ഇറാനെതിരായ ആക്രമണം ട്രംപ് റദ്ദാക്കിയതിന്റെ പിന്നിലെ നാലു പ്രധാന കാരണങ്ങൾ ഇതാണ്
text_fieldsവാഷിങ്ടൺ: ഇറാനെതിരായ സൈനിക ആക്രമണത്തിനുള്ള പദ്ധതികൾ പിൻവലിക്കാൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ പ്രേരിപ്പിച്ച നാല് പ്രധാന ഘടകങ്ങൾ യു.എസ്, ഇസ്രായേൽ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് അമേരിക്കൻ വെബ്സൈറ്റായ ‘ആക്സിയോസ്’ പുറത്തുവിട്ടു.
1. മേഖലയിൽ ആവശ്യത്തിന് സേനയില്ല
മിഡിൽ ഈസ്റ്റിൽ ഒരു ആക്രമണം നടത്താനും ഇറാന്റെ നടപടികളോട് പ്രതികരിക്കാനും ആവശ്യമായ യു.എസ് സേനയും ഉപകരണങ്ങളും മേഖലയിൽ ഇല്ല. 2025 ജൂണിൽ ഇറാനിയൻ ആണവ കേന്ദ്രങ്ങൾക്കെതിരായ യു.എസ് ആക്രമണത്തിനുശേഷം കരീബിയൻ കടൽ, കിഴക്കനേഷ്യ എന്നിവിടങ്ങളിലേക്ക് വൻ തോതിലുള്ള സൈനിക ശേഷിയെ യു.എസ് മാറ്റുകയുണ്ടായി.
2. സഖ്യകക്ഷികളിൽ നിന്നുള്ള മുന്നറിയിപ്പുകൾ
പ്രാദേശിക അസ്ഥിരതയെക്കുറിച്ചുള്ള യു.എസ് സഖ്യകക്ഷികളുടെ മുന്നറിയിപ്പുകളായിരുന്നു രണ്ടാമത്തെ ഘടകം. ജനുവരി 14 ന് നെതന്യാഹു ട്രംപിനെ വിളിച്ച് ആസന്നമായ യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്റെ പ്രതികാര നടപടികളെ പ്രതിരോധിക്കാൻ ഇസ്രായേൽ തയ്യാറല്ലെന്ന് ഊന്നിപ്പറഞ്ഞുവെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ഉപദേഷ്ടാവ് പറഞ്ഞതായി ‘ആക്സിയോസ്’ ഉദ്ധരിച്ചു.
3. ഇസ്രായേൽ മുന്നറിയിപ്പ്
ആക്രമണം മാറ്റിവെക്കാനുള്ള ഇസ്രായേൽ ശിപാർശയായിരുന്നു മൂന്നാമത്തെ കാരണം. ഒരു വലിയ ഓപ്പറേഷനു തയ്യാറെടുക്കുന്നതിനു വേണ്ടി ചെറിയ തോതിലുള്ള ആക്രമണം വിപുലമായ ഇറാനിയൻ പ്രതികരണത്തിന് കാരണമാകുമെന്ന് ചൂണ്ടിക്കാട്ടി ഇസ്രായേൽ ഏതെങ്കിലും പരിമിതമായ യു.എസ് ആക്രമണം വൈകിപ്പിക്കാൻ താൽപര്യപ്പെട്ടതായി ഔദ്യോഗിക ഇസ്രായേൽ സ്രോതസ്സിനെ ഉദ്ധരിച്ച് പറയുന്നു.
4. ‘ബാക്ക് ചാനൽ’ നയതന്ത്രം
വാഷിങ്ടണും തെഹ്‌റാനും തമ്മിലുള്ള ‘ബാക്ക് ചാനൽ’ അഥവാ അനൗദ്യോഗിക-മധ്യസ്ഥതതല ആശയവിനിമയം. പ്രതിഷേധത്തിൽ പങ്കെടുത്ത് പിടിക്കപ്പെട്ടവരുടെ വധശിക്ഷ മാറ്റിവെക്കുമെന്ന് ഉറപ്പു നൽകി ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചി യു.എസിന്റെ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫിന് സന്ദേശം കൈമാറിയതായി യു.എസ് ഉദ്യോഗസ്ഥർ ‘ആക്സിയോസി’നോട് പറഞ്ഞു. പിരിമുറുക്കം കുറക്കുന്നതിനുള്ള നയതന്ത്ര പാതയെക്കുറിച്ചും ഇരുവരും ചർച്ച ചെയ്തുവെന്നും പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

