെ പൊന്നുമോളെ തിരിച്ചുതരൂ, ഞങ്ങളെക്കാണാതെ അവൾ എത്രമാത്രം കരഞ്ഞിട്ടുണ്ടാവും?’ -ധാരയായൊഴുകുന്നു ‘ധാര’യുടെ കണ്ണീർ
cancel

‘എന്‍റെ പൊന്നുമോൾ അവരുടെ കസ്റ്റഡിയിലാണ്. അവളെ തിരികെ കിട്ടാൻ ഞങ്ങൾ എന്തും ചെയ്യും’ -നിറ കണ്ണുകളോടെ ധാരാ ഷാ പറഞ്ഞു. അവരുടെ കുഞ്ഞ്, മൂന്നു വയസ്സുകാരി അരീഹ ഷാ രണ്ടു വർഷമായി ജർമനിയിലെ ശിശുക്ഷേമ വിഭാഗത്തിന്‍റെ കസ്റ്റഡിയിലാണ്. ലാളിച്ച് കൊതി തീരും മുമ്പേ, ഏഴു മാസം മാത്രം പ്രായമുള്ളപ്പോഴാണ് ഗുജറാത്ത് സ്വദേശികളായ ഭാവേഷിന്‍റെയും ധാരാ ഷായുടെയും കൈകളിൽനിന്ന് ജർമൻ ശിശുക്ഷേമ അധികൃതർ കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്.

നല്ലൊരു ജീവിതം സ്വപ്നം കണ്ടാണ് ഗുജറാത്ത് സ്വദേശിയും സോഫ്റ്റ് വെയർ എൻജിനീയറുമായ ഭാവേഷ് ഭാര്യ ധാരയോടൊപ്പം 2018ൽ ജർമനിയിലേക്ക് കുടിയേറുന്നത്. 2021ൽ ജർമൻ തലസ്ഥാനമായ ബെർലിനിൽ ഇരുവർക്കും ആദ്യത്തെ കൺമണിയായി പെൺകുഞ്ഞ് പിറന്നു. അരീഹ ഷാ എന്നാണ് പേരിട്ടത്. എന്നാൽ, കുടുംബത്തിന്‍റെ സന്തോഷത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. കളിക്കുന്നതിനിടെ മകൾക്കേറ്റ ചെറിയൊരു പരിക്കിനെ ചൊല്ലി ജർമൻ ശിശുവകുപ്പ് കുഞ്ഞിനെ രക്ഷിതാക്കളിൽനിന്ന് ഏറ്റെടുക്കുകയായിരുന്നു.

കുഞ്ഞിനെ കാണാനായി മുത്തശ്ശിയും ബന്ധുക്കളും ജർമനിയിലെത്തിയിരുന്നു. മുത്തശ്ശി കളിപ്പിക്കുന്നതിനിടെയാണ് കുഞ്ഞിന്‍റെ സ്വകാര്യഭാഗത്ത് അബദ്ധത്തിൽ മുറിവേൽക്കുന്നത്. കുഞ്ഞിന്‍റെ ഡയപ്പറിൽ രക്തപാടുകൾ കണ്ടതോടെയാണ് ഇത് വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. പിന്നാലെ ഇരുവരും കുഞ്ഞുമായി സമീപത്തെ ആശുപത്രിയിലെത്തി. പ്രാഥമിക ചികിത്സ നൽകി ഡോക്ടർമാർ കുടുംബത്തെ തിരിച്ചയച്ചു. തുടർപരിശോധനക്ക് വീണ്ടും മകളുമായി ഡോക്ടറെ കാണാൻ പോയതോടെയാണ് കാര്യങ്ങൾ മാറിമറിയുന്നത്. മകൾക്ക് കുഴപ്പമൊന്നുമില്ലെന്ന് ആവർത്തിച്ചു പറഞ്ഞ ആശുപത്രി അധികൃതർ, വിവരം ജർമൻ ചൈൽഡ് സർവിസിൽ അറിയിച്ചു. പിന്നാലെയാണ് അവരെത്തി കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നതും അവരുടെ കേന്ദ്രത്തിലാക്കുന്നതും.

കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന പരാതിയിൽ 2021 സെപ്റ്റംബർ 23നാണ് ശിശു ‍ക്ഷേമ വകുപ്പ് കുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുന്നത്. രണ്ടാഴ്ചയിലൊരിക്കൽ മാത്രമാണ് കുഞ്ഞിനെ കാണാൻ ദമ്പതികളെ അനുവദിച്ചിരുന്നത്. ഇതിനിടെ ദമ്പതികൾക്കെതിരെ ശിശുക്ഷേമ അധികൃതർ ലൈംഗിക അതിക്രമത്തിന് കേസെടുക്കുകയും ചെയ്തു. എന്നാൽ, അന്വേഷണത്തിനൊടുവിൽ ലൈംഗിക അതിക്രമ കുറ്റം ഒഴിവാക്കിയെങ്കിലും, ദമ്പതികളുടെ ആശ്രദ്ധയാണ് കുഞ്ഞിന്‍റെ പരിക്കിനു കാരണമായതെന്ന് ചൂണ്ടിക്കാട്ടി കേസുമായി മുന്നോട്ടുപോയി. ഒടുവിൽ 2022 ഫെബ്രുവരിയിൽ ദമ്പതികൾക്കെതിരായ എല്ലാ കേസുകളും പിൻവലിച്ചു. എന്നാൽ, കുഞ്ഞിനെ രക്ഷിതാക്കൾക്ക് തിരികെ നൽകാൻ ശിശു വകുപ്പ് തയാറായില്ല.

പിന്നാലെ ദമ്പതികളുടെ കുഞ്ഞിന്‍റെ രക്ഷാകർതൃ അവകാശങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ശിശുവകുപ്പ് കോടതിയിൽ ഒരു സിവിൽ കസ്റ്റഡി കേസ് ഫയൽ ചെയ്തു. അന്നുമുതൽ ദമ്പതികൾ കുഞ്ഞിനെ വിട്ടുകിട്ടാനുള്ള നിയമപോരാട്ടത്തിലാണ്. ഇതിനിടെ 2023 ജൂൺ 13ന് ദമ്പതികൾക്ക് കുഞ്ഞിന്മേലുള്ള രക്ഷാകർതൃ അവകാശം പൂർണമായി ഇല്ലാതാക്കി കോടതി ഉത്തരവിട്ടു. ജർമൻ ശിശു വകുപ്പിന് കുഞ്ഞിന്‍റെ പൂർണ കസ്റ്റഡി അനുവദിക്കുകയും ചെയ്തു.

സോഷ്യൽ വർക്കർമാർ നൽകിയ റിപ്പോർട്ട് അവഗണിച്ചും അവരുടെ തന്നെ വിദഗ്ധ സമിതിയുടെ നിർദേശങ്ങൾ തള്ളിയുമാണ് കോടതി ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്ന് ധാരാ ഷാ പറഞ്ഞു. ഇതിനിടെ അധികൃതരെ സത്യാവസ്ഥ പറഞ്ഞ് മനസ്സിലാക്കാൻ ദമ്പതികൾ ഏറെ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. കുഞ്ഞിന്‍റെ മുത്തശ്ശിയും തന്‍റെ വാദങ്ങൾ അധികൃതരോട് വ്യക്തമാക്കിയിരുന്നു. രക്ഷിതാക്കൾ മനഃപൂർവം കുഞ്ഞിന്‍റെ സ്വകാര്യ ഭാഗത്ത് മുറിവുണ്ടാക്കിയെന്ന നിഗമനത്തിലാണ് കോടതി എത്തിയത്.

തങ്ങളുടെ വാദത്തിന് ശക്തിപകരുന്ന കാരണങ്ങളൊന്നും ബോധ്യപ്പെടുത്താനായില്ലെന്നും കോടതി പറഞ്ഞതായി ധാര കൂട്ടിച്ചേർത്തു. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനും പരാതി നൽകിയെങ്കിലും ഇതുവരെ അനുകൂല നടപടിയുണ്ടായിട്ടില്ല. ദിനംപ്രതി കുഞ്ഞിനെ കാണാനുള്ള രക്ഷിതാക്കളുടെ ആവശ്യവും കോടതി തള്ളി. മാസത്തിൽ രണ്ടു തവണ കുഞ്ഞിനെ കാണാൻ അനുവദിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ദമ്പതികളുടെ ആവശ്യം കോടതി തള്ളിയത്.

മാസത്തിൽ ആദ്യത്തെയും മൂന്നാമത്തെയും ചൊവ്വാഴ്ച ഒരു മണിക്കൂറാണ് കുഞ്ഞിന് കാണാൻ അനുവദിക്കുന്നത്. തങ്ങളുടെ മതവിശ്വാസ പ്രകാരവും ഇന്ത്യൻ സംസ്കാരം പിന്തുടർന്നും ജീവിക്കാനുള്ള അവകാശം കുഞ്ഞിന് നിഷേധിക്കുന്നതിൽ രക്ഷിതാക്കൾക്ക് വലിയ ആശങ്കയുണ്ട്. കുഞ്ഞിനെ വിട്ടുകിട്ടാൻ ഈ ദമ്പതികൾ ഇനി മുട്ടാൻ വാതിലുകളില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:s jaishankarIndian CouplesGerman Child Services
News Summary - A Mother's Fight Against German Child Services
Next Story