രഹസ്യ പ്ലാറ്റ്ഫോം അടക്കം 44 പ്ലാറ്റ്ഫോമുകൾ, 67 ട്രാക്ക്; ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷന്റെ വിശേഷങ്ങളറിയാം
text_fieldsകൊട്ടാര സദൃശമായ ഒരു റെയിൽവേ സ്റ്റേഷനെക്കുറിച്ച് കേട്ടിട്ടുണ്ടോ? ലോകത്തിലെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ ടെർമിനലായി കണക്കാക്കപ്പെടുന്ന ന്യൂയോർക്കിലെ ഗ്രാൻഡ് സെൻട്രൽ ടെർമിനലിന്റെ വിശേഷങ്ങൾ നിരവധിയാണ്. 1903ൽ തുടങ്ങിയ ഗ്രാൻഡ് ടെർമിനലിൻറെ നിർമാണം പൂർത്തിയാക്കാൻ 10 വർഷമാണ് വേണ്ടി വന്നത്. 1913 ഫെബ്രുവരി രണ്ടിന് ടെർമിനൽ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു.
ആദ്യ ദിനം തന്നെ 1,50,000 ത്തിലധികം ആളുകളാണ് സ്റ്റേഷൻ കാണാൻ എത്തിയത്. ലോകത്തിലെ ഏറ്റവും തിരക്കേറിയതും മനോഹരവുമായ റെയിൽവേ സ്റ്റേഷനുകളിൽ ഒന്നായി ഇത് അറിയപ്പെടാൻ തുടങ്ങി. 44 പ്ലാറ്റ്ഫോമുകളും 67 ട്രാക്കുകളുമുള്ള ടെർമിനൽ ഗിന്നസ് റെക്കോർഡിലും ഇടം പിടിച്ചിട്ടുണ്ട്. 660 മെട്രോ ട്രെയിനുകളും ഇതുവഴി കടന്നുപോകുന്നു. ഏകദേശം 19,000 വസ്തുക്കളാണ് പ്രതിവർഷം സ്റ്റേഷനിൽവച്ച് ആളുകൾക്ക് നഷ്ടപ്പെടുന്നത്. സാധനങ്ങൾ നഷ്ടപ്പെടുന്നവരുടെ പരാതി പരിഹരിക്കുന്നതിനായി ഓഫിസും സ്ഥാപിച്ചിട്ടുണ്ട്. സ്റ്റേഷനിലെ രണ്ട് ട്രാക്കുകൾ ഭൂഗർഭ പാതയാണ് എന്നതാണ് മറ്റൊരു സവിശേഷത.
48 ഏക്കർ വിസ്തൃതിയിൽ വ്യാപിച്ചു കിടക്കുന്ന സ്റ്റേഷൻ കണ്ടാൽ കൊട്ടാരമാണെന്ന് തോന്നിപ്പോകും. അതിമനോഹര നിർമിതി കാണാൻ ദശലക്ഷക്കണക്കിന് ആളുകളാണ് എല്ലാ വർഷവും എത്തുന്നത്. പ്രതിദിനം ഏകദേശം 1,25,000 യാത്രക്കാർ ആശ്രയിക്കുന്ന സ്റ്റേഷനിൽ യാത്രക്കപ്പുറം ഭംഗി ആസ്വദിക്കാനാണ് മിക്കവരും എത്തുന്നത്. ഇവരെ സംബന്ധിച്ചിടത്തോളം ഇത് ഒരു റെയിൽവേ സ്റ്റേഷൻ മാത്രമല്ല, ചരിത്രപരവും സാംസ്കാരികവുമായ ഇടം കൂടിയാണ്.
ഗ്രാൻഡ് സെൻട്രൽ ടെർമിനലിന്റെ ആകർഷണം അതിന്റെ പ്രൗഢിയിൽ മാത്രം പരിമിതപ്പെടുന്നതല്ല. നിരവധി ഹോളിവുഡ് സിനിമകളുടെ പ്രിയപ്പെട്ട ഷൂട്ടിങ് ലൊക്കേഷൻ കൂടിയാണിത്. നിരവധി പ്രശസ്ത സിനിമകൾ ഇവിടെ ചിത്രീകരിച്ചിട്ടുണ്ട്.
പ്രധാന ഹാളിൽ സ്ഥിതിചെയ്യുന്ന, നാലു ദിശകളിൽ നിന്ന് കാണാൻ കഴിയുന്ന ഓപ്പൽ ക്ലോക്കാണ് സ്റ്റേഷന്റെ മറ്റൊരാകർഷണം. ഈ സ്റ്റേഷനിൽ വാൽഡോർഫ് അസ്റ്റോറിയ ഹോട്ടലിന് താഴെ ഒരു രഹസ്യ പ്ലാറ്റ്ഫോം (ട്രാക്ക് 61) സ്ഥിതി ചെയ്യുന്നുണ്ട്. മുൻ യുഎസ് പ്രസിഡന്റ് ഫ്രാങ്ക്ലിൻ ഡി റൂസ് വെൽറ്റിനായി പ്രത്യേകം രൂപകൽപ്പന ചെയ്ത ഈ പ്ലാറ്റ്ഫോം വഴിയാണ് അദ്ദേഹം പുറത്ത് കടന്നിരുന്നത്. ഈ കവാടം പൊതുജനങ്ങൾക്ക് ഇതുവരെ തുറന്ന് നൽകിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

