ബാഴ്സലോണ തെരുവ് നിറഞ്ഞ് ഫലസ്തീൻ; വംശഹത്യക്കെതിരെ അണിനിരന്നത് 70,000ത്തോളം പേർ
text_fieldsബാഴ്സലോണയിൽ നടന്ന ഫലസ്തീൻ ഐക്യദാർഢ്യ റാലി
ബാഴ്സലോണ: മണ്ണിനും ചുമരിനും ആകാശത്തിനും തുകൽപന്തിന്റെ ഗന്ധമുള്ള നാടാണ് ബാഴ്സലോണ. സ്പാനിഷ് ഫുട്ബാളിന്റെ ഈറ്റില്ലം. ഒരുപിടി താരങ്ങളുടെ ഉജ്വല പ്രകടനവുമായി കാൽപന്ത് ആരാധകരുടെ മനസ്സിൽ ഇടം നേടിയ ബാഴ്സലോണയിലെ തെരുവുകൾ കഴിഞ്ഞ ദിവസം നിറഞ്ഞത് ഏതെങ്കിലുമൊരു ഫുട്ബാൾ മത്സരത്തിനോ, ഗാലറിയിലേക്കുള്ള യാത്രക്കോ ആയിരുന്നില്ല.
ഗസ്സയിലെ ഇസ്രായേൽ വംശഹത്യക്കെതിരായ സ്പെയിനിന്റെ താക്കീതായി സ്ത്രീകളും കുട്ടികളും പുരുഷന്മാരും ഉൾപ്പെടെ പല പ്രായക്കാർ തുടർച്ചയായി മൂന്നു ദിവസങ്ങളിൽ ഇവിടെ തെരുവിലിറങ്ങി. രണ്ടു വർഷമാവുന്ന ഇസ്രായേലിന്റെ ഗസ്സ വംശഹത്യക്കെതിരെ സ്പാനിഷ് സർക്കാർ കർശന നിലപാട് സ്വീകരിക്കണം എന്ന ആവശ്യവുമായാണ് പ്രതിഷേധക്കാർ അണിനിരന്നത്.
ഇസ്രായേലിന്റെ കോളനി വൽകരണം അവസാനിപ്പിക്കുക, വംശഹത്യയും അധിനിവേശവും നിർത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച പ്രതിഷേധക്കാർ, സ്പാനിഷ് സർക്കാറിനോടും സ്ഥാപനങ്ങളോടും കമ്പനികളോടും ഇസ്രായേലുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കാനും ആഹ്വാനം ചെയ്തു.
ശനിയാഴ്ച ബാഴ്സലോണയിലെ ജർഡിനെറ്റ്സ് ഗ്രാസിയയിൽ നിന്നും യൂറോപ്യൻ കമ്മീഷൻ ഹെഡ് ക്വാർട്ടേഴ്സിന് മുന്നിലേക്ക് നടന്ന വൻ റാലിയിൽ 70,000 ത്തോളം പേർ അണിനിരന്നു. ഇസ്രായേൽ വംശഹത്യക്കിരയാവുന്ന ഫലസ്തീനികളുടെ സംരക്ഷണത്തിനായി യൂറോപ്യൻ യൂണിയൻ കൂടുതൽ ഇടപെടൽ നടത്തണമെന്നും ആവശ്യപ്പെട്ടു.
‘ഫ്രീ ഫ്രീ ഫലസ്തീൻ... ഇസ്രായേലിനെ ബഹിഷ്‍കരിക്കുക’.. തുടങ്ങിയ മുദ്രാവാക്യങ്ങൾക്കൊപ്പം കാറ്റലോണിയയുടെ സ്വാതന്ത്ര്യം ആവശ്യപ്പെട്ടുള്ള മുദ്രാവാക്യങ്ങളും മുഴങ്ങി.
യുദ്ധമല്ല, ഇത് വംശഹത്യയാണെന്നായിരുന്നു ഉയർന്നു കേട്ട മറ്റൊരു മുദ്രാവാക്യം.
തുടർച്ചയായി മൂന്നാം ദിവസമാണ് ബാഴ്സലോണയിൽ ഫലസ്തീൻ അനുകൂല പ്രതിഷേധ റാലികൾ അരങ്ങേറുന്നത്. ഗസ്സയിലേക്ക് പുറപ്പെട്ട സുമുദ് േഫ്ലാട്ടില സഹായ ബോട്ടുകൾ ഇസ്രായേൽ തടഞ്ഞതിനു പിന്നാലെ ആരംഭിച്ച റാലികളും പ്രതിഷേധങ്ങളും കഴിഞ്ഞ ദിവസം ഏറ്റവും വലിയ റാലിയായി മാറുകയായിരുന്നു. മുൻ ബാഴ്സലോണ മേയർ അഡ കൊലു, കാറ്റലോണിയ എം.പി പിലാർ കസ്ററിലേ എന്നിവരും സഹായ ബോട്ടുകളിലുണ്ടായിരുന്നു. ഇവരുടെ അറസ്റ്റിലും പ്രതിഷേധ റാലികൾ നടന്നു.
മുൻ സ്പാനിഷ് ഫുട്ബാളറും പ്രമുഖ പരിശീലകനുമായ പെപ് ഗ്വാർഡിയോള ഉൾപ്പെടെ പ്രമുഖർ റാലിക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

