യു.എസ് മസാജ് പാര്‍ലറിൽ വെടിവെപ്പ്: നാല് ഏഷ്യന്‍ സ്ത്രീകള്‍ അടക്കം എട്ടു പേര് കൊല്ലപ്പെട്ടു
text_fieldsന്യൂയോർക്: അമേരിക്കയിലെ അറ്റ്ലാന്റയില്‍ രണ്ടു മസാജ് പാര്‍ലറിൽ നടന്ന വെടിവെപ്പില്‍ എട്ടു മരണം. മരിച്ചവരില്‍ നാലുപേര്‍ ഏഷ്യന്‍ വംശജരാണ്. ചൊവ്വാഴ്ച വൈകീട്ടാണ് മസാജ് പാര്‍ലറുകളിൽ വെടിവെപ്പ് നടന്നത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. വെടിവെപ്പു കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ആയുധധാരിയായ 21 വയസ്സുകാരനെ പ്രദേശത്തുനിന്ന് അറസ്റ്റുചെയ്തതായി പൊലീസ് പറഞ്ഞു.
എന്നാല്‍ ഇയാളാണോ പ്രതിയെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. മരിച്ചവര്‍ ഏതു രാജ്യത്തു നിന്നുള്ളവരാണെന്നും പുറത്തുവിട്ടിട്ടില്ല. കിഴക്കനേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ളവരാണ് കൊല്ലപ്പെട്ടവരിൽ കൂടുതലെന്നാണ് വിവരം. അറ്റ്ലാന്റ നഗരത്തിന് 50 കി.മീറ്റര്‍ വടക്കുള്ള ഗ്രാമീണമേഖലയായ അക്വര്‍ത് പ്രദേശത്തെ യങ്സ് ഏഷ്യന്‍ മസാജ് പാര്‍ലറിലാണ് ആദ്യ സംഭവം. രണ്ടുപേര്‍ ഇവിടെ സംഭവസ്ഥലത്തുെവച്ചുതന്നെ മരിച്ചു. ആറുമണിയോടെയാണ് അറ്റ്ലാന്റക്കു സമീപത്തെ മറ്റൊരു നഗരമായ ബങ്ക്ഹെഡിലും വെടിവെപ്പ് നടന്നത്.
ഏഷ്യന്‍ അമേരിക്കന്‍ വംശജര്‍ക്കെതിരെയുള്ള ആസൂത്രിത ആക്രമണമാണ് നടന്നതെന്ന് കരുതുന്നു. ആഫ്രിക്കന്‍ അമേരിക്കന്‍ വംശജര്ക്കുനേരെയും ഏഷ്യന്‍ വംശജര്ക്കുനേരെയും ഇവിടെ ആക്രമണങ്ങള്‍ പതിവായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് റോബര്‍ട്ട് ആരോണ്‍ ലോങ് എന്നയാളെയാണ് വുഡ്സ്റ്റോക്കില്നിന്ന് പൊലീസ് അറസ്റ്റുചെയ്തത്. ആക്രമണത്തിന് തൊട്ടുമുമ്പ് ഇയാളുടെ ചിത്രങ്ങള്‍ സി.സി ടി.വി കാമറയിൽ പതിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു.
സ്പാ വ്യവസായരംഗവുമായി ബന്ധപ്പെട്ടുനില്ക്കുന്ന സ്ഥലങ്ങളിലും സമീപപ്രദേശങ്ങളിലും പട്രോളിങ് ശക്തമാക്കിയതായി പൊലീസ് പറഞ്ഞു.