മാലദ്വീപിൽ സമുദ്രാന്തര ഗുഹകളിൽ പര്യവേഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം
text_fieldsമാലെ: മാലദ്വീപിലെ സമുദ്രാന്തര ഗുഹകളിൽ പര്യവേഷണം ചെയ്യുന്നതിനിടെ അഞ്ച് ഇറ്റലിക്കാർക്ക് ദാരുണാന്ത്യം. വാവു അറ്റോളിൽ 50 മീറ്റർ താഴ്ചയിൽ സ്ഥിതി ചെയ്യുന്ന സമുദ്രാന്തര ഗുഹകളിൽ ഡൈവിങ്ങിനിടെയാണ് അപകടം. രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഡൈവിങ് അപകടമാണിതെന്ന് പ്രദേശിക അധികൃതർ പറഞ്ഞു. ഒരാളുടെ മൃതദേഹം മാത്രമാണ് ഇതുവരെ കണ്ടെടുത്തത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് മറ്റുള്ളവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
ഇറ്റാലിയൻ സ്വദേശികളായ മോണിക്ക മോണ്ടെഫാൽകോൺ, ജോർജിയ സോമാക്കൽ, ഫെഡറിക്കോ ഗ്വാൾട്ടിയേരി, മുരിയൽ ഒഡെനിനോ, ജിയാൻലൂക്ക ബെനെഡെറ്റി എന്നിവരാണ് അപകടത്തിൽപ്പെട്ടതെന്ന് അധികൃതർ പറഞ്ഞു. ഡ്യൂക്ക് ഓഫ് യോർക്ക് എന്ന ആഡംബര സഫാരി ബോട്ടിൽനിന്നാണ് അഞ്ചംഗ സംഘം കടലിലിറങ്ങിയത്.
അപകടത്തിൽപ്പെട്ട ജിയാൻലൂക്ക ബെനഡെറ്റി ബോട്ടിലെ ഓപ്പറേഷൻസ് മാനേജരാണ്. അദ്ദേഹത്തിന്റെ മൃതദേഹം മാത്രമാണ് കണ്ടെത്തിയത്. ഡൈവിങ്ങിനോട് അഭിനിവേശമുള്ള വ്യക്തിയാണ് 44 കാരനായ ജിയാൻലൂക്ക ബെനഡെറ്റി. 2017ൽ മാലദ്വീപിലേക്ക് താമസം മാറ്റിയ ഇദ്ദേഹം ബോട്ട് ഓപ്പറേഷൻസ് മാനേജരായി ജോലി ചെയ്യുകയായിരുന്നു.
സമുദ്ര ജീവശാസ്ത്രജ്ഞയും ജെനോവ സർവകലാശാലയിൽ ട്രോപ്പിക്കൽ മറൈൻ ഇക്കോളജി ആൻഡ് അണ്ടർവാട്ടർ സയൻസ് പ്രൊഫസറുമാണ് മോണിക്ക മോണ്ടെഫാൽകോൺ. കൂടാതെ മാലിദ്വീപിലെ ദ്വീപ് നിരീക്ഷണ കാമ്പയിനിന്റെ ശാസ്ത്ര ഡയറക്ടറായും സേവനമനുഷ്ഠിച്ചിരുന്നു. മോണിക്ക മോണ്ടെഫാൽകോണിന്റെ മകൾ ജോർജിയ സോമാക്കൽ ഡൈവിങ്ങിനായി അമ്മയോടൊപ്പം എത്തിയതായിരുന്നു.
സമുദ്ര ജീവശാസ്ത്രജ്ഞയും പരിസ്ഥിതി ശാസ്ത്രജ്ഞയുമാണ് 31 വയസ്സുള്ള മുരിയൽ ഒഡെനിനോ. 31 വയസ്സുള്ള ഫെഡറിക്കോ ഗ്വാൾട്ടിയേരി അടുത്തിടെ സർവകലാശാലയിൽ നിന്ന് സമുദ്ര ജീവശാസ്ത്രത്തിലും പരിസ്ഥിതി ശാസ്ത്രത്തിലും ബിരുദം നേടിയിരുന്നു. കൂടാതെ സർട്ടിഫൈഡ് സ്കൂബ ഡൈവിങ് ഇൻസ്ട്രക്ടറുമായിരുന്നു.
നിശ്ചിത സമയം കഴിഞ്ഞിട്ടും ഇവർ തിരിച്ചെത്താത്തതിനെത്തുടർന്ന് ബോട്ടിലെ ജീവനക്കാർ അധികൃതരെ വിവരം അറിയിക്കുകയായിരുന്നു. മാലദ്വീപ് കോസ്റ്റ്ഗാർഡ് നടത്തിയ തെരച്ചിലിനൊടുവിലാണ് സമുദ്രത്തിനടിയിലെ ഗുഹക്കുള്ളിൽനിന്ന് മൃതദേഹം കണ്ടെത്തിയത്. മോശം കാലാവസ്ഥയെ തുടർന്ന് ഗുഹക്കുള്ളിലെ മണൽ ഇളകിയതുമൂലം കാഴ്ചപരിധി കുറഞ്ഞതാടെ വെള്ളത്തടിയിലെ ഗുഹക്കുള്ളിൽ വഴിതെറ്റിയിരിക്കാമെന്ന് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

