Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

റഷ്യൻ സൈന്യത്തിലെത്തിയ 51 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; ബാക്കിയുള്ളവരെ തിരികെ എത്തിക്കാൻ ചർച്ചകൾ തുടരുന്നു

text_fields
bookmark_border
റഷ്യൻ സൈന്യത്തിലെത്തിയ 51 ഇന്ത്യക്കാർ കൊല്ലപ്പെട്ടു; ബാക്കിയുള്ളവരെ തിരികെ എത്തിക്കാൻ ചർച്ചകൾ തുടരുന്നു
cancel

ബിഷ്കെക്/ന്യൂഡൽഹി: റഷ്യൻ സായുധ സേനയിൽ ചേർന്ന ഇന്ത്യൻ പൗരന്മാരിൽ 51 പേർ മരണപ്പെട്ടതായി വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. ആകെ 227 ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിൽ റിക്രൂട്ട് ചെയ്യപ്പെട്ടത്. ഇതിൽ 139 പേരെ ഇതിനകം സൈന്യത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ടെന്നും ബാക്കിയുള്ളവരെ എത്രയും വേഗം വിട്ടയച്ച് നാട്ടിലെത്തിക്കുന്നതിനായി ന്യൂഡൽഹി മോസ്കോയുമായി നിരന്തരം ചർച്ച നടത്തുകയാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കിർഗിസ്ഥാൻ സന്ദർശനവുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം സംഘടിപ്പിച്ച പ്രത്യേക വാർത്താ സമ്മേളനത്തിൽ എ.എൻ.ഐയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.

ബിഷ്കെകിൽ ഷാങ്ഹായ് സഹകരണ സംഘടന ഉച്ചകോടിയുടെ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിനും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്ക് പിന്നാലെയാണ് വിദേശകാര്യ സെക്രട്ടറിയുടെ വിശദീകരണം. ചർച്ചകൾ പല തലങ്ങളിൽ റഷ്യൻ സൈന്യത്തിൽ ഇന്ത്യൻ പൗരന്മാർ റിക്രൂട്ട് ചെയ്യപ്പെട്ട വിഷയം ഇരുരാജ്യങ്ങളും തമ്മിൽ വിവിധ തലങ്ങളിൽ പലതവണ ചർച്ച ചെയ്തിട്ടുണ്ടെന്ന് വിക്രം മിസ്രി പറഞ്ഞു.

‘റഷ്യൻ സൈന്യത്തിൽ നമ്മുടെ പൗരന്മാർ റിക്രൂട്ട് ചെയ്യപ്പെട്ട വിഷയം റഷ്യൻ അധികൃതരുമായി നിരന്തരം സംസാരിക്കുന്നുണ്ട്. ലഭ്യമായ ഏറ്റവും പുതിയ വിവരമനുസരിച്ച് 227 ഇന്ത്യക്കാരാണ് റഷ്യൻ സൈന്യത്തിലെത്തിയത്. ഇതിൽ 139 പേരെ സൈന്യത്തിൽ നിന്ന് ഒഴിവാക്കാൻ സാധിച്ചു. എന്നാൽ നിർഭാഗ്യവശാൽ 51 പേർക്ക് ജീവൻ നഷ്ടമായി’- അദ്ദേഹം അറിയിച്ചു.

മോസ്കോയിലെ ഇന്ത്യൻ എംബസി സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചു വരികയാണ്. ബാക്കിയുള്ള മുഴുവൻ പേരെയും എത്രയും വേഗം സൈന്യത്തിൽനിന്ന് ഒഴിവാക്കി അവരുടെ കുടുംബങ്ങളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാൻ ആവശ്യമായ ചർച്ചകളാണ് റഷ്യൻ പക്ഷവുമായി നടത്തിവരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാപാരം വിപുലമാക്കാൻ ‘ഇന്ത്യൻ എക്സ്പോർട്ടേഴ്സ് ഫോറം’ ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാര രംഗത്തെക്കുറിച്ചും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു. കഴിഞ്ഞ വാർഷിക ഉച്ചകോടിയുടെ ഭാഗമായി ഇന്ത്യയിൽ ‘റഷ്യൻ ഇംപോർട്ടേഴ്സ് ഫോറം’ സംഘടിപ്പിച്ചിരുന്നു. ഇന്ത്യയിൽനിന്ന് കൂടുതൽ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ താൽപര്യമുള്ള വലിയൊരു വിഭാഗം റഷ്യൻ വ്യവസായികൾ അതിൽ സജീവമായി പങ്കെടുത്തു.

ഇതിന് സമാനമായ മാതൃകയിൽ റഷ്യയിൽ നടക്കാനിരിക്കുന്ന അടുത്ത വാർഷിക ഉച്ചകോടിയിൽ ‘ഇന്ത്യൻ എക്സ്പോർട്ടേഴ്സ് ഫോറം’ സംഘടിപ്പിക്കാനാണ് ഇന്ത്യ ലക്ഷ്യമിടുന്നത്.

ഇന്ത്യൻ കയറ്റുമതിക്കാർക്ക് തങ്ങളുടെ ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വ്യാപാരം വൈവിധ്യവത്കരിക്കാനുമുള്ള ആശയങ്ങൾ പങ്കുവെക്കാനും അവസരമൊരുക്കുന്ന അത്തരമൊരു ഫോറം സംഘടിപ്പിക്കുന്നതിൽ സന്തോഷമേയുള്ളൂവെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിൻ വ്യക്തമാക്കിയതായും വിക്രം മിസ്രി മാധ്യമങ്ങളെ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - 51 Indians Killed In Russian Army
Next Story