ഗസ്സയിൽ ബോംബ് സ്ഫോടനത്തിൽ അഞ്ച് ഇസ്രായേൽ സൈനികർ കൊല്ലപ്പെട്ടു; 14 പേർക്ക് പരിക്ക്
text_fieldsഗസ്സ: വടക്കൻ ഗസ്സയിൽ ബോംബ് സ്ഫോടനത്തിൽ അഞ്ച് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്കേറ്റു. റോഡരികിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് സംഭവം. മരിച്ചവരിൽ നാല് തിരിച്ചറിഞ്ഞു. സ്റ്റാവ് സർജന്റ് ഷിമോൻ അമാർ, മോശെ നിഷിം ഫ്രഞ്ച്, ബിന്യമിൻ അസുലിൻ, നോം അഷറോൺ മുസ്ഗാദിൻ എന്നിവരാണ് മരിച്ചത്. മരിച്ച അഞ്ചാമന്റെ പേര് വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല.
തിങ്കളാഴ്ച രാത്രി പത്തി മണിയോടെ റോഡകരിൽ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്ന് ഇസ്രായേൽ പ്രതിരോധസേന അറിയിച്ചു. പരിക്കേറ്റവരിൽ രണ്ട് പേരുടെ നിലഗുരുതരമാണെന്നും പ്രതിരോധസേന അറിയിച്ചു.
ഗസ്സ വെടിനിർത്തലുമായി ബന്ധപ്പെട്ട് ദോഹയിൽ കഴിഞ്ഞ ദിവസം ചർച്ച തുടങ്ങിയിരുന്നു. ഇസ്രായേൽ പ്രതിനിധി സംഘം ദോഹയിലെത്തി. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നോട്ടുവെച്ച രണ്ടുമാസത്തെ വെടിനിർത്തൽ നിർദേശത്തിലാണ് ചർച്ച. ഇക്കാലയളവിൽ യുദ്ധവിരാമം സംബന്ധിച്ച് ചർച്ച നടത്തും.
ഇതിനോട് അനുകൂലമായി പ്രതികരിച്ച ഹമാസ്, യുദ്ധവിരാമത്തെക്കുറിച്ചും ഇസ്രായേൽ സൈനികർ ഗസ്സ വിടുന്നത് സംബന്ധിച്ചും ഉറപ്പുലഭിക്കണമെന്ന് ആവശ്യപ്പെട്ടു. ഗസ്സയിൽ ഭക്ഷണ വിതരണം യു.എൻ ഏജൻസിക്ക് കീഴിലാക്കണമെന്നും ഇസ്രായേൽ സൈനിക സാന്നിധ്യം കരാറിൽ അംഗീകരിച്ച ഭാഗങ്ങളിൽ മാത്രമാകണമെന്നും ആവശ്യപ്പെട്ടു.
അതേസമയം, ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു യു.എസ് പ്രസിഡന്റ് ട്രംപുമായി കൂടിക്കാഴ്ചക്ക് വാഷിങ്ടണിലെത്തി. സന്ദർശനത്തിനിടെ ട്രംപിനെ സമാധാന നൊബേലിന് ഇസ്രായേൽ ശിപാർശ ചെയ്തതായി നെതന്യാഹു ട്രംപിനെ അറിയിച്ചിരുന്നു.
നാമനിർദേശത്തിന്റെ പകർപ്പ് വൈറ്റ് ഹൗസിൽ നടന്ന ഡിന്നറിനിടെ നെതന്യാഹു ട്രംപിന് കൈമാറി. അദ്ദേഹം ഒന്നിനെ പിറകെ ഒന്നായി ഒരു മേഖലയിലെ രാജ്യങ്ങളിൽ സമാധാനം കെട്ടിപ്പടുക്കുകയാണെന്ന് നെതന്യാഹു പറഞ്ഞു.
നൊബേൽ കമ്മിറ്റിക്ക് മുന്നാകെ താങ്കളെ നാമനിർദേശം ചെയ്യണമെന്ന് താൻ ആഗ്രഹിക്കുന്നു. സമാധാന നൊബേൽ പുരസ്കാരത്തിന് ട്രംപ് അർഹനാണെന്നും നെതന്യാഹു പറഞ്ഞു. സമാധാന നൊബേലിന് ശിപാർശ ചെയ്ത നെതന്യാഹുവിനോട് ട്രംപ് നന്ദി പറഞ്ഞു. വളരെ അർഥപൂർണമായ നടപടിയാണ് നെതന്യാഹുവിന്റെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും ട്രംപ് കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

