Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ...

ഇസ്രായേൽ ‘ബന്ദി’കളാക്കിയത് 6,600 ഫലസ്തീനികളെ; 73 സ്ത്രീകൾ, 327 കുട്ടികൾ

text_fields
bookmark_border
ഇസ്രായേൽ ‘ബന്ദി’കളാക്കിയത് 6,600 ഫലസ്തീനികളെ; 73 സ്ത്രീകൾ, 327 കുട്ടികൾ
cancel

തെൽഅവീവ്: ഹമാസ് ബന്ദികളാക്കിയ ഇസ്രായേലി പൗരൻമാരുടെ മനുഷ്യാവകാശത്തെ കുറിച്ച് ലോകം വേവലാതിപ്പെടുമ്പോൾ, മറന്നുപോകുന്ന 6,600 മനുഷ്യരുണ്ട്. ഇസ്രായേൽ തടവറയിൽ മൃഗീയ പീഡനം അനുഭവിക്കുന്ന ഫലസ്തീനികളാണവർ. മിക്കവരും വർഷങ്ങളായി അകാരണമായി തടവിലടക്കപ്പെട്ടവർ. അവരിൽ രണ്ടുപേർ നവജാത ശിശുക്കളാണ്. 327 പേർ കൊച്ചുകുഞ്ഞുങ്ങൾ. 73 പേർ സ്ത്രീകളും.

ഇവരുടെ മോചനത്തിന് വേണ്ടി ഒരു മുറവിളിയും ഇതുവരെ ഉയർന്നുകേൾക്കുന്നില്ല. പിഞ്ചുപൈതങ്ങളടക്കമുള്ള ഇവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ട് സന്ധി സംഭാഷണങ്ങൾക്കള വേദി ഒരുങ്ങുന്നുമില്ല. ഈ സാഹചര്യത്തിലാണ് ഇസ്രായേൽ തടവിലിട്ട തങ്ങളുടെ പൗരൻമാ​രെ മോചിപ്പിച്ചാൽ ബന്ദികളെ മോചിപ്പിക്കാമെന്ന് ഗസ്സയിൽ അധികാരത്തിലിരിക്കുന്ന ഹമാസ് വാഗ്ദാനം ചെയ്യുന്നത്.

ഫലസ്തീൻ പ്രിസണേഴ്‌സ് സൊസൈറ്റിയുടെ കണക്കനുസരിച്ച് ഏകദേശം 6,600 ഫലസ്തീനികളാണ് ഇസ്രായേൽ ജയിലുകളിൽ കഴിയുന്നത്. സംഘർഷത്തിന് മുമ്പ് അയ്യായിരത്തിലധികം ഫലസ്തീനികളെ ഇസ്രായേൽ ജയിലുകളിൽ തടവിലാക്കിയിരുന്നു. ഒക്ടോബർ 7 ന് ശേഷം 1680 പേർ അറസ്റ്റ് ചെയ്യപ്പെട്ടുവെന്ന് ഫലസ്തീൻ പ്രിസണേഴ്സ് സമിതി വ്യക്തമാക്കി. ഇന്ന് മാത്രം 85 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഹമാസിന്‍റെ ആദ്യ ഉപ പ്രധാനമന്ത്രിയായിരുന്ന നാസിറുദ്ദീൻ അശ്ശാഇർ ഉൾപ്പെടെ പ്രധാന നേതാക്കളും അറസ്റ്റ് ചെയ്യപ്പെട്ടവരിലുണ്ട്.

photo: jadaliyya.com

73 ഫലസ്തീൻ വനിതകൾ ഇസ്രായേൽ ജയിലുകളിൽ കഴിയുന്നതായി പ്രിസണേഴ്‌സ് സൊസൈറ്റി വ്യക്തമാക്കുന്നു. ജയിലിൽ അമ്മമാരോടൊപ്പം കഴിയുന്ന രണ്ട് ശിശുക്കൾ ഉൾപ്പെടെ 327 കുട്ടികൾ തടവറയിൽ തളക്കപ്പെട്ടു. 17 മാധ്യമപ്രവർത്തകരെയും ജയിലിലടച്ചു. കരുതൽ തടങ്കൽ എന്ന ഓമനപ്പേരിൽ 1,800 പേരെ കുറ്റം പോലും ചുമത്താതെയാണ് തടവിലാക്കിയത്. 2022ൽ 860 പേരെയായിരുന്നു ഇങ്ങനെ പിടികൂടി ജയിലിലടച്ചത്.

അന്യായമായി ജയിലിലടച്ച ഫലസ്തീനി​കളോട് ഇസ്രായേൽ കൊടുംക്രൂരതയാണ് കാണിക്കുന്നതെന്ന് തടവുകാർക്ക് വേണ്ടിയുള്ള ഫലസ്തീൻ അതോറിറ്റി കമ്മീഷൻ തലവൻ ഖാദുറ ഫാരിസ് കഴിഞ്ഞദിവസം വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. “അവർ ജയിൽ ക്ലിനിക്കുകൾ അടച്ചുപൂട്ടുകയും തടവുകാരെ ആശുപത്രികളിലേക്കും പുറ​ത്തെ ക്ലിനിക്കുകളിലേക്കും കൊണ്ടുപോകുന്നത് തടയുകയും ചെയ്തു. തുടർച്ചയായ ചികിത്സ ആവശ്യമുള്ള കാൻസർ രോഗികൾക്ക് വരെ ഇതാണവസ്ഥ. സ്ഥിരമായി മരുന്ന് ആവശ്യമുള്ള ഗുരുതര രോഗികൾക്ക് മരുന്ന് കൊടുക്കുന്നില്ല. തടവുകാരെ എല്ലാവരെയും വെള്ളവും ഭക്ഷണവും കൊടുക്കാ​തെ പട്ടിണിക്കിടുകയാണ്" -അദ്ദേഹം പറഞ്ഞു.

‘തടവുകാർക്ക് നേരെ ശാരീരിക ആക്രമണങ്ങളും അപമാനകരമായ പെരുമാറ്റവും വർധിക്കുന്നു എന്നതാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായുള്ള ഏറ്റവും അപകടകരമായ കാര്യം. അറസ്റ്റിലായ എല്ലാവരും ആക്രമിക്കപ്പെടുന്നു. പല തടവുകാരുടെയും കൈകാലുകൾ അടിച്ചൊടിക്കുന്നു. കൈവിലങ്ങുകൊണ്ട് കൈകൾ പിറകിലേക്ക് കെട്ടി വേദനിപ്പിക്കൽ, നഗ്നരാക്കി കൂട്ട പരിശോധന തുടങ്ങി ഉപദ്രവവും അപമാനവും തുടരുകയാണ്’ -ഖാദുറ ഫാരിസ് പറഞ്ഞു.

56 വർഷത്തെ സൈനിക അധിനിവേശത്തിനിടെ ദിവസേന 15-20 പേരെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. എന്നാൽ, ഒക്‌ടോബർ 7 ന് ശേഷം അധിനിവേശ വെസ്റ്റ് ബാങ്കിൽനിന്നും കിഴക്കൻ ജറുസലേമിൽനിന്നും പ്രതിദിനം 120 പേരെയാണ് പിടിച്ചുകൊണ്ടുപോകുന്നതെന്നും ഖാദുറ ഫാരിസ് പറഞ്ഞു.

അതിനിടെയാണ് തങ്ങൾ തടവിലാക്കിയ ഇസ്രായേലി പൗരൻമാരായ മൂന്ന് ബന്ദി സ്ത്രീകളുടെ വിഡിയോ ഹമാസ് പുറത്തുവിട്ടത്. ഇസ്രായേൽ തടവിലാക്കിയ ഫലസ്തീനികളെ മോചിപ്പിച്ച് തങ്ങളുടെ മോചനം ഉറപ്പാക്കണമെന്ന് ബന്ദികൾ ഇസ്രായേൽ ഗവൺമെന്റിനോട് ആവശ്യപ്പെടുന്നതാണ് വിഡിയോയിലുള്ളത്. ഒക്‌ടോബർ 7ന് ഹമാസ് നടത്തിയ ആക്രമണത്തിൽനിന്ന് പൗരൻമാരെ സംരക്ഷിക്കുന്നതിൽ ഇസ്രായേലി സർക്കാർ പരാജയപ്പെട്ടതായി ബന്ദിയായ സ്ത്രീ ഹീബ്രു ഭാഷയിൽ പറയുന്നു. “ഒക്‌ടോബർ ഏഴിന്റെ നിങ്ങളുടെ രാഷ്ട്രീയ, സൈനിക പരാജയത്തിന്റെ ഉത്തരവാദിത്തം ഞങ്ങളാണ് ചുമക്കുന്നത്. സൈന്യമോ മറ്റാരെങ്കിലുമോ ഞങ്ങളെ സംരക്ഷിക്കാനെത്തിയില്ല. ഞങ്ങൾ ഇസ്രായേലിന് നികുതി അടക്കുന്ന നിരപരാധികളായ പൗരന്മാരാണ്. ഞങ്ങൾ മോശമായ അവസ്ഥയിൽ തടവിലാണ്. നിങ്ങൾ ഞങ്ങളെ കൊല്ലുകയാണ്. നിങ്ങൾ ഞങ്ങളെ ​കൊലക്ക് കൊടുക്കുകയാണോ? എല്ലാവരെയും കൊന്നത് മതിയായില്ലേ? ഇതുവരെ കൊല്ലപ്പെട്ട ഇസ്രായേൽ പൗരന്മാരുടെ എണ്ണം മതിയായില്ലേ?’ -ബന്ദിയാക്കപ്പെട്ട സ്ത്രീ ചോദിക്കുന്നു. “ഞങ്ങളെ ഉടൻ മോചിപ്പിക്കൂ. അവരുടെ പൗരന്മാരെയും വിട്ടയക്കൂ. അവരിൽനിന്ന് പിടികൂടി തടവിലാക്കിയവരെ മോചിപ്പിക്കൂ, ഞങ്ങളെ എല്ലാവരെയും മോചിപ്പിക്കൂ.. ഞങ്ങൾ ഞങ്ങളുടെ കുടുംബങ്ങളിലേക്ക് മടങ്ങട്ടെ...! ” -വിഡിയോയിൽ സ്ത്രീ പറയുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Palestinian PrisonersGaza Genocide
News Summary - 6,600 Palestinians are being held in Israeli jails
Next Story