റഷ്യൻ അധിനിവേശം; അയൽരാജ്യങ്ങളിലേക്ക് അഭയാർഥികളായി യുക്രെയ്ൻ സിംഹങ്ങളും
text_fieldsമാഡ്രിഡ്: യുക്രെയ്നിൽ റഷ്യ തുടരുന്ന അധിനിവേശത്തിൽ ഏകദേശം 20 ലക്ഷം സാധാരണക്കാർ യുക്രെയ്ൻ ഉപേക്ഷിച്ച് അയൽരാജ്യങ്ങളിലേക്ക് പലായനം ചെയ്തെന്നാണ് യു.എൻ നൽകുന്ന കണക്ക്. ഇപ്പോഴും അഭയാർഥി പ്രവാഹം തുടരുകയാണ്. മനുഷ്യർ മാത്രമല്ല, മൃഗങ്ങളും രക്ഷതേടി അയൽ രാജ്യങ്ങളിൽ അഭയം പ്രാപിക്കുന്ന കാഴ്ചയാണ് കാണുന്നത്. യുക്രെയ്നിൽനിന്ന് രക്ഷപ്പെടുത്തിയ ആറ് സിംഹങ്ങളെ സ്‌പെയിനിലെയും ബെൽജിയത്തിലെയും രണ്ട് മൃഗസംരക്ഷണ കേന്ദ്രങ്ങളിൽ എത്തിച്ചതായി അധികൃതർ അറിയിച്ചു. ആറ് കടുവകൾ, രണ്ട് കാട്ടുപൂച്ചകൾ, ഒരു കാട്ടുപട്ടി എന്നിവക്കൊപ്പം സിംഹങ്ങൾ കഴിഞ്ഞയാഴ്ച പോളണ്ടിലെ മൃഗശാലയിൽ എത്തി. തലസ്ഥാനമായ കൈവിൽനിന്നാണ് ഇവയെ എത്തിച്ചത്.
ഡച്ച് മൃഗസംരക്ഷണ സന്നദ്ധ സംഘടനയായ എ.എ.പി നടത്തുന്ന കിഴക്കൻ സ്‌പെയിനിലെ അലികാന്റെയിലുള്ള ഒരു റെസ്‌ക്യൂ സെന്റർ ബുധനാഴ്ച നാല് സിംഹങ്ങളെയും കാട്ടുനായയെയും രക്ഷപ്പെടുത്തിയിരുന്നു.
ഗിസ് എന്ന് വിളിക്കുന്ന ഒരു സിംഹത്തെ ഒരു ഷോപ്പിംഗ് സെന്ററിലെ ഒരു ചെറിയ കൂട്ടിൽനിന്നാണ് കണ്ടെത്തിയതെന്ന് സന്നദ്ധ പ്രവർത്തകർ പറഞ്ഞു.
ഫ്ലോറി എന്ന് വിളിക്കുന്ന മറ്റൊരു സിംഹത്തെ ഒരു ചെറിയ അപ്പാർട്ട്മെന്റിൽ വളർത്തുമൃഗമായി വളർത്തിയ നിലയിലായിരുന്നു. നിള എന്ന മറ്റൊരു സിംഹത്തെ ഉപഭോക്താക്കൾക്ക് വിനോദത്തിനായി സൂക്ഷിച്ചിരുന്ന ഒരു നിശാക്ലബിൽ നിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
സാർ, ജാമിൽ എന്നിങ്ങനെ പേരുള്ള മറ്റ് രണ്ട് സിംഹങ്ങളെ ബുധനാഴ്ച പിടികൂടിയതായി ഗ്രൂപ്പ് ഫേസ്ബുക്കിൽ അറിയിച്ചു.
മൃഗങ്ങൾ മൂന്ന് മാസത്തേക്ക് ക്വാറന്റൈനിൽ തുടരുമെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

