‘ആ സമയം വരുന്നു...’ നെഹ്റുവിനെ ഉദ്ധരിച്ച് മംദാനിയുടെ വിജയാഘോഷം; ഇനിയും ഉറക്കെ ശബ്ദിക്കൂവെന്ന് ട്രംപിന് മറുപടി
text_fieldsസൊഹ്റാൻ മംദാനി മാതാവ് മീര നയാറിനും കുടുംബത്തിനുമൊപ്പം വിജയാഘോഷത്തിൽ
ന്യൂയോർക്ക്: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭീഷണിയെയും വെല്ലുവിളികളെയും മലർത്തിയടിച്ച് ന്യൂയോർക്ക് മേയറായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ ശക്തമായ മറുപടിയുമായി സൊഹ്റാൻ മംദാനി. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിനു പിന്നാലെ, നടന്ന ആദ്യ വിജയാഘോഷ പ്രസംഗത്തിൽ തന്നെ പ്രസിഡന്റിനുളള മറുപടി നൽകിയായിരുന്നു ന്യുയോർക്ക് നഗരത്തിന്റെ നിയുക്ത മേയറുടെ നേരിട്ടുള്ള മറുപടി.
തെരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ കടുത്ത വിദ്വേഷവും വിമർശനവുമായി പിന്തുടർന്ന ഡോണൾഡ് ട്രംപിനോട് കൂടുതൽ ഉറക്കെ ശബ്ദിക്കൂ എന്നായിരുന്നു മംദാനിയുടെ മറുപടി.
‘ട്രംപ്, ഇതെല്ലാം നിങ്ങൾ കാണുന്നുണ്ടെന്ന് എനിക്കറിയാം. നിങ്ങളോട് നാല് വാക്കുകളേ ഇപ്പോൾ പറയാനുള്ളൂ. ശബ്ദം കൂടുതൽ ഉയർത്തുക’ -വിജയ കുറിച്ച രാത്രിയിൽ അനുയായികളുടെ ആഘോഷങ്ങൾക്കിടയിൽ സൊഹ്റാൻ മംദാനി പറഞ്ഞു.
ട്രംപ് ഉൾപ്പെടെയുള്ള ശതകോടീശ്വരന്മാർക്ക് നികുതി ഒഴിവാക്കാനും നികുതി ഇളവുകൾ ചൂഷണം ചെയ്യാനും അനുവദിച്ച അഴിമതി സംസ്കാരം അവസാനിപ്പിക്കുമെന്നും പ്രഥമ പ്രഭാഷണത്തിൽ മംദാനി തുറന്നടിച്ചു.
അമേരിക്കയുടെ രാഷ്ട്രീയ അന്ധതക്കിടയിൽ വെളിച്ചം പകരുന്നതാണ് ന്യൂയോർക്കിൽ നിന്നുള്ള ഈ വിജയമെന്നും അദ്ദേഹം പറഞ്ഞു.
ഒരു രാജ്യത്തെ വഞ്ചിഞ്ച ഡൊണാൾഡ് ട്രംപിനെ എങ്ങനെ പരാജയപ്പെടുത്താമെന്ന് ആർക്കെങ്കിലും കാണിച്ചുകൊടുക്കാൻ കഴിയുമെങ്കിൽ ന്യൂയോർക്ക് മാതൃകയാണെന്നും വിജയാഘോഷത്തിൽ അനുയായികളോടായി മംദാനി പറഞ്ഞു.
ന്യൂയോർക്കിലെ ഓരോ സാധാരണക്കാരനും അവകാശപ്പെട്ടതാണ് തന്റെ വിജയം. ടാക്സി ഡ്രൈവർ മുതൽ പാചകക്കാരൻ വരെ അതിലുണ്ട്. മാറ്റത്തിനുള്ള ജനവിധി നൽകിയ രാത്രിയാണിത്. പുതിയ രാഷ്ട്രീയത്തിലേക്കുള്ള ജനവിധി. നമുക്ക് താങ്ങാനാവുന്ന നഗരത്തെ സൃഷ്ടിക്കാനുള്ള ജനവിധി -അദ്ദേഹം പറഞ്ഞു.
200 വർഷം നീണ്ടു നിന്ന ബ്രിട്ടീഷ് കോളനി വാഴ്ച അവസാനിപ്പിച്ചുകൊണ്ട് 1947ലെ ഇന്ത്യൻ സ്വാതന്ത്ര്യ ദിനാഘോഷത്തിൽ ജവഹർലാൽ നെഹ്റു നടത്തിയ പ്രസംഗത്തിലെ വരികൾ ഉദ്ധരിച്ചുകൊണ്ടായിരുന്നു മംദാനി ചരിത്ര മുഹൂർത്തത്തിൽ സംസാരിച്ചത്.
‘ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ആ നിമിഷം വരുന്നു. പഴയതിൽ നിന്ന് പുതിയതിലേക്ക് കാലെടുത്തുവയ്ക്കുമ്പോൾ, ഒരു യുഗം അവസാനിക്കുമ്പോൾ, വളരെക്കാലമായി അടിച്ചമർത്തപ്പെട്ട ജനതയുടെ ആത്മാവ് ഉച്ചത്തിൽ സംസാരിക്കുന്ന നിമിഷം വന്നെത്തുന്നു’ -നിറഞ്ഞ കൈയടികൾക്കിടയിൽ സൊഹ്റാൻ മംദാനി പറഞ്ഞു.
ഡോണൾഡ് ട്രംപിന്റെ എതിർപ്പുകളെയെല്ലാം തള്ളിയാണ് ന്യൂയോർക്കിന്റെ ആദ്യ മുസ്‍ലിം മേയറായി ഡെമോക്രാറ്റ് പ്രതിനിധി സൊഹ്റാൻ മംദാനി തെരഞ്ഞെടുക്കപ്പെടുന്നത്.
ഡോണൾഡ് ട്രംപിന്റെ പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർഥി ആൻഡ്രൂ ക്യൂമോക്കെതിരെ 51.5 ശതമാനം വോട്ട് സ്വന്തമാക്കിയാണ് ഇന്ത്യൻ വംശജനായ 34 കാരൻ അമേരിക്കയിലെ മഹാനഗരത്തിന്റെ പിതാവായി മാറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

