‘ഡങ്കി റൂട്ടി’ലൂടെ അനധികൃതമായി അമേരിക്കയിലേക്ക് കടന്ന 50 യുവാക്കളെ നാടുകടത്തി
text_fieldsഡൽഹി: ‘ഡങ്കി റൂട്ടി’ലൂടെ അനധികൃതമായി അമേരിക്കയിലേക്ക് കടന്ന ഹരിയാനയിലെ 50 യുവാക്കളെ 14 മാസത്തെ ജയിൽ വാസത്തിന് ശേഷം നാടുകടത്തി. ഞായറാഴ്ച ഡൽഹിയിൽ എത്തിയ ഇവരെ കുടുംബങ്ങൾക്ക് കൈമാറിയതായി പൊലീസ് അറിയിച്ചു. 25നും 30നും ഇടയിൽ പ്രായമുള്ള ഇവർ വൻ തുക ഏജന്റുമാർക്ക് നൽകിയാണ് അതിർത്തി കടന്ന് മെക്സിക്കോയിലെത്തിയത്. അവിടുന്ന് പിടിക്കപ്പെടുകയും ശേഷം മാസങ്ങളോളം തടവിലാക്കപ്പെടുകയും ചെയ്തു.
നിയമപരമായി അമേരിക്കയിൽ എത്തിക്കാമെന്ന് പറഞ്ഞ ഏജന്റുമാർ പിന്നീട് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് മടങ്ങിയെത്തിയവർ പറഞ്ഞു. അമേരിക്കയിലെ ജീവിതം സ്വപ്നം കണ്ട് തങ്ങളുടെ കൈയിലുള്ളതെല്ലാം വിറ്റ് പെറുക്കിയാണ് ലക്ഷങ്ങൾ മുടക്കി ഏജന്റുമാർക്കൊപ്പം നാടുകടന്നത്. എന്നാൽ യു.എസ്, യു.കെ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ ആളുകൾ സ്വീകരിക്കുന്ന അപകടകരവും നിയമവിരുദ്ധവുമായ പാതയായ ‘ഡങ്കി’യിലൂടെയായിരുന്നു യാത്ര. ദിവസങ്ങളോളം യാത്ര ചെയ്ത് അമേരിക്കൻ അതിർത്തിയിലെത്തിയ ഇവരെ പൊലീസ് പിടികൂടി തടവിലാക്കുകയായിരുന്നു.
യുവാക്കളിൽ നിന്നും പണം കൈപറ്റിയ ഏജന്റുമാർ ഇവരെ സുരക്ഷിതമായി യു.എസിൽ എത്തിക്കുന്നതിന് മുന്നേ പണവുമായി കടന്നുകളയുകയാണ് ചെയ്തതെന്ന് ആരോപിച്ചു. തുടർന്ന് മാസങ്ങളോളം ജയിലിൽ കിടന്ന ശേഷമാണ് ഇവരെ നാടുകടത്തിയത്. നാടുകടത്തപ്പെട്ട ഇന്ത്യക്കാരെ വഹിച്ചുകൊണ്ടുള്ള വിമാനം ശനിയാഴ്ച രാത്രിയാണ് ഡൽഹിയിൽ എത്തിയത്. തുടർന്ന് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഡൽഹിയിൽ നിന്ന് കർണാലിലേക്ക് കൊണ്ടുവന്ന സംഘത്തെ കുടുംബങ്ങൾക്ക് കൈമാറിയെന്നും കർണാൽ ഡി.എസ്.പി സന്ദീപ് പറഞ്ഞു. ഇവരിൽ 16 പേർ കർണാൽ ജില്ലയിൽ നിന്നും 14 പേർ കൈതലിൽ നിന്നും അഞ്ച് പേർ കുരുക്ഷേത്രയിൽ നിന്നുമുള്ളവരാണ്.
അമേരിക്കയിലേക്ക് അനധികൃതമായി കുടിയേറാൻ ശ്രമിക്കുന്നതിന്റെ അപകടങ്ങളെ കുറിച്ച് നിരന്തരം മുന്നറിയിപ്പുകൾ നൽകിയിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിക്കുന്നത് നാണക്കേടാണെന്ന് പൊലീസ് പറഞ്ഞു. വൻ തുക കൊടുത്ത് നിയമവിരുദ്ധമായി യാത്ര ചെയ്യുമ്പോർ പണത്തോടൊപ്പം ജീവനും അപകടത്തിലാകുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.
യു.എസ്, യുകെ, കാനഡ, യൂറോപ്പ് തുടങ്ങിയ രാജ്യങ്ങളിലേക്ക് പ്രവേശിക്കാൻ ആളുകൾ സ്വീകരിക്കുന്ന അപകടകരവും നിയമവിരുദ്ധവുമായ പാതയാണ് ഡങ്കി. പാനമയിലെയും മെക്‌സിക്കോയിലെയും ദുഷ്‍കരമായ ഭൂപ്രദേശങ്ങളിലൂടെയുള്ള വഴിയാണിത്. ഇതിലൂടെ അതിർത്തി കടക്കാൻ ശ്രമിക്കുന്നത് വളരെയധികം അപകടം പിടിച്ചതാണ്.
വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2025 ജനുവരി മുതൽ എട്ട് സൈനിക, ചാർട്ടർ, വാണിജ്യ വിമാനങ്ങളിലൂടെ ഏകദേശം 2,500 ഇന്ത്യൻ പൗരന്മാരെ യു.എസിൽ നിന്ന് നാടുകടത്തുകയോ തിരിച്ചയക്കുകയോ ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

