52 ദിവസം ഭൂഗർഭ അറയിൽ; ലൈംഗിക പീഡനത്തിനിരയായ ഏഴ് വയസുകാരനെ മോചിപ്പിച്ചു
text_fieldsഏഴ് വയസുകാരനെ തടവിൽ പാർപ്പിച്ച ഭൂഗർഭ അറ
മോസ്കോ: റഷ്യയിൽ 52 ദിവസം ഭൂഗർഭ അറയിലെ തടവിൽ ലൈംഗിക പീഡനത്തിനിരയായ ഏഴ് വയസ്സുകാരനെ രക്ഷാപ്രവർത്തകർ മോചിപ്പിച്ചു. 26കാരനായ ബാല ലൈംഗിക പീഡകൻ ദിമിത്രി കൊപ്യ്ളോവിനെ പൊലീസ് പിടികൂടി. ബാലനെ രക്ഷിതാക്കൾക്ക് കൈമാറി.മോസ്കോയിൽ നിന്ന് 185 മൈൽ അകലെയുള്ള വ്ലാദിമിർ മേഖലയിലെ മകാരിഖയിലെ ദിമിത്രിയുടെ വീടിന്റെ ഭൂഗർഭ അറയിൽനിന്നാണ് പ്രത്യേക ദൗത്യസംഘം കുട്ടിയെ രക്ഷപ്പെടുത്തിയത്.
പിടിയിലായ ദിമിത്രി കൊപ്യ്ളോവ്
സെപ്റ്റംബർ 28ന് സ്കൂളിൽനിന്ന് വീട്ടിലേക്ക് മടങ്ങിയ ബാലനെ ദിമിത്രി തട്ടിക്കൊണ്ടുപോയി തന്റെ വീട്ടിലെ ഭൂഗർഭ അറയിൽ തടവിലാക്കി ലൈംഗിക ചൂഷണത്തിനിരയാക്കുകയായിരുന്നെന്ന് പൊലീസ് പറയുന്നു. രഹസ്യ വിവരം ലഭിച്ച ദൗത്യസംഘം അതിസാഹസിക നീക്കത്തിലൂടെ ദിമിത്രിയുടെ വീട്ടിൽ ഇടിച്ചുകയറുകയും ബാലനെ രക്ഷിക്കുകയുമായിരുന്നു. ഇരുമ്പ് വാതിലും ജനലും തകർത്താണ് പൊലീസുകാർ ഭൂഗർഭ അറയ്ക്കുള്ളിൽ പ്രവേശിച്ചത്. ജയിൽ മുറിയെ ഓർമിപ്പിക്കുന്ന രീതിയിലാണ് ഈ ഒളിത്താവളം ഒരുക്കിയിരുന്നത്. ഒരു കട്ടിലും ശബ്ദം പുറത്ത് കേൾക്കാതിരിക്കാനുള്ള സംവിധാനങ്ങളും രഹസ്യ അറയിലുണ്ടായിരുന്നു. ഇതിൻ്റെ മുകൾ നിലയിലാണ് ദിമിത്രി താമസിച്ചിരുന്നത്.
രക്ഷപ്പെടുത്തിയ ബാലനെ വീട്ടുകാർക്ക് കൈമാറിയപ്പോൾ
കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ദിമിത്രി ഡാർക്ക് വെബ്ബിൽ നടത്തിയ ചില ഇടപെടലുകളാണ് നിർണായക കണ്ടെത്തലിലേക്ക് നയിച്ചത്. കുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയതിൻ്റെ വിശദാംശങ്ങൾ ദിമിത്രി ഡാർക്ക് വെബ്ബിലെ ചാറ്റുകളിൽ പ്രതിപാദിച്ചിരുന്നു. ഡാർക്ക് വെബ് സസൂക്ഷ്മം നിരീക്ഷിക്കുന്ന അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങളിലെ ഇന്റലിജൻസ് സംഘങ്ങളും ഇന്റർപോളും ഇക്കാര്യം റഷ്യൻ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിക്കുകയായിരുന്നു. പ്രതിയെ തിരിച്ചറിയാനും കുട്ടിയെ തടവിൽ പാർപ്പിച്ച സ്ഥലം മനസിലാക്കാനും ഇതിലൂടെ കഴിഞ്ഞു. തുടർന്ന് പൊലീസും സൈന്യവും സന്നദ്ധ പ്രവർത്തകരും ഉൾപ്പെട്ട പ്രത്യേക ദൗത്യസംഘമാണ് കുട്ടിയെ മോചിപ്പിച്ചത്.
ദൗത്യസംഘം രക്ഷാപ്രവർത്തനത്തിൽ
ദിവസങ്ങൾ നീണ്ട തടങ്കൽ ജീവിതത്തിനിടെ പ്രതി കുട്ടിയെ 'ബ്രെയിൻവാഷ്' ചെയ്തതായും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. രക്ഷപ്പെടുത്തിയ കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം മാതാപിതാക്കൾക്ക് കൈമാറി. അവൻ്റെ മാനസികാരോഗ്യം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണെന്ന് പൊലീസ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

