ഗസ്സയിലേക്ക് പ്രതിദിനം 600 സഹായ ട്രക്കുകളെത്തും
text_fieldsഗസ്സ സിറ്റി: മരണം പെയ്ത 15 മാസത്തിനിടെ ജീവിതം മഹാദുരിതത്തിലാക്കിയ കൊടിയ പട്ടിണികൂടി നീങ്ങുമെന്ന സന്തോഷത്തിൽ ഫലസ്തീനികൾ. ഓരോ ദിവസവും 600 സഹായ ട്രക്കുകൾ ഗസ്സയിലെത്താൻ കരാർ വ്യവസ്ഥ ചെയ്യുന്നു. ഗസ്സയെ നെടുകെ പിളർത്തി ദക്ഷിണ- വടക്കൻ മേഖലകൾക്കു നടുവിൽ പുതുതായി ഇസ്രായേൽ നിർമിച്ച നെറ്റ്സാറിം അതിർത്തിയിൽനിന്ന് ഇസ്രായേൽ സേന ആദ്യഘട്ടത്തിൽതന്നെ പിൻവാങ്ങും.
റഫ അതിർത്തിയോട് ചേർന്ന് ഫിലഡെൽഫിയ ഇടനാഴിയിലെ ഇസ്രായേൽ സൈനിക സാന്നിധ്യവും ഗണ്യമായി കുറയും. വടക്കൻ ഗസ്സയിലേക്ക് കാറുകളുടെ പ്രവേശനം നിയന്ത്രിക്കാൻ ഖത്തറിന്റെയും ഈജിപ്തിന്റെയും നേതൃത്വത്തിൽ പ്രത്യേക വിഭാഗം പ്രവർത്തിക്കും. തെക്കൻ ഗസ്സയിൽ കുരുങ്ങിക്കിടക്കുന്ന വടക്കൻ ഗസ്സയിലെ ലക്ഷങ്ങൾക്ക് ജന്മനാട്ടിലേക്ക് മടങ്ങാനും അവസരമൊരുങ്ങും.
ഖത്തർ തലസ്ഥാനമായ ദോഹയിൽ ഖത്തർ, ഈജിപ്ത്, ഇസ്രായേൽ, ഹമാസ് പ്രതിനിധികൾക്ക് പുറമെ യു.എസിൽനിന്ന് ഭരണകൂടത്തിന്റെയും നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും പ്രതിനിധികളും ചർച്ചകളുടെ ഭാഗമായി. കരാർ സൂചനകൾ വന്നതോടെ ട്രംപ് നേരിട്ട് സമൂഹമാധ്യമത്തിൽ അറിയിച്ചതും ശ്രദ്ധേയമായി. ഹമാസിനെ പ്രതിനിധീകരിച്ച് ഖലീൽ അൽഹയ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് കരാർ അംഗീകരിച്ചതായി ഖത്തറിനെയും ഈജിപ്തിനെയും അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

