Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅമേരിക്കയിൽ 83,000...

അമേരിക്കയിൽ 83,000 രൂപയിലധികം വില വരുന്ന മരുന്നിന് ഇന്ത്യയിൽ 2000 മാത്രം; യു.എസ് ആരോഗ്യരംഗത്തെ തട്ടിപ്പ് കണ്ടെത്തി അമേരിക്കൻ യുവതി

text_fields
bookmark_border
അമേരിക്കയിൽ 83,000 രൂപയിലധികം വില വരുന്ന മരുന്നിന് ഇന്ത്യയിൽ 2000 മാത്രം; യു.എസ് ആരോഗ്യരംഗത്തെ തട്ടിപ്പ് കണ്ടെത്തി അമേരിക്കൻ യുവതി
cancel

അമേരിക്കയിലെ അതിരൂക്ഷമായ ആരോഗ്യ ഇൻഷുറൻസ് കൊള്ളക്കെതിരെയും അവിടുത്തെ ആരോഗ്യരംഗത്തെ ചൂഷണങ്ങൾക്കെതിരെയും ശക്തമായ വിമർശനവുമായി അമേരിക്കൻ യുവതി രംഗത്തെത്തി. തനിക്ക് അത്യാവശ്യമായി വേണ്ടിവന്ന ഒരു മരുന്നിനായി അമേരിക്കയിൽ 1,000 ഡോളർ (ഏകദേശം 83,000 രൂപയിലധികം) കൈയിൽ നിന്ന് ചിലവാക്കേണ്ടി വരുമായിരുന്ന സ്ഥാനത്ത്, ഇന്ത്യയിൽ നിർമിച്ച അതേ മരുന്ന് വെറും 25 ഡോളറിന് (ഏകദേശം 2,000 രൂപ) വാങ്ങാൻ സാധിച്ചതായാണ് യുവതി വെളിപ്പെടുത്തിയത്. വിക്ടോറിയ എന്ന യുവതി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ വൈറലാവുകയാണ്.

തന്റെ ഡോക്ടർ നിർദ്ദേശിച്ച പ്രധാനപ്പെട്ട ഒരു മരുന്നിന്റെ ചിലവ് വഹിക്കാൻ ഇൻഷുറൻസ് കമ്പനി വിസമ്മതിച്ചതോടെയാണ് വിക്ടോറിയ പ്രതിസന്ധിയിലായത്. വെറും ആറ് ചെറിയ ഗുളികകൾ അടങ്ങിയ ഒരു സ്ട്രിപ്പിനാണ് അമേരിക്കയിലെ ഫാർമസികൾ ആയിരം ഡോളർ ഈടാക്കാൻ തുനിഞ്ഞത്. ഇത്രയും വലിയ തുക ഒരു മരുന്നിനായി മാറ്റിവെക്കാൻ സാധിക്കില്ലെന്ന് മനസ്സിലാക്കിയ വിക്ടോറിയയോട് ഒടുവിൽ അവരുടെ ഡോക്ടർ തന്നെയാണ് ഒരു വഴി നിർദ്ദേശിച്ചത്. കാനഡയിലുള്ള ഒരു ഫാർമസി വഴി ഈ മരുന്ന് നേരിട്ട് ഇന്ത്യൻ നിർമാതാക്കളിൽ നിന്ന് ഓർഡർ ചെയ്യാനായിരുന്നു ഡോക്ടറുടെ ഉപദേശം.

ഡോക്ടർ പറഞ്ഞതുപോലെ കനേഡിയൻ ഫാർമസി വഴി മരുന്ന് അന്വേഷിച്ച വിക്ടോറിയക്ക് കേട്ടത് വിശ്വസിക്കാൻ കഴിഞ്ഞില്ല. പരമാവധി നൂറോ ഇരുനൂറോ ഡോളർ വരുമെന്ന് കരുതിയ മരുന്നിന് അവർ പറഞ്ഞ വില വെറും 25 ഡോളർ മാത്രമായിരുന്നു. അതിൽ 10 ഡോളർ മരുന്നിന്റെ യഥാർത്ഥ വിലയും ബാക്കി 15 ഡോളർ ഇന്ത്യയിൽ നിന്നും അമേരിക്കയിലെ അവരുടെ വിലാസത്തിലേക്ക് നേരിട്ടെത്തിക്കാനുള്ള അന്താരാഷ്ട്ര ഷിപ്പിങ് ചാർജ്ജുമായിരുന്നു. ഇന്ത്യയിലെ നിർമാതാക്കളിൽ നിന്ന് നേരിട്ട് മരുന്ന് കൈപ്പറ്റിയ ശേഷമാണ് അമേരിക്കയിലെ സാധാരണക്കാരായ ജനങ്ങൾ എത്രത്തോളം വലിയ ചൂഷണത്തിനാണ് ഇരയാകുന്നത് എന്ന് തനിക്ക് ബോധ്യപ്പെട്ടതെന്ന് വിക്ടോറിയ വിഡിയോയിൽ പറയുന്നു.

അമേരിക്കൻ ആരോഗ്യരംഗം ഒരു വലിയ തട്ടിപ്പാണെന്ന് വിക്ടോറിയ തുറന്നടിക്കുന്നു. "ഇന്ത്യയിൽ നിന്ന് വെറും പത്ത് ഡോളറിന് കിട്ടുന്ന ഈ മരുന്നിന് അമേരിക്കയിൽ ഞാൻ എന്തിനാണ് 1,000 ഡോളർ നൽകേണ്ടി വരുന്നത്? ഈ അധികമായി വാങ്ങുന്ന തുക മുഴുവൻ ആരുടെ കീശയിലേക്കാണ് പോകുന്നത്?" എന്ന് അവർ രോഷത്തോടെ ചോദിക്കുന്നു. വിഡിയോ വൈറലായതോടെ അമേരിക്കൻ ആരോഗ്യരംഗത്തെ ദുരവസ്ഥയെ പരിഹസിച്ചും, ജീവൻരക്ഷാ മരുന്നുകൾ സാധാരണക്കാർക്ക് താങ്ങാനാവുന്ന വിലയിൽ ലഭ്യമാക്കുന്ന ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ രംഗത്തെ പ്രശംസിച്ചും ലോകമെമ്പാടുമുള്ള നിരവധിയാളുകൾ കമന്റുകളുമായി രംഗത്തെത്തുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UShealthcaresocial media viralamericamedicine
News Summary - A medicine that costs over Rs 83,000 in the US costs only Rs 2,000 in India; American woman uncovers US healthcare fraud
Next Story