പാകിസ്താനിൽ 9.5 കോടി ജനങ്ങൾ ദാരിദ്ര്യത്തിൽ; അടിയന്തര നടപടി സ്വീകരിക്കണമെന്ന് ലോകബാങ്ക്
text_fieldsഇസ്ലാമാബാദ്: പാകിസ്താനിൽ ദാരിദ്ര്യം കുതിച്ചുയരുന്നതായി ലോകബാങ്ക്. കഴിഞ്ഞ സാമ്പത്തിക വർഷം 39.4 ശതമാനമായാണ് ദാരിദ്ര്യം ഉയർന്നത്. മോശം സാമ്പത്തിക സാഹചര്യങ്ങൾ കാരണം ഒരു വർഷം കൊണ്ട് 12.5 ദശലക്ഷം ജനങ്ങൾ ദാരിദ്ര്യത്തിലായതായും ലോകബാങ്കിന്റെ റിപ്പോർട്ട് പറയുന്നു. സാമ്പത്തിക സുസ്ഥിരത കൈവരിക്കാൻ അടിയന്തര നടപടി സ്വീകരിക്കാൻ പാകിസ്താനോട് ആവശ്യപ്പെടുകയും ചെയ്തു.
മുൻ വർഷം 34.2 ശതമാനമായിരുന്നു രാജ്യത്തെ ദാരിദ്രരുടെ എണ്ണം. ഇതാണ് ഒരു വർഷം കൊണ്ട് 39.4 ശതമാനമായത്. പ്രതിദിന വരുമാനം 3.65 ഡോളറിൽ കുറവുള്ളവരെയാണ് ദാരിദ്ര്യരേഖക്ക് താഴെയുള്ളവരായി കണക്കാക്കുന്നത്. ഏകദേശം 9.5 കോടി പാകിസ്താനികൾ ദാരിദ്ര്യത്തിൽ കഴിയുന്നതായാണ് കണക്ക്.
രാജ്യത്തെ ജനങ്ങളുടെ ജീവിതനിലവാരം സമാന രാജ്യങ്ങളേക്കാൾ ഏറെ താഴെയാണെന്ന് ലോകബാങ്കിലെ പാകിസ്താൻ കാര്യ സാമ്പത്തിക വിദഗ്ധനായ തോബിയാസ് ഹേഖ് പറഞ്ഞു. രാജ്യത്തെ ‘വിശുദ്ധ പശുക്കളായ’ കാർഷിക, റിയൽ എസ്റ്റേറ്റ് മേഖലകളിൽ നികുതി ചുമത്തണം. അനാവശ്യ ചെലവുകൾ ഒഴിവാക്കി സാമ്പത്തിക സുസ്ഥിരത കൈവരിക്കുകയും വേണമെന്ന് അദ്ദേഹം പറഞ്ഞു.

