കണ്ണീരും ആലിംഗനവും അഭിവാദ്യങ്ങളും; ഇസ്രായേൽ ജയിലിൽനിന്ന് മോചിതരായ 90 ഫലസ്തീനികൾക്ക് വൻ സ്വീകരണം
text_fieldsഗസ്സ സിറ്റി: ഹമാസ്-ഇസ്രായേൽ വെടിനിർത്തൽ കരാറിനുശേഷം ഗസ്സയിലെ ആദ്യ ഇസ്രായേൽ തടവുകാരുടെ കൈമാറ്റത്തിനു പിന്നാലെ 90 ഫലസ്തീനികൾ ഇസ്രായേൽ തടവറയിൽ നിന്ന് മോചിതരായി. അധിനിവേശ വെസ്റ്റ് ബാങ്കിലേക്ക് മടങ്ങിയെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ള തടവുകാരെ ബന്ധുക്കളും സുഹൃത്തുക്കളും അടങ്ങിയ വൻ ജനക്കൂട്ടം ആഹ്ലാദാരവങ്ങളോടെ സ്വീകരിച്ചു. ആഘോഷങ്ങൾ അനുവദിക്കില്ലെന്ന ഇസ്രായേലി സേനയുടെ മുന്നറിയിപ്പ് അവഗണിച്ചായിരുന്നു ഇത്.
പ്രാദേശിക സമയം തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് 90 ഫലസ്തീൻ തടവുകാരുമായി റെഡ് ക്രോസ് ബസുകൾ അധിനിവേശ വെസ്റ്റ് ബാങ്കിലെ റമല്ലയിൽ എത്തി. മടങ്ങിയെത്തിയ തടവുകാരിൽ പലരെയും വൈകാരികാവേശത്തോടെ കാത്തിരുന്നവർ തോളിലേറ്റി. മറ്റുള്ളവർ ഉച്ചത്തിൽ അഭിവാദ്യങ്ങൾ അർപ്പിക്കുകയും വിസിലടിക്കുകയും ചെയ്തു. പലരും ഫതഹ്, ഹമാസ്, ഫലസ്തീൻ ഇസ്‍ലാമിക് ജിഹാദ്, മറ്റ് സായുധ പ്രതിരോധ ഗ്രൂപ്പുകൾ എന്നിവയുടെ പതാകകൾ വഹിച്ചിരുന്നു.
മോചിപ്പിക്കപ്പെട്ട ഫലസ്തീനികളിൽ അധിനിവേശ വെസ്റ്റ് ബാങ്കിൽ നിന്നും ജറുസലേമിൽ നിന്നുമുള്ള 69 സ്ത്രീകളും 21 കൗമാരക്കാരായ ആൺകുട്ടികളും ഉൾപ്പെടുന്നു. ഇതിൽ ചിലർ 12 വയസ്സ് മാത്രമുള്ളവരാണ്.
മോചിതരായവരിൽ ഇടതുപക്ഷ പ്രസ്ഥാനമായ പോപ്പുലർ ഫ്രണ്ട് ഫോർ ലിബറേഷൻ ഓഫ് ഫലസ്തീന്റെ മുൻനിര അംഗമായ 62കാരിയായ ഖാലിദ ജരാറും ഉൾപ്പെടുന്നു. ‘അഡ്‌മിനിസ്‌ട്രേറ്റീവ് തടങ്കലിൽ’ ആറ് മാസത്തോളം ഏകാന്തതടവിലായിരുന്നു അവർ. ഈ തടങ്കൽ ഇസ്രായേലി അധികാരികൾക്ക് ഫലസ്തീനികളെ കുറ്റവിചാരണയോ കോടതിയോ കൂടാതെ അനിശ്ചിതകാലത്തേക്ക് ജയിലിലടക്കാൻ അനുവാദം നൽകുന്നു.
കഴിഞ്ഞ മാർച്ചിൽ തടവിലാക്കപ്പെട്ട ഫലസ്തീൻ പത്രപ്രവർത്തക ബുഷ്‌റ അൽ തവിലും തിങ്കളാഴ്ച മോചിപ്പിച്ച തടവുകാരിൽ ഉൾപ്പെടും. മോചനത്തിന് മുമ്പായി അവരെ അടച്ചിരുന്ന ജയിലിൽ നിന്ന് മോചനത്തിനായി കാത്തിരിക്കുന്ന മറ്റ് ഫലസ്തീനികൾക്കൊപ്പം രണ്ടാമത്തെ ജയിലിലേക്കു മാറ്റി. ‘കാത്തിരിപ്പ് വളരെ കഠിനമായിരുന്നു. എന്നാൽ ദൈവത്തിന് നന്ദി. ഏതു നിമിഷവും മോചിതരാകുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ടായിരുന്നു’ -അവർ പറഞ്ഞു. ഇസ്രായേൽ ജയിലിൽ കഴിയുന്ന തന്റെ പിതാവും ഉടൻ മോചിതനാകുമെന്ന് തവിൽ പ്രത്യാശിച്ചു. ‘ഞാൻ അദ്ദേഹത്തെക്കുറിച്ച് ആശങ്കാകുലയായിരുന്നു. എന്നാൽ, ഈ ഇടപാടിന്റെ ഭാഗമായി അദ്ദേഹത്തെ മോചിപ്പിക്കുമെന്ന ശുഭവാർത്തയാണ് എനിക്ക് ലഭിച്ചതെന്നും’ അവർ കൂട്ടിച്ചേർത്തു.
മോചിതരായ തടവുകാരെ അഭിവാദ്യം ചെയ്യാൻ തടിച്ചുകൂടിയ നൂറുകണക്കിനാളുകളുടെ കൂട്ടത്തിൽ റാമല്ലയിൽ നിന്നുള്ള 23 കാരിയായ അമാൻഡ അബു ഷർഖും ഉൾപ്പെടുന്നു. മോചിപ്പിക്കപ്പെടുന്ന തടവുകാരുടെ കുടുംബങ്ങളെപ്പോലെ അതിന് സാക്ഷ്യം വഹിക്കാനും വികാരങ്ങൾ അനുഭവിക്കാനുമാണ് തങ്ങൾ ഇവിടെ വന്നതെന്ന് അബു ഷാർഖ് പറഞ്ഞു. ‘ഇന്ന് മോചിപ്പിക്കപ്പെടുന്ന എല്ലാ തടവുകാരും ഞങ്ങൾക്ക് കുടുംബാംഗങ്ങളെപ്പോലെയാണ്. രക്തബന്ധമുള്ളവരല്ലെങ്കിലും അവലെല്ലാവരും ഞങ്ങളുടെ ഭാഗമാണ്’ -അവർ പറഞ്ഞു.
തടവുകാരെ മോചിപ്പിക്കുമെന്ന് അറിഞ്ഞയുടൻ റാമല്ലയിൽ നിന്ന് സുഹൃത്തുക്കളോടൊപ്പം എത്തിയതാണ് 20 കാരനായ മുഹമ്മദ്. ഇസ്രായേൽ ജയിലിൽ നിന്ന് അടുത്തിടെ മോചിതനായ മുഹമ്മദ്, കുടുംബങ്ങൾ വീണ്ടും ഒന്നിക്കുന്നതിനെക്കുറിച്ചുള്ള ചിന്തയിൽ അതിയായ സന്തോഷം പ്രകടിപ്പിച്ചു. ‘ജയിലിൽ ഒരുപാട് ആളുകളെ എനിക്കറിയാം. നിരപരാധികളും കുട്ടികളും സ്ത്രീകളും എല്ലാം ഉണ്ട്’ -മുഹമ്മദ് പറഞ്ഞു.
2023 നവംബറിന് ശേഷം ഹമാസും ഇസ്രായേലും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം ഇത്തരത്തിൽ ആദ്യത്തേതാണ്. വെടിനിർത്തൽ കരാറിന്റെ ഭാഗമായി മോചിപ്പിക്കപ്പെടേണ്ട ഫലസ്തീനികളുടെ കൃത്യമായ എണ്ണം ഇപ്പോഴും അജ്ഞാതമാണ്. 1,000 മുതൽ ഏകദേശം 2,000 വരെയാണെന്നാണ് റിപ്പോർട്ട്. കരാറിന്റെ ആദ്യ ഘട്ടമായ 42 ദിവസത്തിനുള്ളിൽ മൊത്തം 33 ഇസ്രായേലി തടവുകാരെ ഹമാസ് തിരികെ നൽകുമെന്ന് പ്രതീക്ഷിക്കുന്നു.
വെടിനിർത്തൽ കരാർ രണ്ടാംഘട്ട ചർച്ചകൾ രണ്ടാഴ്ചക്കുള്ളിൽ ആരംഭിക്കും. ഒക്ടോബർ 7ന് യുദ്ധം ആരംഭിച്ചതിനുശേഷം 46,000ത്തിലധികം ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഇസ്രായേൽ പലായന ഉത്തരവുകളും ആക്രമണങ്ങളും മൂലം ഗസ്സയിലെ ജനസംഖ്യയുടെ 90 ശതമാനവും നിർബന്ധിതമായി കുടിയിറക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

