ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം; സുനാമി മുന്നറിയിപ്പ്
text_fieldsടോക്യോ: വടക്കൻ ജപ്പാനിൽ 7.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി ജപ്പാൻ കാലാവസ്ഥാ ഏജൻസി. 10 അടി വരെ ഉയരത്തിൽ തിരമാലകൾ ഉണ്ടാകുമെന്ന സുനാമി മുന്നറിയിപ്പും അധികൃതർ നൽകി. വടക്കൻ ഇവേറ്റ് പ്രിഫെക്ചറിനടുത്തുള്ള പസഫിക് സമുദ്രത്തിൽ വൈകിട്ടോടെയാണ് ഭൂകമ്പം ഉണ്ടായത്. തുടർന്ന് ടോക്കിയോയിൽ ഉൾപ്പെടെ ജപ്പാന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെടുകയായിരുന്നു.
തീരപ്രദേശങ്ങളിൽ നിന്നും നദീതീരങ്ങളിൽ നിന്നും സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറാൻ അധികൃതർ മുന്നറിയിപ്പ് നൽകി. സുനാമി തിരമാലകൾ ആവർത്തിച്ച് ആഞ്ഞടിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മുന്നറിയിപ്പ് പിൻവലിക്കുന്നതുവരെ സുരക്ഷിത സ്ഥാനത്തുതന്നെ തുടരണമെന്നും മുന്നറിയിപ്പിൽ പറയുന്നു. ദുരന്ത നിവാരണ സംഘത്തെ രൂപീകരിച്ചതായി പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.
ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിലൊന്നാണ് ജപ്പാൻ. പസഫിക് സമുദ്രത്തിന് ചുറ്റുമുള്ള ലോകത്തിലെ ഏറ്റവും തീവ്രമായ ഭൂകമ്പ-അഗ്നിപർവ്വത മേഖലയായ റിങ് ഓഫ് ഫയറിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്നതിനാൽ, ഇവിടെ നിരന്തരം വൻ ഭൂകമ്പങ്ങളും അഗ്നിപർവ്വത സ്‌ഫോടനങ്ങളും സുനാമികളും ഉണ്ടാകാറുണ്ട്. നാല് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകൾ കൂടിച്ചേരുന്ന സ്ഥലമായതിനാൽ ജപ്പാൻ ലോകത്തിലെ ഏറ്റവും വലിയ ഭൂകമ്പ സാധ്യതയുള്ള രാജ്യങ്ങളിൽ ഒന്നായാണ് കണക്കാക്കുന്നത്. 12.5 കോടിയോളം ജനങ്ങളുള്ള ജപ്പാനിൽ വർഷത്തിൽ 1,500 ഓളം ഭൂചലനങ്ങൾ അനുഭവപ്പെടാറുണ്ട്. ലോകത്തിലെ ഭൂകമ്പങ്ങളുടെ 18 ശതമാനത്തോളം ഇവിടെയാണ് സംഭവിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

