അവസാനമില്ലാതെ കൊലപാതക പരമ്പര; സമാധാനപദ്ധതി അംഗീകരിച്ചതിന് പിന്നാലെ ഗസ്സയിൽ ആക്രമണം തുടർന്ന് ഇസ്രായേൽ, ആറ് മരണം
text_fieldsഇസ്രായേൽ ആക്രമണത്തിൽ പാർപ്പിടം നഷ്ടമായതിന് പിന്നാലെ ഗാസ മുനമ്പിലെ റോഡരികിൽ അഭയം തേടിയ ഫലസ്തീനി കുടുംബം [ചിത്രം:റോയിട്ടേഴ്സ്] .
ഗസ്സസിറ്റി: വെടിനിർത്തലിനായി യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് അനുഭാവ പൂർവം പ്രതികരിച്ച് മണിക്കൂറുകൾക്ക് പിന്നാലെ ഗസ്സയിൽ ആക്രമണം നടത്തി ഇസ്രായേൽ. ഗസ്സയിലുടനീളം നടന്ന ബോംബിങിൽ ആറ് മരണം റിപ്പോർട്ട് ചെയ്തു. ജനവാസമേഖലയിലെ വീടുകളിൽ ബോബ് വീണ് ഗസ്സ സിറ്റിയിൽ നാലുപേരും ഖാൻ യൂനുസിൽ രണ്ടുപേരുമാണ് മരിച്ചത്.
‘വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച പുലർച്ചെയുമായി ഇസ്രായേൽ സൈന്യം തുടർച്ചയായി വ്യോമാക്രണമം നടത്തുകയായിരുന്നുവെന്ന് ഗസ്സ സിവിൽ ഡിഫൻസ് വക്താവ് മഹ്മൂദ് ബസ്സൽ പറഞ്ഞു. ഗസ്സയിൽ ഉടനീളം കടുത്ത ഷെല്ലിംഗും വ്യോമാക്രമണവുമുണ്ടായതായും മഹ്മൂദ് പറഞ്ഞു.
എല്ലാ ബന്ദികളുടെയും മോചനമെന്ന സമാധാന പദ്ധതിയുടെ ആദ്യഘട്ടം നടപ്പിലാക്കാൻ ഇസ്രായേൽ തയ്യാറെടുക്കുകയാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഓഫീസ് ശനിയാഴ്ച അറിയിച്ചു. ട്രംപിന്റെ സമാധാന പദ്ധതിയുടെ ആദ്യഘട്ടമെന്നോണം ഇസ്രായേലികളായ ബന്ദികളെ ഹമാസ് വിട്ടയക്കും.
ഗസ്സയിലുടനീളം നടത്തി വന്നിരുന്ന സൈനീക നീക്കം നിറുത്തിവെക്കാൻ മേധാവികൾക്ക് നെതന്യാഹു ഭരണകൂടം നിർദേശം നൽകിയതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം, സമാധാന പദ്ധതിയുടെ ആദ്യഘട്ടത്തിന് തയ്യാറെടുക്കുകയാണെന്ന് വ്യക്തമാക്കിയ ഇസ്രായേൽ സൈനീകമേധാവി, സൈനീക വിന്യാസം കുറക്കുന്നതടക്കം വിഷയങ്ങളിൽ പ്രതികരിച്ചില്ല.
വെളളിയാഴ്ചയാണ് ഹമാസ് മേഖലയിൽ സുസ്ഥിരമായ സമാധാനം കൊണ്ടുവരാൻ തയ്യാറാണെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചത്. സമാധാന ശ്രമങ്ങൾ ത്വരിതപ്പെടുത്തുന്നതിനായി ഇസ്രായേൽ അടിയന്തിരമായി വെടി നിർത്തണമെന്നും അദ്ദേഹം നിർദേശിച്ചിരുന്നു. അതേസമയം, ട്രംപ് മുന്നോട്ടുവെച്ച 20 ഇന നിർദേശങ്ങളിൽ നിരായുധീകരണമക്കം വിഷയങ്ങൾ ഹമാസ് ഇനിയും അംഗീകരിച്ചിട്ടില്ലെന്നാണ് വിവരം.
ഹമാസ് ബന്ദികളാക്കിയവരുടെ കുടുംബവും ചർച്ചകൾക്കായി നെതന്യാഹു ഭരണകൂടത്തിന് മേൽ സമ്മർദ്ദം ശക്തമാക്കിയിരുന്നു. തദ്ദേശീയമായി ശക്തമായ ജനരോഷവും ഉയർന്നിരുന്നുവെങ്കിലും തീവ്ര വലതുപക്ഷത്തിന്റെ പിന്തുണയിൽ ഗസ്സയിൽ നടപടിയുമായി മുന്നോട്ടുപോകാൻ നെതന്യാഹു ഭരണകൂടം തീരുമാനിച്ചതിന് പിന്നാലെയാണ് ട്രംപിന്റെ ഇടപെടൽ.
ഇസ്രായേൽ നടപടികളിൽ ഗസ്സയിൽ ഇതുവരെ 66,288 ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്കുകൾ. 169,165 ആളുകൾക്ക് പരിക്കേറ്റതായും ആരോഗ്യ വകുപ്പ് അധികൃതർ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

