സ്കോട്ട്ലൻഡിൽ 5,000 വർഷം പഴക്കമുള്ള 'നിർമിത ദ്വീപ്' കണ്ടെത്തി
text_fieldsഎഡിൻബറോ: ചരിത്ര ഗവേഷകരെയും പുരാവസ്തു ശാസ്ത്രജ്ഞരെയും അമ്പരപ്പിച്ചുകൊണ്ട് സ്കോട്ട്ലൻഡിലെ ഒരു തടാകത്തിൽ 5,000 വർഷത്തിലധികം പഴക്കമുള്ള കൃത്രിമ ദ്വീപ് കണ്ടെത്തി. സ്കോട്ട്ലൻഡിലെ ഐൽ ഓഫ് ലൂയിസിലുള്ള 'ലോക്ക് ബോർഗസ്റ്റൈൽ എന്ന തടാകത്തിലാണ് അതിപുരാതനമായ ഈ നിർമിതി കണ്ടെത്തിയത്. പ്രാഗ്ചരിത്ര കാലത്തെ മനുഷ്യരുടെ എൻജിനീയറിങ് മികവിന്റെ ഉത്തമ ഉദാഹരണമാണ് ഈ കണ്ടെത്തൽ.
'ക്രാനോഗ്' എന്നാണ് ഇത്തരം കൃത്രിമ ദ്വീപുകൾ അറിയപ്പെടുന്നത്. കല്ലുകൾ, തടികൾ, മരച്ചില്ലകൾ എന്നിവ ഉപയോഗിച്ച് തടാകങ്ങൾക്കോ നദികൾക്കോ നടുവിൽ നിർമിക്കുന്ന ദ്വീപുകളാണിവ. മുമ്പ് ഇത്തരം നിർമിതികൾ ബി.സി.ഇ 800നോട് അടുത്തുള്ള അയൺ ഏജ് (ഇരുമ്പുയുഗം) കാലഘട്ടത്തിലേതാണെന്നാണ് കരുതിയിരുന്നത്. എന്നാൽ പുതിയ പഠനങ്ങൾ പ്രകാരം ഇവക്ക് അതിനേക്കാൾ ആയിരക്കണക്കിന് വർഷം പഴക്കമുണ്ടെന്ന് തെളിഞ്ഞു.
യൂണിവേഴ്സിറ്റി ഓഫ് സൗതാംപ്ടൺ, യൂണിവേഴ്സിറ്റി ഓഫ് റീഡിങ് എന്നിവിടങ്ങളിലെ ഗവേഷകർ ആധുനിക ഇമേജിങ് സാങ്കേതികവിദ്യയും അണ്ടർവാട്ടർ സർവേയും ഉപയോഗിച്ചാണ് പഠനം നടത്തിയത്. 23 മീറ്റർ വീതിയുള്ള കൂറ്റൻ തടി പ്ലാറ്റ്‌ഫോമിന് മുകളിലാണ് ഈ ദ്വീപ് നിർമിച്ചിരിക്കുന്നത്. തടികളും മരച്ചില്ലകളും അടുക്കിവെച്ച് അടിത്തറയുണ്ടാക്കിയ ശേഷം അതിനു മുകളിൽ കല്ലുകൾ പാകുകയായിരുന്നു.
റേഡിയോ കാർബൺ ഡേറ്റിങ് പരിശോധനയിൽ ഈ ദ്വീപ് ബി.സി.ഇ 3640നും 3360നും ഇടയിൽ നിർമിച്ചതാണെന്ന് കണ്ടെത്തി. അതായത് ലോകപ്രശസ്തമായ 'സ്റ്റോൺഹെഞ്ചി'നേക്കാൾ പഴക്കം ഇതിനുണ്ട്. സ്റ്റോൺഹെഞ്ച് എന്നത് ലോകത്തിലെ ഏറ്റവും പ്രശസ്തവും നിഗൂഢവുമായ ഒരു പുരാതന സ്മാരകമാണ്. ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിലുള്ള സാലിസ്ബറി പ്ലെയിനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഭീമാകാരമായ കല്ലുകൾ വട്ടത്തിൽ അടുക്കിവെച്ച രീതിയിലുള്ള ഒരു നിർമിതിയാണിത്. ഇതിലെ ഓരോ കല്ലിനും ഏകദേശം 25 ടൺ വരെ ഭാരമുണ്ട്.
സ്കോട്ട്ലൻഡിലെ ദ്വീപിന് ചുറ്റും നവീന ശിലായുഗത്തിലെ നൂറുകണക്കിന് മൺപാത്ര കഷ്ണങ്ങൾ കണ്ടെത്തി. ആഘോഷങ്ങൾക്കോ ആചാരങ്ങൾക്കോ വേണ്ടിയാകാം ഈ ദ്വീപ് ഉപയോഗിച്ചിരുന്നതെന്നാണ് കരുതുന്നത്. തടാകത്തിന് നടുവിൽ ഇത്രയും വലിയൊരു ദ്വീപ് നിർമിക്കണമെങ്കിൽ അന്നത്തെ സമൂഹത്തിന് കൃത്യമായ ആസൂത്രണവും നിർമാണ നൈപുണ്യവും ഉണ്ടായിരുന്നുവെന്ന് ഈ കണ്ടെത്തൽ തെളിയിക്കുന്നു.
ബ്രിട്ടനിലെ പുരാതന ഗോത്രവർഗങ്ങളെക്കുറിച്ചുള്ള നിലവിലെ ധാരണകളെത്തന്നെ ഇത് മാറ്റാൻ സാധ്യതയുണ്ട്. സ്കോട്ട്ലൻഡിലും അയർലൻഡിലും സമാനമായ നിരവധി ക്രാനോഗുകൾ ഇനിയും പര്യവേക്ഷണം ചെയ്യപ്പെടാനുണ്ടെന്നും അവക്കും നവീന ശിലായുഗത്തോളം പഴക്കമുണ്ടാകാമെന്നും ഗവേഷകർ വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

