ചൈനയിൽ കൽക്കരി ഖനിയിൽ വൻ സ്ഫോടനം; 82 മരണം, ഒമ്പത് പേരെ കാണാനില്ല
text_fieldsബീജിങ്: വടക്കൻ ചൈനയിലെ കൽക്കരി ഖനിയിലുണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 82 ആയി ഉയർന്നു. ഷാൻസി പ്രവിശ്യയിലെ ലിയുഷെൻയു കൽക്കരി ഖനിയിലാണ് വൻ ദുരന്തമുണ്ടായത്.അപകടത്തിൽപ്പെട്ട ഒമ്പത് പേർക്കായി ഇപ്പോഴും തിരച്ചിൽ തുടരുകയാണെന്ന് ചൈനീസ് ഔദ്യോഗിക മാധ്യമമായ സി.സി.ടി.വി റിപ്പോർട്ട് ചെയ്തു. ഖനിക്കുള്ളിൽ മാരക വിഷവാതകമായ കാർബൺ മോണോക്സൈഡിന്റെ അളവ് പരിധിക്കപ്പുറം ഉയർന്നതാണ് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നത്. ഭൂഗർഭ അറകളിൽ കുടുങ്ങിക്കിടക്കുന്ന ചിലരുടെ നില അതീവ ഗുരുതരമാണെന്നാണ് വിവരം.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. സ്ഫോടനം നടക്കുമ്പോൾ 247 തൊഴിലാളികൾ ഖനിക്കുള്ളിൽ ജോലിയിലുണ്ടായിരുന്നു. അപകടത്തിന് ഉത്തരവാദികളായ ഖനി കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരെ ചൈനീസ് അധികൃതർ കസ്റ്റഡിയിലെടുത്തിട്ടുണ്ട്
സംഭവത്തിൽ അടിയന്തരമായി ഇടപെട്ട ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ്, പരിക്കേറ്റവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താൻ ഉത്തരവിട്ട അദ്ദേഹം, ഇത്തരം വൻ ദുരന്തങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ മേഖലകളിലും സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കണമെന്നും നിർദ്ദേശിച്ചു. കൃത്യമായ വിവരങ്ങൾ സമയബന്ധിതമായി പുറത്തുവിടണമെന്നും സുരക്ഷാ വീഴ്ച വരുത്തിയവർക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി ലി ചിയാങ്ങും ആവശ്യപ്പെട്ടു.
ആദ്യഘട്ടത്തിൽ എട്ട് പേർ മാത്രമാണ് മരിച്ചതെന്നും ഇരുനൂറിലധികം പേരെ സുരക്ഷിതമായി പുറത്തെത്തിച്ചെന്നുമായിരുന്നു സിൻഹുവ റിപ്പോർട്ട് ചെയ്തിരുന്നത്. എന്നാൽ മരണസംഖ്യ പെട്ടെന്ന് 82 ലേക്ക് ഉയർന്നതിന്റെ കാരണം വ്യക്തമല്ല. പ്രദേശത്ത് ഇപ്പോഴും രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.
ചൈനയിലെ പ്രധാന കൽക്കരി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഷാൻസി പ്രവിശ്യയിൽ മുമ്പും സമാനമായ അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. രാജ്യത്തെ ഖനന സുരക്ഷയിൽ അടുത്ത കാലത്തായി പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിലും, പലയിടങ്ങളിലും സുരക്ഷാ മാനദണ്ഡങ്ങളിലെ വീഴ്ചകൾ ഇപ്പോഴും വലിയ അപകടങ്ങൾക്ക് കാരണമാകുന്നുണ്ട്. ലോകത്തിൽ ഏറ്റവും കൂടുതൽ കൽക്കരി ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

