400 ദശലക്ഷം ഡോളറിന്റെ സഹായം; സൗദി അറേബ്യക്ക് നന്ദി അറിയിച്ച് യുക്രെയ്ൻ സ്ഥാനപതി
text_fieldsഅനറ്റോലി പെട്രെങ്കോ
റിയാദ്: യുക്രെയ്ന് സൗദി അറേബ്യ 40 കോടി ഡോളറിന്റെ മാനുഷികസഹായ പാക്കേജ് പ്രഖ്യാപിച്ചു. തന്റെ രാജ്യത്തോടുള്ള ആഭിമുഖ്യത്തിന് സൗദിയിലെ യുക്രെയ്ൻ അംബാസഡർ അനറ്റോലി പെട്രെങ്കോ നന്ദി അറിയിച്ചു. യുദ്ധത്തിൽ ദുരിതത്തിലായ യുക്രെയ്നിലെ സാധാരണക്കാരുടെ ജീവിത പുനർനിർമാണത്തിന് പാക്കേജ് സഹായകമാകുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
റഷ്യ പിടിച്ചെടുത്ത നാല് പ്രദേശങ്ങളെ അംഗീകരിക്കേണ്ടതില്ലെന്ന യു.എൻ പൊതുസഭയുടെ പ്രമേയത്തിന് അനുകൂലമായി കഴിഞ്ഞ ബുധനാഴ്ച സൗദി അറേബ്യ വോട്ട് ചെയ്തതിനെ പരാമർശിച്ച് 'യുക്രെയ്നിന്റെ പരമാധികാരത്തിനും പ്രദേശിക സമഗ്രതക്കും' വ്യക്തമായ പിന്തുണയാണ് സൗദി നൽകിയതെന്ന് അംബാസഡർ പറഞ്ഞു.അന്താരാഷ്ട്ര നിയമതത്ത്വങ്ങളോടും വ്യവസ്ഥകളോടും സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഇത് കാണിക്കുന്നത്. ഭരണകൂട വിവേകത്തിന്റെയും സൗദി ജനതയുടെ യഥാർഥ സൗഹൃദത്തിന്റെയും യുക്രെയ്നോടുള്ള അനുഭാവത്തിന്റെയും ശക്തമായ സാക്ഷ്യമാണ് ഈ നിലപാടെന്ന് അദ്ദേഹം ദേശീയ മാധ്യമങ്ങളോട് പറഞ്ഞു.
സെപ്റ്റംബറിൽ മുന്നൂറോളം തടവുകാരുടെ മോചനത്തിലേക്ക് നയിച്ച മധ്യസ്ഥശ്രമങ്ങൾക്ക് യുക്രെയ്ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന് നന്ദി അറിയിച്ച കാര്യം അംബാസഡർ അനുസ്മരിച്ചു. കൂടുതൽ തടവുകാരുടെ മോചനത്തിന് വഴിയൊരുക്കാൻ അമീർ മുഹമ്മദ് ബിൻ സൽമാനുമായി ആശയവിനിമയം തുടരുമെന്ന് പ്രസിഡന്റ് സെലൻസ്കി അറിയിച്ചതായി പെട്രെങ്കോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

