ഇന്ത്യൻ മുത്തശ്ശി പാകിസ്താനിലെ ജൻമഗൃഹത്തിലെത്തി, 75 വർഷത്തിനു ശേഷം
text_fieldsഇസ്‍ലാമാബാദ്: ജനിച്ചുവളർന്ന വീടിന്റെ സ്നേഹത്തണലിൽ അലിയാൻ 92 വയസുള്ള റീന ഛിബാർ ഇന്ത്യയിൽ നിന്ന് പാകിസ്താനിലെത്തി. 75 വർഷത്തിനു ശേഷമാണ് അവർ തന്റെ പൈതൃകഗേഹത്തിലെത്തിയത്. മൂന്നുമാസത്തെ വിസയാണ് ഇന്ത്യൻ മുത്തശ്ശിക്ക് പാക് ഹൈകമ്മീഷണർ അനുവദിച്ചതെന്ന് പാക് പത്രമായ എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ട് ചെയ്തു. റാവൽപിണ്ഡിയിലെ പ്രേം നിവാസിലാണ് അവരുടെ പൈതൃക ഗൃഹം സ്ഥിതി ചെയ്യുന്നത്.
വാഗാ-അത്താരി അതിർത്തി വഴിയാണ് മുത്തശ്ശി പാകിസ്താനിലെത്തിയത്. വിഭജനാനന്തരം വേർപെട്ടുപോയ തങ്ങളെ പോലുള്ളവർക്കായി ഇന്ത്യ-പാക് സർക്കാരുകൾ വിസ നടപടികൾ എളുപ്പത്തിലാക്കാൻ നടപടി സ്വീകരിക്കണമെന്നും റീന ഛിബാർ ആവശ്യപ്പെട്ടു. മതത്തിന്റെ പേരിൽ യാതൊരു വിധത്തിലുള്ള വേർതിരിവും കാണിക്കാത്ത കുടുംബമായിരുന്നു തന്റേതെന്ന് അവർ മാധ്യമങ്ങളോട് പറഞ്ഞു. തന്റെ സഹോദരങ്ങൾക്ക് വ്യത്യസ്ത മതവിഭാഗങ്ങളിലുള്ള സുഹൃത്തുക്കൾ ഉണ്ടെന്നും അവരെല്ലാം വീട്ടിലെത്തിയിരുന്നതായും അവർ സൂചിപ്പിച്ചു.
1947ലാണ് റീനയും കുടുംബവും ഇന്ത്യയിലെത്തിയത്. അപ്പോൾ 15 വയസായിരുന്നു അവർക്ക്. താൻ ജനിച്ചു വളർന്ന വീടും അയൽപക്കവും നഗരവുമൊന്നും മനസിൽ നിന്ന് മായ്ക്കാനാവില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. 1965ൽ പാകിസ്താൻ സന്ദർശിക്കാൻ റീന വിസക്കായി അപേക്ഷ നൽകിയിരുന്നുവെങ്കിലും അനുവദിച്ചില്ലെന്ന് എക്സ്പ്രസ് ട്രൈബ്യൂൺ റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യ-പാക് സംഘർഷം കൊടുമ്പിരിക്കൊണ്ട കാലമായിരുന്നു അത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

