ബലൂചിസ്ഥാനിൽ ഭൂകമ്പം; അഞ്ചു പേർക്ക് പരിക്ക്
text_fieldsപെഷാവർ: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ റിക്ടർ സ്കെയിലിൽ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. ഡസനോളം വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു. പ്രാദേശിക സമയം പുലർച്ചെ 3.30 തോടെയാണെന്ന് ഭൂകമ്പമുണ്ടായതെന്ന് പാരാമിലിറ്ററി ഉദ്യോഗസ്ഥൻ തൗഖീർ ഷാ പറഞ്ഞു.
ബാർക്കന് സമീപമുള്ള റാര ഷൈം പ്രദേശത്ത് വീടിന്റെ മേൽക്കൂര തകർന്ന് ദമ്പതികൾ ഉൾപ്പെടെ അഞ്ച് പേർക്ക് പരിക്കേറ്റതായും ബർക്കാനിനടുത്തുള്ള റാര ഷൈം, കിംഗ്രി, വാസ്തു എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടതായും ഷാ പറഞ്ഞു. ബാർക്കൻ പട്ടണത്തിൽ നിന്ന് 60 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് ജിയോളജിക്കൽ സർവേ കണ്ടെത്തി.
2021ൽ പ്രവിശ്യയിലെ ഹർണായി പട്ടണത്തിൽ ഉണ്ടായ ഭൂകമ്പത്തിൽ 20 പേർ മരിക്കുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. 2005 ഒക്ടോബറിൽ, പാകിസ്താന്റെ വടക്കൻ പ്രദേശങ്ങളിൽ ഉണ്ടായ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ 73,000 ത്തിലധികം പേർ കൊല്ലപ്പെടുകയും ഏകദേശം 3.5 ദശലക്ഷം ആളുകൾ ഭവനരഹിതരാകുകയും ചെയ്തു.
പാകിസ്താനിലെ ഏറ്റവും വലിയ നഗരമായ കറാച്ചിയിൽ കഴിഞ്ഞ ജൂണിൽ 2.2 നും 3.5 നും ഇടയിൽ തീവ്രത രേഖപ്പെടുത്തിയ ഒരു ഡസനോളം ഭൂകമ്പങ്ങൾ അനുഭവപ്പെട്ടു. പക്ഷേ, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
അറേബ്യൻ, യൂറോ-ഏഷ്യൻ, ഇന്ത്യൻ എന്നീ മൂന്ന് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകളിൽ സ്ഥിതി ചെയ്യുന്നതിനാൽ പാകിസ്താനിൽ അഞ്ച് ഭൂകമ്പ മേഖലകളുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

