ഗസ്സയിൽ പരക്കെ ബോംബിട്ട് ഇസ്രായേൽ; 69 മരണം
text_fieldsകൈറോ: ഈജിപ്തിന്റെ തലസ്ഥാനമായ കൈറോയിൽ വെടിനിർത്തൽ ചർച്ചകൾ പുരോഗമിക്കവേ, തെക്കൻ ഗസ്സ മുനമ്പിൽ 48 മണിക്കൂറിനിടെ ഇസ്രായേൽ സേന നടത്തിയ വ്യത്യസ്ത ആക്രമണങ്ങളിൽ 69 പേർ കൊല്ലപ്പെട്ടു. 202 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഒരു കുടുംബത്തിലെ കുട്ടികൾ അടക്കം 11 പേരും ഉൾപ്പെടും. ശനിയാഴ്ച പുലർച്ചെ ഖാൻ യൂനുസിലെ ഇവരുടെ വീടിന് മേൽ ബോംബിടുകയായിരുന്നു. ഖാൻ യൂനുസിലും പരിസരത്തും നടത്തിയ മൂന്നിലേറെ ആക്രമണങ്ങളിൽ 33 പേരും ഖാൻ യൂനുസിന്റെ തെക്കൻ ഭാഗത്ത് വാഹനത്തിനു നേരെ നടന്ന വ്യോമാക്രമണത്തിൽ 17 പേരുമാണ് കൊല്ലപ്പെട്ടത്. ഖാൻ യൂനുസിന്റെ കിഴക്ക് ഭാഗത്ത് വാഹനത്തെ ലക്ഷ്യമിട്ട് നടത്തിയ മറ്റൊരു ആക്രമണത്തിൽ അഞ്ചുപേരും കൊല്ലപ്പെട്ടു. ആക്രമണങ്ങളെക്കുറിച്ച് ഇസ്രായേൽ സേന പ്രതികരിച്ചിട്ടില്ല.
അതിനിടെ, ഖാൻ യൂനുസിന്റെ പടിഞ്ഞാറൻ ഭാഗത്തെ ജനവാസ മേഖലയിൽനിന്ന് 10 മൃതദേഹങ്ങൾ കണ്ടെടുത്തു. ഇവർ എങ്ങനെ മരിച്ചതാണെന്ന് വ്യക്തമായിട്ടില്ലെങ്കിലും കഴിഞ്ഞ ആഴ്ച ഇസ്രായേൽ സേന തുടർച്ചയായി ബോംബാക്രമണം നടത്തിയ മേഖലയാണിതെന്ന് ഗസ്സയിലെ നാസർ ആശുപത്രി അറിയിച്ചു. 10 മാസത്തിലേറെ നീണ്ട അധിനിവേശ സേനയുടെ ആക്രമണത്തിൽ 40,334 പേർ കൊല്ലപ്പെട്ടു.
വെടിനിർത്തൽ പ്രതീക്ഷ കൈവിടാതെ യു.എസ്
വാഷിങ്ടൺ: കൈറോയിൽ മധ്യസ്ഥ ചർച്ച നല്ലനിലയിൽ പുരോഗമിക്കുന്നുണ്ടെന്നും ഗസ്സ വെടിനിർത്തൽ സാധ്യമാകുമെന്നാണ് പ്രതീക്ഷയെന്നും വൈറ്റ് ഹൗസ് പ്രതികരിച്ചു. സി.ഐ.എ ഡയറക്ടർ വില്യം ബേൺസ്, യു.എസ് പ്രസിഡന്റിന്റെ പശ്ചിമേഷ്യ കാര്യ ഉപദേഷ്ടാവ് ബ്രെറ്റ് മക്ഗുർക് എന്നിവരാണ് യു.എസിനെ പ്രതിനിധാനം ചെയ്ത് ചർച്ചയിൽ പങ്കെടുക്കുന്നത്.
യു.എസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവുമായും വെള്ളിയാഴ്ച ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി എന്നിവരുമായും ഫോണിൽ സംസാരിച്ചതായി യു.എസ് ദേശീയ സുരക്ഷ വക്താവ് ജോൺ കിർബി പറഞ്ഞു. ഖലീൽ ഹയ്യയുടെ നേതൃത്വത്തിൽ ഹമാസ് സംഘം കൈറോയിൽ ഉണ്ടെങ്കിലും ചർച്ചയിൽ നേരിട്ട് പങ്കെടുക്കുമോ എന്ന് വ്യക്തമല്ല. കഴിഞ്ഞയാഴ്ചത്തെ ചർച്ച ഹമാസ് ബഹിഷ്കരിച്ചിരുന്നു.
പുതിയ നിബന്ധനകൾ പറഞ്ഞ് നെതന്യാഹു ചർച്ച പൊളിക്കുകയാണെന്നാണ് ഹമാസ് ആരോപണം. മേയ് അവസാനം യു.എസ് പ്രസിഡന്റ് സമർപ്പിച്ച വെടിനിർത്തൽ നിർദേശം തങ്ങൾക്ക് സമ്മതമാണെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

