ലൊസാഞ്ചലസിൽ കുടിയേറ്റ നയത്തിനെതിരെ സംഘര്‍ഷം രൂക്ഷം: 700 മറീനുകളെ വിന്യസിച്ച് ട്രംപ്
text_fieldsലൊസാഞ്ചലസ്: ഡോണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ കുടിയേറ്റ നയത്തിനെതിരെ കാലിഫോര്‍ണിയയിലെ ലൊസാഞ്ചലസില്‍ വെള്ളിയാഴ്ച ആരംഭിച്ച പ്രതിഷേധം ശക്തമായി തുടരുന്നതിനിടെ യു.എസ് സൈന്യത്തിന്റെ ഭാഗമായ മറീനുകളെ ഫെഡറല്‍ സര്‍ക്കാര്‍ കാലിഫോര്‍ണിയയിൽ വിന്യസിച്ചു. നേരത്തെ പ്രതിഷേധം അടിച്ചമര്‍ത്താന്‍ ട്രംപ് നാഷനല്‍ ഗാര്‍ഡിനെ ഇറക്കിയെങ്കിലും പ്രതിഷേധക്കാര്‍ പിരിഞ്ഞുപോയില്ല. ഇതോടെയാണ് മറീനുകളെ അയച്ചത്.
തിങ്കളാഴ്ച 700 പേര്‍ വരുന്ന യു.എസ് മറീന്‍ സംഘത്തെ ലൊസാഞ്ചലസിലേക്ക് അയച്ചതായി മുതിര്‍ന്ന യു.എസ് പ്രതിരോധ അധികൃതരെ ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നാഷനല്‍ ഗാര്‍ഡിനെ സഹായിക്കുന്നതിന് വേണ്ടിയാണ് മറീനുകളെ അയച്ചത്. സംഘര്‍ഷം തുടര്‍ന്നാല്‍ ഇവരുടെ എണ്ണം 2000 ആയി ഉയർത്തിയേക്കാം. നാഷനല്‍ ഗാര്‍ഡിലെ 2000 സുരക്ഷാ ഉദ്യോഗസ്ഥരെ കൂടി അധികമായി വിന്യസിക്കുമെന്നും റിപ്പോർട്ടുണ്ട്.
എന്നാൽ ക്രമസമാധാന പാലനത്തിനായി സൈന്യത്തെ വിന്യസിക്കണമെങ്കില്‍ ഇന്‍സറക്ഷന്‍ ആക്ട് പ്രാബല്യത്തില്‍ കൊണ്ടുവരണം. നിയമം നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട് പ്രതിരോധ ആസ്ഥാനമായ പെന്റഗണ്‍ ഔദ്യോഗിക പ്രസ്താവനകളൊന്നും പുറത്തുവിട്ടിട്ടുമില്ല. ഈ ആക്ട് പ്രാബല്യത്തിലാക്കിയാല്‍ സൈന്യത്തിന് നേരിട്ട് ക്രമസമാധാന പാലനം ഏറ്റെടുക്കാനാകും. എന്നാല്‍ കടുത്ത നടപടികളിലേക്ക് പെട്ടെന്ന് കടന്നേക്കില്ലെന്നാണ് സൂചന. ആഭ്യന്തര കലാപത്തിന് സാധ്യതയുള്ളപ്പോഴും പ്രാദേശിക പൊലീസിന് ക്രമസമാധാനം നിയന്ത്രിക്കാൻ സാധിക്കാതെ വരുമ്പോഴുമാണ് ഇൻസറക്ഷൻ ആക്ട് നടപ്പാക്കാറുള്ളത്.
കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റിക് സര്‍ക്കാരിന്റെ എതിര്‍പ്പ് മറികടന്നാണ് പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ നാഷനല്‍ ഗാര്‍ഡിനെ ഇറക്കാന്‍ ട്രംപ് ഉത്തരവിട്ടത്. അതുപ്രകാരം, ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ കാവല്‍ ഞായറാഴ്ച വൈകിട്ടോടെ നാഷനല്‍ ഗാര്‍ഡ് ഏറ്റെടുത്തിരുന്നു. പ്രക്ഷോഭങ്ങളിലേറെയും ഫെഡറല്‍ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കു മുന്നിലാണ്. കാലിഫോര്‍ണിയന്‍ നാഷനല്‍ ഗാര്‍ഡിലെ മുന്നൂറോളംപേരെ സംഘര്‍ഷബാധിത പ്രദേശത്ത് വിന്യസിച്ചെന്ന് യു.എസ് നോര്‍ത്തേണ്‍ കമാന്‍ഡ് അറിയിച്ചു.
അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തുന്നതിനായി ലൊസാഞ്ചലസിലുടനീളം വ്യാഴാഴ്ചമുതല്‍ കുടിയേറ്റകാര്യവിഭാഗം റെയ്ഡ് തുടങ്ങിയതോടെയാണ് ആളുകള്‍ തെരുവിലിറങ്ങിയത്. ലാറ്റിനമേരിക്കന്‍ വംശജര്‍ കൂടുതലായി പാര്‍ക്കുന്ന ഇടങ്ങളിലായിരുന്നു റെയ്ഡ്. പ്രതിഷേധക്കാരെ കലാപകാരികളെന്നാണ് ട്രംപ് വിശേഷിപ്പിച്ചത്. പലയിടത്തും പ്രതിഷേധം ഏറ്റുമുട്ടലില്‍ കലാശിച്ചതോടെ പാരമൗണ്ട് ഉള്‍പ്പെടെയുള്ള സംഘര്‍ഷബാധിത മേഖലകളില്‍ കൂട്ടംചേരല്‍ നിരോധിച്ചു.
ഗൂഗ്ളിന്റെ മാതൃകമ്പനിയായ ആല്‍ഫബെറ്റിന് കീഴിലെ വെയ്മോ കമ്പനിയുടെ നിരവധി ഡ്രൈവറില്ലാ കാറുകള്‍ ഞായറാഴ്ച രാത്രി പ്രതിഷേധക്കാര്‍ കത്തിച്ചു. പൊലീസിനുനേരേ കല്ലും പുകബോംബും എറിഞ്ഞു. പൊലീസിന്‍റെ തിരിച്ചടിയിൽ റബ്ബര്‍ ബുള്ളറ്റ് ഏറ്റ് ഓസ്‌ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് പരിക്കേറ്റു. ചാനല്‍ നയൻ റിപ്പോര്‍ട്ടര്‍ ലോറന്‍ ടൊമാസിക്കാണ് പരിക്കുപറ്റിയത്. ശനി, ഞായര്‍ ദിവസങ്ങളിലായി 39 പേരെ അറസ്റ്റുചെയ്തു.
നാഷനല്‍ ഗാര്‍ഡിനെ വിന്യസിച്ച ട്രംപിന്റെ നടപടിയെ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഗാവിന്‍ ന്യൂസം 'നിയമവിരുദ്ധ'മെന്ന് വിശേഷിപ്പിച്ചു. ഫെഡറല്‍ സര്‍ക്കാരിനെതിരെ കേസുകൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട് കാലിഫോര്‍ണിയയുടെ പരമാധികാരം ലംഘിക്കാനാണ് ട്രംപിന്റെ ശ്രമമെന്നും കുറ്റപ്പെടുത്തി. പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചതാണ് സംഘര്‍ഷം വഷളാക്കിയതെന്ന് കാലിഫോര്‍ണിയയിലെ ഡെമോക്രാറ്റുകള്‍ ആരോപിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.