കൊളംബിയയിൽ ജയിലിൽ കലാപം; 51 മരണം
text_fieldsബൊഗോട്ട: കൊളംബിയൻ നഗരം തുലുവയിലെ ജയിലിൽ നടന്ന കലാപത്തിൽ 51 പേർ കൊല്ലപ്പെട്ടു. 30 പേർക്ക് പരിക്കേറ്റു. ജയിൽ കലാപങ്ങളെ തുടർന്ന് രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ ദുരന്തമാണിത്. തടവുകാർ പ്രതിഷേധിക്കുന്നതിന്റെ ഭാഗമായി കിടക്കകൾ കത്തിച്ചപ്പോൾ തീപിടിത്തമുണ്ടാകുകയായിരുന്നുവെന്ന് ദേശീയ ജയിൽ ഡയറക്ടർ ജെൻ ടിറ്റോ കാസ്റ്റെല്ലാനോസ് പറഞ്ഞു.
49 പേർ സംഭവസ്‍ഥലത്ത് വെച്ചും രണ്ട് പേർ ആശുപത്രിയിൽ വെച്ചും മരണത്തിന് കീഴടങ്ങി. നിരവധി പേരെ ഒഴിപ്പിച്ചു. പോർചുഗൽ സന്ദർശനത്തിലായ കൊളംബിയൻ പ്രസിഡന്റ് ഇവാൻ ഡ്യൂക് സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ടു. അപകടത്തെ അപലപിച്ച അദ്ദേഹം ജയിൽമേധാവിയുമായി സ്ഥിതിഗതികൾ വിലയിരുത്തി. ഇത്തരം സംഭവങ്ങൾ രാജ്യത്തെ ജയിൽ നയം ഉടച്ചുവാർക്കാൻ നിർബന്ധിതമാക്കുമെന്ന് നിയുക്ത പ്രസിഡന്റ് ഗുസ്താവോ പെട്രോ പറഞ്ഞു.
കൊളംബിയയിലെ ജയിലുകളിൽ ഉൾക്കൊള്ളാവുന്നതിലും അധികം തടവുകാരെയാണ് പാർപ്പിച്ചിരിക്കുന്നത്. 81000 പേരുടെ ശേഷിയുള്ളപ്പോൾ 97000 പേരാണ് നിലവിൽ ജയിലുകളിൽ തിങ്ങിക്കഴിയുന്നത്. ആൾതിരക്കും സൗകര്യങ്ങളുടെ കുറവും മൂലം ജയിലിൽ 2020ൽ നടന്ന കലാപത്തിൽ 20 പേർ കൊല്ലപ്പെട്ടിരുന്നു. തുടർന്ന് കോവിഡ് മഹാമാരിക്കാലത്ത് ചില തടവുകാർക്ക് മോചനം നൽകിയിരുന്നു. ലാറ്റിൻ അമേരിക്കയിലെ പല ജയിലുകളും ആൾതിരക്കിൽ ഞെരിയുകയാണ്.
കഴിഞ്ഞ വർഷം എക്വഡോറിലെ ജയിലിലുണ്ടായ ചേരിപ്പോരിൽ നൂറു കണക്കിനാളുകൾ കൊല്ലപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

