യമനിലെ പത്ര ഓഫിസിൽ ബോംബിട്ട് ഇസ്രായേൽ; 33 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടു
text_fieldsസനാ: യമൻ തലസ്ഥാനമായ സനായിൽ ഒരു പത്ര ഓഫിനുമേൽ ബോബിട്ട് 33 മാധ്യമപ്രവർത്തകരെ കൊലപ്പെടുത്തി ഇസ്രായേൽ. 22 പേർക്കെങ്കിലും പരിക്കേറ്റതായാണ് റിപ്പോർട്ട്. ‘സെപ്റ്റംബർ’ എന്ന പത്രസ്ഥാപനത്തിനു നേർക്കാണ് ആക്രമണം നടന്നത്. പത്രത്തിന്റെ ഓഫിസ് സമ്പൂർമായി തകർന്നതായി ‘സബാ’ വാർത്താ ഏജൻസി പറഞ്ഞു.
‘സത്യത്തിന്റെ ശബ്ദം നിശബ്ദമാക്കാൻ ലക്ഷ്യമിട്ടുള്ള ആക്രമണ പരമ്പരയുടെ ഭാഗമാണിതെ’ന്ന് യമനിലെ മാധ്യമ പ്രസാധകർ സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. ആക്രമണത്തെ ഹീനമായ കുറ്റകൃത്യമെന്ന് അപലപിച്ച അവർ, അടിയന്തരമായി ഇടപെടാൻ ഐക്യരാഷ്ട്രസഭയോടും സുരക്ഷാ കൗൺസിലിനോടും ലോക മാധ്യമ സമൂഹത്തോടും ആശ്യപ്പെട്ടു.
യമനിലെ ഇറാൻ പിന്തുണയുള്ള വിമതരെ ഇസ്രായേൽ നിരന്തരം ഉന്നമിട്ടു വരികയാണ്. പുന:രുപയോഗിക്കാൻ കഴിയാത്ത വിധം കെട്ടിടങ്ങൾ ബോബിട്ടു നശിപ്പിക്കുന്നത് പതിവാണ്.
ഇസ്രായേലിനെതിരായ സമീപകാല മിസൈൽ, ഡ്രോൺ ആക്രമണങ്ങൾക്ക് മറുപടിയായി തലസ്ഥാനമായ സനായിലെയും അൽ-ജാവ്ഫ് പ്രവിശ്യയിലെയും ലക്ഷ്യങ്ങൾ ആക്രമിച്ചതായി ഇസ്രായേൽ സൈന്യം പറഞ്ഞു. അതിൽ ഹൂതികളുടെ സൈനിക പബ്ലിക് റിലേഷൻസ് ആസ്ഥാനവും ഉൾപ്പെടുന്നുവെന്നും അവർ പറഞ്ഞു. ഇസ്രായേലിനെതിരെ ആക്രമണം ആസൂത്രണം ചെയ്യാൻ ഹൂതികൾ സൈനിക ക്യാമ്പുകൾ ഉപയോഗിച്ചിരുന്നുവെന്നും കൂട്ടിച്ചേർത്തു.
‘കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, തീവ്രവാദികളായ ഹൂതി സർക്കാറിന്റെ മിക്ക അംഗങ്ങളെയും ഞങ്ങൾ ഇല്ലാതാക്കി. ഇന്ന് ഞങ്ങൾ അവരെ വീണ്ടും ആക്രമിച്ചു. ഞങ്ങൾ ഇനിയും ആക്രമണം തുടരും. ഞങ്ങളെ ആക്രമിക്കുന്നവർ ആരായാലും ഞങ്ങൾ അവരെ സമീപിക്കും’ -ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു മധ്യ ഇസ്രായേലിൽ നടന്ന ഒരു പരിപാടിയിൽ പറഞ്ഞു. ഇത് തങ്ങളുടെ ദൃഢനിശ്ചയത്തെ ദുർബലപ്പെടുത്തിയില്ലെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

